Markets

പ്രതീക്ഷ 360 ഡിഗ്രിയില്‍, മൂന്നാം ദിവസവും കച്ചവടം ലാഭം, ഒറ്റ ദിവസം കൊണ്ട് മൂന്നു ലക്ഷം കോടി വളര്‍ന്ന് ഓഹരി വിപണി, പറന്നു പൊങ്ങി കിറ്റെക്‌സ്

ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലായെങ്കിലും യു.എസ് തീരുവ ആഭ്യന്തര വിപണിയെ അധികം ബാധിക്കില്ലെന്ന സൂചനയാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് തുണയായത്

Muhammed Aslam

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലാഭക്കച്ചവടം. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഹെവി വെയ്റ്റ് ബാങ്കിംഗ് ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. ആഗോള വ്യാപാര സൂചനകള്‍ മോശമായിരുന്നില്ലെങ്കില്‍ വിപണി കൂടുതല്‍ ഉയരങ്ങളിലെത്തുമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുഖ്യ സൂചികയായ സെന്‍സെക്‌സ് 309 പോയിന്റ് (0.40%) നേട്ടത്തില്‍ വ്യാപാരാന്ത്യം 77,044.29 എന്ന നിലയിലെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ വിപണി മൂല്യം 412 ലക്ഷം കോടി രൂപയില്‍ നിന്നും 415 ലക്ഷം കോടി രൂപയായി. ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് മൂന്ന് ലക്ഷം കോടി രൂപ. നിഫ്റ്റിയാകട്ടെ 109 പോയിന്റുകള്‍ (0.47%) ഉയര്‍ന്ന് 23,437.20 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം നിറുത്തിയത്. നിഫ്റ്റി മിഡ്ക്യാപ് 0.71 ശതമാനവും സ്‌മോള്‍ ക്യാപ് 1.05 ശതമാനവും നേട്ടമുണ്ടാക്കി.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് എന്നിവ ഒഴിച്ചുള്ള സൂചികകളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ബാങ്കിംഗ് ഓഹരികള്‍ ആയിരുന്നു ഇന്നത്തെ താരങ്ങള്‍. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 2.37 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 1.74 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.41 ശതമാനവും നേട്ടത്തിലായി. ഇതിന് പുറമെ നിഫ്റ്റി മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകളും ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Donald Trump

ഇന്ത്യന്‍ വിപണി നേട്ടത്തിലായതെങ്ങനെ?

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ആഗോള വിപണി സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ തുടരുന്ന ആശങ്ക ഇന്ന് പ്രധാന യൂറോപ്യന്‍, ഏഷ്യന്‍ വിപണികളെ രണ്ട് ശതമാനത്തോളം നഷ്ടത്തിലാക്കിയിരുന്നു. ആഗോള താരിഫ് യുദ്ധം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണെങ്കിലും ഇന്ത്യന്‍ ആഭ്യന്തര വിപണിയെ സാരമായി ബാധിക്കില്ലെന്ന സൂചനയാണ് ഇന്ത്യന്‍ വിപണിക്ക് തുണയായത്. ചൈനയുടെ മേലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം എത്തിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കയുമായി തുടരുന്ന ചര്‍ച്ചകളിലൂടെ ഇന്ത്യക്ക് മേലുള്ള തീരുവഭാരം കുറക്കുമെന്നും വിപണിക്ക് പ്രതീക്ഷയുണ്ട്. ചില്ലറ നാണ്യപ്പെരുപ്പം അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നത്, മികച്ച വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കാമെന്ന റിപ്പോര്‍ട്ടുകള്‍, മികച്ച മണ്‍സൂണ്‍ പ്രവചനങ്ങള്‍ എന്നിവയും വിപണിയുടെ കുതിപ്പിന് കാരണമായെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ രണ്ടിന് ഡൊണാള്‍ഡ് ട്രംപ് തത്തുല്യ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നഷ്ടം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണി തിരിച്ചുപിടിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ വിപണികളിലൊന്നാണ് ഇന്ത്യയുടേത്. അതേസമയം, അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന ഐ.ടി, ഫിനാന്‍ഷ്യല്‍ കമ്പനികളുടെ നാലാം പാദ ഫലം എന്താകുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രതയിലാണ്.

ലാഭവും നഷ്ടവും

ഹരിത ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളുടെയും ഓഹരികള്‍ ഇന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഇതിന്റെ ചുവട് പിടിച്ച് 6.95 ശതമാനം നേട്ടമുണ്ടാക്കിയ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ലാഭക്കണക്കില്‍ മുന്നിലെത്തിയത്. മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി (ഐ.ആര്‍.ഇ.ഡി.എ)യുടെ ഓഹരികളും ലാഭക്കണക്കില്‍ മുന്നിലെത്തി. ഇന്ന് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച ബാങ്കിംഗ് ഓഹരികളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്.

ഉദര രോഗങ്ങള്‍ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട പേറ്റന്റ് കേസില്‍ യു.എസ് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ കമ്പനിയായ ലുപിന്‍ ലിമിറ്റഡാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. സോന ബി.എല്‍.ഡബ്ല്യൂ പ്രിസിഷ്യന്‍ ഫോര്‍ജിംഗ്‌സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ഭാരത് ഫോര്‍ജ് തുടങ്ങിയ കമ്പനികളും ഇന്ന് വലിയ നഷ്ടം നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം

അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്‌സ്

കേരള കമ്പനികള്‍ക്കും ഇന്ന് ഭേദപ്പെട്ട ദിവസമായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളായിരുന്നു ഇന്നത്തെ ശ്രദ്ധാകേന്ദ്രം. ഓഹരിയൊന്നിന് 229.26 രൂപയുണ്ടായിരുന്ന കിറ്റെക്‌സ് 5 ശതമാനം ഉയര്‍ന്ന് 240.72 രൂപയിലാണ് വ്യാപാരം നിറുത്തിയത്. ആഡ്‌ടെക് സിസ്റ്റംസ്, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ബി.പി.എല്‍, സെല്ല സ്‌പേസ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പോപ്പീസ് കെയര്‍, പ്രൈമ അഗ്രോ, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

കേരള ആയുര്‍വേദ, പോപ്പീസ് കെയര്‍, സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, ടി.സി.എം, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT