Markets

ജി.എസ്.ടി പരിഷ്കരണത്തിന്റെ പ്രതീക്ഷയില്‍ മുന്നേറി വിപണി; നിക്ഷേപകര്‍ക്ക് നേട്ടം ₹ 6 ലക്ഷം കോടി, വാഹന, ഇന്‍ഷുറന്‍സ് ഓഹരികള്‍ നേട്ടത്തില്‍

ഓട്ടോ സൂചിക 4 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾ സൂചിക 3 ശതമാനവും റിയൽറ്റി 2 ശതമാനവും ഉയർന്നു

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനത്തെ പോസറ്റീവായി സ്വീകരിച്ച് വിപണി. സെൻസെക്സ് 0.84 ശതമാനം (676 പോയിന്‍റ്) ഉയർന്ന് 81,273.75 ലും നിഫ്റ്റി ഒരു ശതമാനം (246 പോയിന്‍റ്) ഉയർന്ന് 24,876.95 ലും ക്ലോസ് ചെയ്തു. 12 ശതമാനവും 28 ശതമാനവും നികുതി നിരക്കുള്ള മിക്ക ഉൽപ്പന്നങ്ങളും സേവനങ്ങളും യഥാക്രമം 5 ശതമാനവും 18 ശതമാനവും സ്ലാബുകളിലേക്ക് മാറ്റപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടതിന് ശേഷം യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ട്രംപ്-പുടിൻ കൂടിക്കാഴ്ച ഒരു ഉറച്ച കരാറില്ലാതെ അവസാനിച്ചെങ്കിലും ട്രംപ്-സെലെൻസ്‌കി ചര്‍ച്ചയില്‍ അനുകൂല ഫലം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത് പുതിയ ആഗോള ഫണ്ടുകൾക്ക് വാതിൽ തുറക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള ദ്വിതീയ തീരുവകൾ അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ പുനർവിചിന്തനം നടത്തുമെന്ന് ട്രംപ് സൂചന നൽകിയതും വിപണിക്ക് ഊര്‍ജം പകര്‍ന്നു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 445 ലക്ഷം കോടി രൂപയായിരുന്നത് 451 ലക്ഷം കോടി രൂപയിലധികമായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ 6 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

ഐടി, മീഡിയ, ഊര്‍ജം എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ സൂചിക 4 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾ സൂചിക 3 ശതമാനവും റിയൽറ്റി 2 ശതമാനവും ഉയർന്നു.

മെറ്റൽ, എഫ്എംസിജി, ടെലികോം, സ്വകാര്യ ബാങ്ക് എന്നിവ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ജിഎസ്ടി പരിഷ്കരണത്തിന് സാധ്യതയുളളതായ റിപ്പോര്‍ട്ടുകള്‍ വാഹന, ഇന്‍ഷുറന്‍സ് ഓഹരികളെ ഉയര്‍ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വില 9 ശതമാനത്തോളം ഉയർന്നു. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾ, കോംപാക്റ്റ് കാറുകൾ, ഹൈബ്രിഡുകൾ എന്നിവയുടെ ജിഎസ്ടി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്ക് ശേഷം ഓഹരി അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വർധനവ് രേഖപ്പെടുത്തി. ഓഹരി 14,090 രൂപയില്‍ ക്ലോസ് ചെയ്തു.

ആരോഗ്യ, ലൈഫ് ഇൻഷുറൻസിനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) 5% ആയി കുറയ്ക്കുകയോ പൂർണ്ണമായ ഇളവ് നൽകുകയോ ചെയ്യുമെന്ന പ്രതീക്ഷകൾക്കിടയില്‍ ഇന്ന് നിവ ബുപ, സ്റ്റാർ ഹെൽത്ത്, ഐസിഐസിഐ ലോംബാർഡ് എന്നിവയുടെ ഓഹരികൾ ഉയർന്നു.

നെസ്‌ലെ, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

40 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ നസാര ടെക്നോളജീസും ഡെൽറ്റ കോർപ്പും 2 ശതമാനം വീതം ഇടിഞ്ഞു. നസാര ടെക്നോളജീസ് 1,389 രൂപയിലും ഡെൽറ്റ കോർപ്പ് 83 രൂപയിലും ക്ലോസ് ചെയ്തു.

ഐടിസി, ടെക് മഹീന്ദ്ര, എറ്റേണൽ, എൽ ആൻഡ് ടി, എൻ‌ടി‌പി‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

കിറ്റെക്സ് നേട്ടത്തില്‍

കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ ഇരട്ട താരിഫ് ഒഴിവാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൂചന നല്‍കിയതും ജി.എസ്.ടിയില്‍ കുറവുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും കിറ്റെക്‌സ് ഗാര്‍മെന്റ്സ് ഉള്‍പ്പെടെയുള്ള വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് ഊര്‍ജം പകര്‍ന്നു. കിറ്റെക്സ് ഓഹരി 5 ശതമാനം ഉയര്‍ന്ന് 179 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിന്‍ 4.79 ശതമാനവും അപ്പോളോ ടയേഴ്സ് 5.97 ശതമാനവും നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

പോപ്പീസ് കെയര്‍ 4.99 ശതമാനം നഷ്ടത്തില്‍ 31.61 രൂപയിലാണ് ക്ലോസ് ചെയ്തത്. കല്യാണ്‍ ജുവലേഴ്സ് (-2.53%), കേരള ആയുര്‍വേദ (-0.43%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.

Stock market closing analysis 18 August 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT