ഇടിവുകള്‍ മാത്രം കണ്ട ദിവസങ്ങള്‍ക്കൊടുവില്‍ ട്രാക്കിലേക്ക് കയറിയ ഇന്ത്യന്‍ ഓഹരി വിപണി സ്ഥിരത കൈവരിക്കുന്നു. തുടര്‍ച്ചയായ നാലാംദിവസവും നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കാനായത് നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്തിക്കാനും സാധിച്ചു. ഇന്ന് 76,348.06 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 899.02 പോയിന്റ് (1.19 ശതമാനം) നേട്ടം. നിഫ്റ്റി 283.05 പോയിന്റ് ഉയര്‍ന്ന് 23,190.65ലും ദിവസം അവസാനിപ്പിച്ചു.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും വിപണിക്കും ഗുണം ചെയ്തു. ഇന്ന് ഒരുഘട്ടത്തില്‍ 1,000 പോയിന്റോളം സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. നിക്ഷേപകരുടെ സമ്പത്തില്‍ മൂന്നു ലക്ഷം കോടിയുടെ വര്‍ധന ഇന്നുണ്ടായി.
വിദേശ നിക്ഷേപകര്‍ കളംവിട്ടെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ മേന്മയേറിയ ഓഹരികളില്‍ നിക്ഷേപിക്കുന്നത് തുടരുന്നുണ്ട്. ഡിസംബര്‍ പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലം മോശമായിരുന്നെങ്കിലും സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നുവെന്ന സൂചനയും നിക്ഷേപകരെയും വിപണിയെയും സന്തോഷിപ്പിക്കുന്നു.
ഇന്നെല്ലാ സൂചികകളും സമ്പൂര്‍ണ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്.എം.സി.ജി സൂചികയില്‍ 1.29 നേട്ടമുണ്ടായത് സാമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് തിരിച്ചു വരുന്നുവെന്ന സൂചനയായി വ്യാഖ്യാനിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ് (1.59), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (1.15) സൂചികകളും മികച്ച പ്രകടനം നടത്തി.
ഇന്ന് ഏറ്റവും നേട്ടം കൊയ്ത ഓഹരികളിലൊന്ന് ഭാരത് ഫോര്‍ജ് ആണ്. 4.89 ശതമാനം ഉയര്‍ന്നാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇന്നെടുത്ത തീരുമാനങ്ങളിലൊന്നാണ് ഫോര്‍ജിന് കരുത്തായത്. പുതിയ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി 7,000 കോടി രൂപയുടെ ഇടപാടിന് സുരക്ഷയ്ക്കായുള്ള മന്ത്രിതല കമ്മിറ്റി സമിതി അംഗീകാരം നല്കിയിരുന്നു. ഈ 7,000 കോടി രൂപയുടെ കരാറിന്റെ 60 ശതമാനവും ഭാരത് ഫോര്‍ജിന് ലഭിക്കുമെന്ന സൂചനയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഫീനിക്‌സ് മില്‍സ് (4.78 ശതമാനം) ഇന്നും കരുത്തോടെ മുന്നോട്ടു പോയി. മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (4.29), മാന്‍കൈന്‍ഡ് ഫാര്‍മ, ഭാരതി എയര്‍ടെല്‍ ഓഹരികളും ഇന്ന് നേട്ടത്തില്‍ അവസാനിപ്പിച്ചു.
6.19 ശതമാനം ഇടിവു നേരിട്ട പോളിക്യാബ് ഇന്ത്യ ഓഹരികള്‍ക്ക് ഇന്ന് ഏറെ തിരിച്ചടി നേരിടേണ്ടി വന്നത്. അദാനി ഗ്രൂപ്പ് വയര്‍ ആന്‍ഡ് കേബിള്‍ രംഗത്തേക്കും കടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് പോളിക്യാബ് ഇന്ത്യ ഓഹരികളെ സമ്മര്‍ദത്തിലാക്കിയത്. പേടിഎമ്മിനും ഇന്ന് നിരാശയുടേതായി. ഓഹരികള്‍ 3.92 ശതമാനത്തോളം ഇടിഞ്ഞു.
ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് കേരള കമ്പനികള്‍ നടത്തിയത്. സ്‌കൂബീഡേ ഗാര്‍മെന്റ്‌സാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 4.29 ശതമാനം ഉയരാന്‍ ഓഹരികള്‍ക്കായി. എന്നാല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക് ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല. മണപ്പുറം ഫിനാന്‍സ് 1.67 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് 1.34 താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine