Markets

ലാഭമെടുപ്പില്‍ കടുംചുവപ്പിലേക്ക് വീണ് വിപണി; കൊച്ചിൻ ഷിപ്പ്‌യാർഡ്, മാരുതി സുസുക്കി, മുത്തൂറ്റ് ഫിനാന്‍സ് നഷ്ടത്തില്‍, മുന്നേറ്റവുമായി കിംഗ്സ് ഇന്‍ഫ്രാ

നിഫ്റ്റി ഓട്ടോ 2.17 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി

Dhanam News Desk

വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പിന് ശ്രമിച്ചതാണ് വിപണി ഇന്നും നഷ്ടത്തിലേക്ക് വീഴാനുളള കാരണം. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറില്‍ വ്യക്തത ഉണ്ടാകുന്നതുവരെ നിക്ഷേപകര്‍ ജാഗ്രതയോടെയുളള സമീപനം തുടരുമെന്നാണ് കരുതുന്നത്. നിലവിലെ ഉയർന്ന മൂല്യനിർണയം വിപണിയുടെ നേട്ടത്തിനെ നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പോസിറ്റീവ് ട്രിഗറുകളുടെ അഭാവം വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജൂണിൽ നടക്കാനിരിക്കുന്ന ആർബിഐയുടെയും യുഎസ് ഫെഡറൽ റിസർവിന്റെയും നയ അവലോകന യോഗങ്ങള്‍ വിപണിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ വിദേശ നിക്ഷേപകർ (FII) ക്യാഷ് വിഭാഗത്തിൽ 525.95 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. യു.എസുമായുള്ള വ്യാപാര കരാറിനെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ നിരക്ക് കുറയ്ക്കലിനെയും തുടർന്ന് ചൈനീസ് വിപണിയില്‍ പ്രതീക്ഷ മെച്ചപ്പെടുന്ന സാഹചര്യമാണ് ഉളളത്. ഇത് വിദേശ മൂലധനം കുറച്ചുകാലത്തേക്ക് ചൈനയിലേക്ക് തിരിച്ചുവിടാൻ ഇടയാക്കുമെന്നും വിദഗ്ധർ കരുതുന്നു. ഹ്രസ്വകാല പ്രതിഭാസവുമാകാമെങ്കിലും ഇത് ആഭ്യന്തര വിപണിയിൽ സമ്മർദ്ദങ്ങൾ ചെലുത്തുമെന്നാണ് കരുതുന്നത്.

സെൻസെക്സ് 1.06 ശതമാനം ( 872.98 പോയിന്റ്) ഇടിഞ്ഞ് 81,186.44 ലും നിഫ്റ്റി 1.05 ശതമാനം ( 261.55 പോയിന്റ്) ഇടിഞ്ഞ് 24,683.90 ലും ക്ലോസ് ചെയ്തു.

ശക്തമായ ലാഭമെടുപ്പിനെ തുടര്‍ന്ന് ഓട്ടോമൊബൈൽ, ഹെല്‍ത്ത് കെയര്‍, മീഡിയ, ഫിനാന്‍ഷ്യന്‍ സര്‍വീസസ് തുടങ്ങിയ മേഖലകള്‍ വലിയ നഷ്ടം രേഖപ്പെടുത്തി. എല്ലാ മേഖലകളും ഇന്ന് ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഓട്ടോ 2.17 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി.

നിഫ്റ്റി മിഡ് ക്യാപ് 1.62 ശതമാനത്തിന്റെയും സ്മാള്‍ ക്യാപ് 0.94 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാർച്ച് പാദത്തിൽ 10 ​​ശതമാനം വാർഷിക വളർച്ചയോടെ ലാഭം 1,561 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13 ശതമാനം ഉയർന്ന് 25,116 കോടി രൂപയായി. മികച്ച ഫലങ്ങളെ തുടര്‍ന്ന് കമ്പനി ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി 1.16 ശതമാനം ഉയര്‍ന്ന് 666 രൂപയില്‍ ക്ലോസ് ചെയ്തു.

ഡി.എൽ.എഫ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 9 ശതമാനം വർധനയാണ് ഓട്ടോ മേഖല രേഖപ്പെടുത്തിയത്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ ഫലപ്രദമായി കുറയ്ക്കുന്ന വ്യാപാര കരാറിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ട്രംപ് സൂചന നൽകിയതാണ് ഈ മേഖലയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജം പകര്‍ന്നത്. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതോടെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലയായി ഇത് ചൊവ്വാഴ്ച മാറി. ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികൾ 1.5 ശതമാനത്തിലധികം ഇടിഞ്ഞു.

നഷ്ടത്തിലായവര്‍

നിറ്റാ ജെലാറ്റിന്‍ ഇടിവില്‍

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ചൊവ്വാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ നഷ്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി 7.98 ശതമാനം നഷ്ടത്തില്‍ 1824 രൂപയിലാണ് ക്ലോസ് ചെയ്തത്.

കേരളാ ഓഹരികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍സ് (2.56%), പോപ്പുലര്‍ വെഹിക്കിള്‍സ് (2.68%), ടോളിന്‍സ് ടയേഴ്സ് (2.14%), നിറ്റാ ജെലാറ്റിന്‍ (2.02%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (6.92%), കിറ്റെക്സ് ഗാര്‍മെന്റ്സ് (3.46%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (5.30%), ഹാരിസണ്‍സ് മലയാളം (3.95%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis 20 may 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT