Markets

നഷ്ട പരമ്പര തുടരുന്നു, വിപണി ചുവപ്പിൽ; മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിറ്റെക്സ് നഷ്ടത്തിൽ, മുന്നേറ്റവുമായി വി ഗാര്‍ഡ്

വിശാല വിപണിയില്‍ നിഫ്റ്റി മെറ്റല്‍ ഒഴികെ എല്ലാ സൂചികകളും ചുവപ്പു വെളിച്ചം കണ്ടു

Sutheesh Hariharan

ഇന്ത്യന്‍ വിപണിക്ക് തുടര്‍ച്ചയായ നാലാം ദിവസവും നഷ്ട ദിനം. ആഗോള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുളള ആശങ്കയും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) പുറത്തേക്കുളള ഒഴുക്കുമാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. ഇലക്ട്രിക് വാഹന ഇറക്കുമതി തീരുവയിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ടുകള്‍ മൂലം ഓട്ടോമൊബൈൽ ഓഹരികള്‍ ഇടിഞ്ഞത് വിപണിയെ പ്രതിസന്ധിയിലാക്കി.

ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 15 ശതമാനമായി സർക്കാർ കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകളുളളത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നഷ്ടത്തിൽ മുന്നില്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മിനിറ്റുകളുടെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളും വിപണിയെ സ്വാധീനിച്ചു.

സെൻസെക്സ് 0.56 ശതമാനം (424.90 പോയിന്റ്) ഇടിഞ്ഞ് 75,311.06 ലും നിഫ്റ്റി 0.51 ശതമാനം (117.25 പോയിന്റ്) ഇടിഞ്ഞ് 22,795.90 ലും എത്തി.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി മെറ്റല്‍ ഒഴികെ എല്ലാ സൂചികകളും ചുവപ്പു വെളിച്ചം കണ്ടു. നിഫ്റ്റി മിഡ്ക്യാപ് 1.32 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ 2.58 ശതമാനം ഇടിവുമായി നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു.

നിഫ്റ്റി മെറ്റല്‍ 1.02 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഓഹരിയുടെ റേറ്റിംഗ് നിലനിർത്തിയതിനെത്തുടർന്ന് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരികൾ തുടർച്ചയായി നാലാം സെഷനിലും നേട്ടം കൈവരിച്ചു. ബ്രോക്കറേജ് 545 രൂപയാണ് ലക്ഷ്യ വിലയായി നല്‍കിയിരിക്കുന്നത്. ഓഹരി ഏകദേശം 6 ശതമാനം ഉയര്‍ന്ന് 496 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഹിൻഡാൽകോ 2.09 ശതമാനവും ടാറ്റ സ്റ്റീൽ 1.85 ശതമാനവും നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ട്യൂബ്രോ, എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് എന്നിവയും യഥാക്രമം 1.63 ശതമാനം, 1.21 ശതമാനം, 0.73 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.

നേട്ടത്തിലായവര്‍

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികൾ 6 ശതമാനത്തോളം ഇടിഞ്ഞു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്. ഇലക്ട്രിക് വാഹന മേഖലയിലെ വർദ്ധിച്ചു വരുന്ന മത്സരം, ഓഹരി വിലയുടെ അമിത മൂല്യനിർണ്ണയം, രണ്ട് അനുബന്ധ സ്ഥാപനങ്ങളിലെ റൈറ്റ്സ് ഇഷ്യുകളില്‍ നിക്ഷേപിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ തുടങ്ങിയവയും ഓഹരി നഷ്ടത്തിലാകാനുളള കാരണങ്ങളാണ്. ഓഹരി 2,663 രൂപയിലാണ് ക്ലോസ് ചെയ്തത്.

അദാനി പോർട്ട്‌സും ബിപിസിഎല്ലും 2.67 ശതമാനം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ് 2.52 ശതമാനവും അദാനി എന്റർപ്രൈസസ് 2.48 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

നഷ്ടത്തിലായവര്‍

കേരളാ ആയുര്‍വേദയ്ക്ക് മികച്ച പ്രകടനം

കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 4.16 ശതമാനം നേട്ടത്തില്‍ 344 രൂപയിലാണ് ക്ലോസ് ചെയ്തത്. കേരളാ ആയുര്‍വേദ (4.20%), നിറ്റാ ജെലാറ്റിന്‍ (3.49%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (3.21%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരളാ കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.66 ശതമാനം നേട്ടത്തിലും ഫാക്ട് 1.59 ശതമാനം നഷ്ടത്തിലും ക്ലോസ് ചെയ്തു.

കിറ്റെക്സ് ഗാര്‍മെന്റ്സ് 5 ശതമാനം ഇടിവോടെ നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 190 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് (3.30%), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.83%), റബ്ഫിലാ (4.01%) ഓഹരികള്‍ നഷ്ടത്തോടെയാണ് വെളളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT