തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. വിദേശ നിക്ഷേപകര്‍ തിരികെ എത്തുന്നതും സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയില്‍ ആയതുമാണ് പ്രധാന കാരണം. ഇന്ത്യന്‍ രൂപ നേട്ടം തുടരുന്നതും നിക്ഷേപകരുടെ വിശ്വാസത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
രാവിലെ നേരിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഇരുസൂചികകളും അധികം വൈകാതെ നേട്ടത്തിലേക്ക് മാറുകയായിരുന്നു. പ്രധാന സൂചികയായ സെന്‍സെക്‌സ് 557.45 പോയിന്റുകള്‍ (0.73 ശതമാനം) മുന്നേറി 76,905.51 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ 25 കമ്പനികളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 159.75 പോയിന്റുകള്‍ (0.69 ശതമാനം) ഉയര്‍ന്ന് 23,350.40 എന്ന നിലയിലുമെത്തി. ഇരുസൂചികകളും ഈ ആഴ്ച ശരാശരി 4.3 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ വിപണിയുടെ മികച്ച ആഴ്ച പ്രകടനമാണിത്. മികച്ച വാങ്ങല്‍ പ്രവണത വിപണിയില്‍ ദൃശ്യമായതിന്റെ സൂചനയാണിത്.
വിശാലവിപണിയും ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 1.4 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ് 2.06 ശതമാനവും ഉയര്‍ന്നു. വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മെറ്റല്‍, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴിച്ചുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ്. 2.20 ശതമാനം ഉയര്‍ന്ന നിഫ്റ്റി മീഡിയയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ ഇടിവ്, ലാര്‍ജ് ക്യാപ് ഓഹരികളുടെ വാല്യൂവേഷന്‍ അനുകൂലമാക്കിയതോടെ, കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിച്ചു. തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ത്യന്‍ രൂപ നേട്ടം തുടര്‍ന്നത് വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം കുറക്കാനും സഹായിച്ചു. ലാര്‍ജ് ക്യാപ് ഓഹരികള്‍ മികച്ച നിക്ഷേപ അവസരം ഒരുക്കുന്നതിനാല്‍ വിപണിയിലെ നേട്ടം അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നുണ്ട്. യു.എസ് ഫെഡ് നിരക്കുകള്‍ ഇക്കൊല്ലം രണ്ടു തവണ കൂടി കുറക്കുമെന്ന സൂചനകളും വിപണിക്ക് അനുകൂലമായി.
മംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ഓഹരികളാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. സ്വകാര്യവത്കരണ നടപടികള്‍ അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന വാര്‍ത്തകളാണ് ഐ.ഡി.ബി.ഐ ഓഹരികളെ എട്ട് ശതമാനത്തോളം ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാരിന്റെയും എല്‍.ഐ.സിയുടെയും കൈവശമുള്ള 61 ശതമാനം ഓഹരികളാണ് വിറ്റഴിക്കാന്‍ പോകുന്നത്. ബി.എസ്.ഇ, മാന്‍കൈന്‍ഡ് ഫാര്‍മ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ ഓഹരികളും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്. സുസ്‌ലോണ്‍ എനര്‍ജി, വോള്‍ട്ടാസ്, ഹിന്ദുസ്ഥാന്‍ സിങ്ക്, പോളികാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.
അമേരിക്കന്‍ ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍ വമ്പന്‍ നിക്ഷേപം നടത്തിയ മണപ്പുറം ഫിനാന്‍സ് തന്നെയായിരുന്നു ഇന്നത്തെ കേരള കമ്പനികളിലെ ശ്രദ്ധാകേന്ദ്രം. 217.5 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരിവില 7.77 ശതമാനം വര്‍ധിച്ച് 234.4 രൂപയിലെത്തി. അതേസമയം, കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ മുന്നിലെത്തിയത് ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സാണ്. 9.44 ശതമാനമാണ് കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത്. ഹാരിസണ്‍ മലയാളം, മുത്തൂറ്റ് മൈക്രോഫിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫാക്ട്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളീഡേയ്‌സ് എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടി.സി.എം, പ്രൈമ ഇന്‍ഡസ്ട്രീസ്, പ്രൈമ അഗ്രോ, പോപ്പീസ് കെയര്‍, കിംഗ്‌സ് ഇന്‍ഫ്ര, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine