Markets

പലിശകൊണ്ട് നോവിച്ച് അമേരിക്ക; സെന്‍സെക്‌സ് 570 പോയിന്റിടിഞ്ഞു, നിഫ്റ്റി 19,750ന് താഴെ

മൂന്ന് ദിവസത്തിനിടെ ബി.എസ്.ഇയില്‍ നഷ്ടം അഞ്ചര ലക്ഷം കോടി രൂപ; ഐ.ടി., പൊതുമേഖലാ ബാങ്കോഹരികളില്‍ വന്‍ ഇടിവ്

Anilkumar Sharma

കഴിഞ്ഞയാഴ്ചകളില്‍ തുടര്‍ച്ചയായി നേട്ടക്കുതിപ്പ് നടത്തുകയും എക്കാലത്തെയും ഉയരത്തിലെത്തുകയും ചെയ്ത ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഈ വാരം നേരിടുന്നത് തുടര്‍ച്ചയായുള്ള നഷ്ടം. സെന്‍സെക്‌സ് ഇന്ന് 570.60 പോയിന്റ് (0.85%) ഇടിഞ്ഞ് 66,230.24ലും നിഫ്റ്റി 159.05 പോയിന്റ് (0.80%) താഴ്ന്ന് 19,742.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഓഹരി സൂചികകളുടെ വീഴ്ച. ഇന്നൊരുവേള സെന്‍സെക്‌സ് 66,128 വരെയും നിഫ്റ്റി 19,709 വരെയും ഇടിഞ്ഞിരുന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് ഇന്നലത്തെ പണനയ യോഗത്തില്‍ അടിസ്ഥാന പലിശനിരക്കുകള്‍ 5.25-5.50 ശതമാനത്തില്‍ നിലനിറുത്തിയിരുന്നു. എന്നാല്‍, പണപ്പെരുപ്പത്തിനെതിരായ പോരാട്ടം സമീപഭാവിയിലെങ്ങും അവസാനിക്കില്ലെന്നും ഈ വര്‍ഷം ഒരുതവണ കൂടിയെങ്കിലും പലിശനിരക്ക് കൂട്ടുമെന്നും യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവര്‍ അഭിപ്രായപ്പെട്ടത് ആഗോള ഓഹരികള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഉയര്‍ന്ന പലിശഭാരം ഏറെക്കാലം കൂടി തുടരുമെന്നായതോടെ ഓഹരി വിപണികളില്‍ വില്‍പന സമ്മര്‍ദ്ദം കനത്തു. നിലവിലെ പലിശനിരക്ക് തന്നെ കഴിഞ്ഞ 22-വര്‍ഷത്തെ ഏറ്റവും ഉയരത്തിലാണുള്ളത്.

ഐ.ടിയുടെ വീഴ്ച കൂടുതല്‍ തിരിച്ചടി

ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യ വരുമാന സ്രോതസ് അമേരിക്കയാണ്. അമേരിക്കയില്‍ സമ്പദ്സ്ഥിതി ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് യു.എസ് ഫെഡ് ചൂണ്ടിക്കാട്ടിയതോടെ ഇന്ന് ഐ.ടി കമ്പനി ഓഹരികള്‍ നേരിട്ട കനത്ത വിറ്റൊഴിയല്‍ ട്രെന്‍ഡാണ് ഇന്ത്യന്‍ ഓഹരി സൂചികകളെ കൂടുതല്‍ തളര്‍ത്തിയത്.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതും ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്; 2.28 ശതമാനമാണ് ഇടിവ്.

നിഫിറ്റി ഓട്ടോ, ധാനകാര്യ സേവനം, സ്വകാര്യബാങ്ക്, റിയല്‍റ്റി ഓഹരികള്‍ 1.7 ശതമാനം വരെ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് (Bank Nifty) 1.68 ശതമാനം ഇടിഞ്ഞ് 44,263.85ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.89 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.34 ശതമാനവും നഷ്ടത്തിലാണ്.

ഐ.ടി കമ്പനികളായ എച്ച്.സി.എല്‍ ടെക്, ടി.സി.എസ് എന്നിവ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ., ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, കോട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ്, ഐ.ടി.സി., എന്‍.ടി.പി.സി എന്നിവയും മൂന്ന് ശതമാനം വരെ ഇടിഞ്ഞ് വീഴ്ചയുടെ ആക്കംകൂട്ടി.

നിഫ്റ്റി 200ല്‍ എന്‍.എച്ച്.പി.സി., ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ടാറ്റാ ടെലി (മാഹാരാഷ്ട്ര), ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് 3.-5.7 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നിലെത്തിയത്.

പിടിച്ചുനിന്നവര്‍

മീഡിയ ഒഴികെ നിഫ്റ്റിയില്‍ ഇന്ന് എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തിലായിരുന്നു. മീഡിയയും 0.03 ശതമാനമെന്ന നേരിയ നേട്ടം മാത്രമാണ് കുറിച്ചത്. അദാനി പവര്‍, മാന്‍കൈന്‍ഡ് ഫാര്‍മ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ആര്‍.ഇ.സി., ട്രെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവ; 1.8 മുതല്‍ 4.2 ശതമാനം വരെയാണ് ഇവയുടെ വളര്‍ച്ച.

അദാനി പോര്‍ട്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ബി.പി.സി.എല്‍., ഇന്‍ഫോസിസ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും ഇന്ന് നേട്ടത്തിലാണ്.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

സെന്‍സെക്‌സില്‍ ഇന്ന് 1,230 ഓഹരികള്‍ നേട്ടത്തിലും 2,436 എണ്ണം നഷ്ടത്തിലുമായിരുന്നു. 127 ഓഹരികളുടെ വില മാറിയില്ല. 177 ഓഹരികള്‍ 52-ആഴ്ചയിലെ ഉയരത്തിലേക്കും 29 ഓഹരികള്‍ താഴ്ചയിലേക്കും പോയി. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളൊന്നുമുണ്ടായില്ല; ലോവര്‍-സര്‍കീട്ടില്‍ 4 കമ്പനികളെത്തി.

മൂന്ന് ദിവസം, നഷ്ടം അഞ്ചര ലക്ഷം കോടി

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബി.എസ്.ഇയിലെ കമ്പനികളുടെ ആകെ നിക്ഷേപക മൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത് 5.50 ലക്ഷം കോടി രൂപയാണ്. എക്കാലത്തെയും ഉയരമായ 323.40 ലക്ഷം കോടി രൂപയില്‍ നിന്ന് 317.90 ലക്ഷം കോടി രൂപയിലേക്കാണ് വീഴ്ച.

മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സിന് നഷ്ടമായത് 1,608 പോയിന്റാണ്.

യു.എസ് ഫെഡിന്റെ പലിശനയം, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ദ്ധന, ഡോളറിന്റെ മുന്നേറ്റം, ക്രൂഡോയില്‍ വിലക്കയറ്റം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) പിന്മാറ്റം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നിലവില്‍ നേരിടുന്നത്.

ഇന്ത്യ-കാനഡ നയതന്ത്രപ്പോരിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളും തിരിച്ചടിയാവുകയാണ്. സൊമാറ്റോ, പേയ്ടിഎം, ഡെല്‍ഹിവെറി, ഇന്‍ഡസ് ടവേഴ്‌സ്, നൈക, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ നിരവധി കമ്പനികളില്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടിന്റെ ഉള്‍പ്പെടെ നിക്ഷേപമുണ്ട്. ഈ ഓഹരികളെല്ലാം വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ടിരിക്കുകയാണ്.

നഷ്ടത്തില്‍ മുങ്ങി കേരള കമ്പനികളും

കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളും ഇന്ന് പൊതുവേ നഷ്ട പാതയിലായിരുന്നു. വിരലിലെണ്ണാവുന്നവ മാത്രമാണ് പിടിച്ചുനിന്നത്.

ടി.സി.എം ലിമിറ്റഡ് (5.87%), സ്‌കൂബിഡേ (3.26%), പ്രൈമ അഗ്രോ (3.40%). സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (1.86%) എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. സഫ സിസ്റ്റംസ് 6.28 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് കാപ്പിറ്റല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, ഇന്‍ഡിട്രേഡ് എന്നിവ നാല് ശതമാനത്തിലധികം ഇടിഞ്ഞു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, പാറ്റ്‌സ്പിന്‍ എന്നിവ 2-3.8 ശതമാനവും നഷ്ടത്തിലേക്ക് വീണു.

രൂപയ്ക്ക് നേരിയ കയറ്റം

ഓഹരി സൂചികകള്‍ തളര്‍ന്നെങ്കിലും ഇന്ന് രൂപ ഡോളറിനെതിരെ നേരിയ നേട്ടത്തിലായിരുന്നു. 5 പൈസ ഉയര്‍ന്ന് 83.06 ആണ് വ്യാപാരാന്ത്യം മൂല്യം. ക്രൂഡോയില്‍ വിലവര്‍ദ്ധന, പലിശ കൂട്ടുമെന്ന യു.എസ് ഫെഡിന്റെ പ്രഖ്യാപനം മൂലം ഡോളര്‍ ഇന്‍ഡെക്‌സിലുണ്ടായ വര്‍ദ്ധന എന്നിവയില്ലായിരുന്നെങ്കില്‍ രൂപ ഇന്ന് കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT