ജൈത്രയാത്ര തുടര്‍ന്ന് ഓഹരി വിപണി. തുടര്‍ച്ചയായ ആറാം ദിവസവും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യു.എസ് വിപണികളിലെ പ്രശ്‌നങ്ങൾ വലിയതോതിൽ സ്വാധീനിക്കുന്നില്ല എന്നാണ് ഇന്ത്യൻ വിപണികളുടെ മികച്ച പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്. സ്മാള്‍ ക്യാപ് ഓഹരികളിലെ മികച്ച വാങ്ങല്‍ വിപണിക്ക് ശക്തി പകര്‍ന്നു. കഴിഞ്ഞ എട്ട് ട്രേഡിങ്ങ് സെഷനുകളിലായി നിഫ്റ്റി സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയായ 21,743 ൽ നിന്ന് 2,400 പോയിന്റിലധികം ഉയർന്നു. ബുളളുകൾക്ക് അനുകൂലമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു വിപണിയുടെ പ്രകടനം.
സെൻസെക്സ് 0.24 ശതമാനം (187.09 പോയിന്റ്) ഉയർന്ന് 79,595.59 ലും നിഫ്റ്റി 0.17 ശതമാനം (41.70 പോയിന്റ്) ഉയർന്ന് 24,167.25 ലും ക്ലോസ് ചെയ്തു. ഏകദേശം 2,389 ഓഹരികൾ മുന്നേറിയപ്പോള്‍ 1,453 ഓഹരികൾ ഇടിഞ്ഞു, 137 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.78 ശതമാനത്തിന്റെയും 0.73 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി.
എഫ്.എം.സി.ജി കമ്പനികളുടെ റേറ്റിംഗ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ബ്രോക്കറേജ് യുബിഎസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി എഫ്എംസിജി മേഖല രണ്ട് ശതമാനം ഉയർന്നു. ഈ മേഖലയിൽ മികച്ച വാങ്ങലുകളാണ് ചൊവ്വാഴ്ച നടന്നത്.
ബാങ്കിംഗ് മേഖലയുടെ ലിക്വിഡിറ്റി കവറേജ് റേഷ്യോയില്‍ (എൽസിആര്‍) 600 ബേസിസ് പോയിന്റ് പുരോഗതിക്ക് കാരണമാകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ആര്‍.ബി.ഐ പുറത്തിറക്കിയതിനെ തുടര്‍ന്ന് ബാങ്കിംഗ് മേഖല മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി ബാങ്ക് 0.62 ശതമാനം ഉയര്‍ന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 15 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. മുമ്പ് റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കൺസൾട്ടൻസി സർവീസസും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുളളത്. മാർച്ച് പാദത്തിലെ ഫലങ്ങൾക്ക് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ സ്ഥിരമായ ഉയർച്ചയിലാണ്. ഓഹരി 1.71 ശതമാനം നേട്ടത്തില്‍ 1,960 രൂപയിലാണ് ക്ലോസ് ചെയ്തത്.
വാരി എനർജിസ്, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, ഡിക്സൺ ടെക്നോളജീസ് (ഇന്ത്യ), മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ 5 ശതമാനം വരെ ഇടിഞ്ഞു. രണ്ടാമത്തെ ഫോറൻസിക് ഓഡിറ്റ് നടത്താൻ ബാങ്കിന്റെ ബോർഡ് ഏണസ്റ്റ് & യങ്ങിനെ (EY) കൊണ്ടുവന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബാങ്കിന്റെ മൈക്രോഫിനാൻസ് പോർട്ട്‌ഫോളിയോയിൽ നിന്നുള്ള പലിശ വരുമാനവുമായി ബന്ധപ്പെട്ട 600 കോടി രൂപയുടെ പൊരുത്തക്കേടിലാണ് പുതിയ അന്വേഷണം നടക്കുന്നത്. ഓഹരി 788 രൂപയിലാണ് ക്ലോസ് ചെയ്തത്.
ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, ജെഎസ്ഡബ്ല്യു എനർജി, എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. പോപ്പീസ് കെയര്‍ 4.99 ശതമാനം നേട്ടത്തില്‍ 67 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിറ്റാ ജെലാറ്റിന്‍ (3.33%), മൂത്തൂറ്റ് ക്യാപിറ്റല്‍ (2.95%), പോപ്പുലര്‍ വെഹിക്കിള്‍സ് (2.67%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഇന്ന് ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. ഫാക്ട് 1.89 ശതമാനം നഷ്ടത്തില്‍ 760 രൂപയില്‍ ക്ലോസ് ചെയ്തു.
കിറ്റെക്സ് 2.03 ശതമാനം നഷ്ടത്തില്‍ 260 രൂപയിലെത്തി. വെസ്റ്റേണ്‍ ഇന്ത്യ (1.51%), മുത്തൂറ്റ് മൈക്രോഫിന്‍ (1.34%), ആഡ്ടെക് സിസ്റ്റംസ് (2.13%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
Stock market closing analysis 22 april 2025.
Read DhanamOnline in English
Subscribe to Dhanam Magazine