യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഇന്ത്യന്‍ വിപണി. ശക്തമായി മുന്നില്‍ നിന്ന ഐ.ടി, സിമന്റ് ഓഹരികളാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ നിന്നും വിപണി തിരികെ എത്തുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
0.14 ശതമാനം (107 പോയിന്റുകള്‍) ഉയര്‍ന്ന സെന്‍സെക്‌സ് 76,512 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സില്‍ വ്യപാരത്തിനെത്തിയ 30 ഓഹരികളില്‍ 18 എണ്ണവും ഇന്ന് നേട്ടത്തിലായി. 0.22 ശതമാനം (53.50 പോയിന്റുകള്‍) ഉയര്‍ന്ന നിഫ്റ്റി വ്യാപാരാന്ത്യം 23,205 എന്ന നിലയിലെത്തി.
രാവിലെ ചെറിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നേട്ടത്തിലേക്ക് മാറുകയായിരുന്നു. കോഫോര്‍ജ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, സെന്‍സാര്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ മൂന്നാം പാദ റിസള്‍ട്ടുകള്‍ പുറത്തുവന്നതാണ് വിപണിയെ മുന്നോട്ട് നയിച്ചത്. ഇതിന് പിന്നാലെ പ്രതീക്ഷിച്ചതിലും വലിയ പാദഫല റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അള്‍ട്രാടെക് സിമന്റ് ഓഹരികളും കുതിച്ചു. പിന്നാലെ സിമന്റ് സെക്ടറും നേട്ടത്തിലായി. അള്‍ട്രാടെക് സിമന്റ്, കേശോറാം ഇന്‍ഡസ്ട്രീസ്, ജെ.കെ ലക്ഷ്മി സിമന്റ്, ജെ.കെ സിമന്റ് ആന്‍ഡ് ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും ശരാശരി 5 ശതമാനം ഉയര്‍ന്നു.
വിശാല വിപണിയിലേക്ക് വന്നാല്‍ ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയൊഴിച്ച് ബാക്കിയെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു.
നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നീ സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ, ഐ.ടി, മീഡിയ, ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകളും ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് ഇന്ന് വ്യാപാരം നിറുത്തിയത്.
മൂന്നാം പാദ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് 11.51 ശതമാനം ഉയര്‍ന്ന കോഫോര്‍ജ് ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. 8228.20 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 9,175.60 രൂപയിലാണ് ക്ലോസ് ചെയ്തത്. മൂന്നാം പാദ ഫലങ്ങള്‍ തന്നെയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, അള്‍ട്രാടെക് സിമന്റ്‌സ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളെയും നേട്ടക്കണക്കില്‍ മുന്നിലെത്തിച്ചത്.
ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബയ് റേറ്റിംഗ് നല്‍കിയിട്ടും നഷ്ടത്തിലേക്ക് വീണ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നില്‍. ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതിന്റെ ചുവട് പിടിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസും ഇന്ന് ചുവപ്പിലായി. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്രമായാണ് പ്രതികരിച്ചത്. 6.20 ശതമാനം നേട്ടത്തിലെത്തിയ ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നില്‍. ധനകാര്യ മേഖലക്ക് ഇന്ന് നഷ്ടദിവസമാണെങ്കിലും കേരളത്തിലെ സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവ മികച്ച പ്രകടനം കാഴ്ച്ച വച്ചു. സെല്ലസ്‌പേസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍, കേരള ആയുര്‍വേദ, കെ.എസ്.ഇ, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് ഒരു ശതമാനത്തിലധികം നേട്ടത്തിലായി.
പോപ്പീസ് കെയര്‍, ടോളിന്‍സ്, വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, സ്റ്റെല്‍ ഹോല്‍ഡിംഗ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പ്രൈമ അഗ്രോ, പോപ്പീസ് കെയര്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ഹാരിസണ്‍സ് മലയാളം, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നീ കമ്പനികള്‍ രണ്ടു ശതമാനത്തിലധികം നഷ്ടത്തിലായി.
Read DhanamOnline in English
Subscribe to Dhanam Magazine