Markets

കലമുടച്ച് നിഫ്റ്റിയും സെന്‍സെക്‌സും; റിസര്‍വ് ബാങ്ക് മിനുട്ട്‌സില്‍ ആശങ്ക

ചന്ദ്രയാന്‍ ഓഹരികളില്‍ സമ്മിശ്ര പ്രകടനം; ഐ.ടിയില്‍ ഉണര്‍വ്, ജിയോഫിന്‍ ഇന്നും ഇടിഞ്ഞു

Anilkumar Sharma

ചന്ദ്രയാന്‍-3ന്റെ അഭിമാനനേട്ടം സമ്മാനിച്ച ആവേശത്തിന്റെ കരുത്തില്‍ ഇന്ന് ആദ്യ സെഷനുകളില്‍ മികച്ച നേട്ടമുണ്ടാക്കിയ സെന്‍സെക്‌സും നിഫ്റ്റിയും ഉച്ചയ്ക്ക് ശേഷം കലമുടച്ചു. ഇന്നൊരുവേള 400ലേറെ പോയിന്റുയര്‍ന്ന് 65,913.77 വരെ ഉയര്‍ന്ന സെന്‍സെക്‌സ് വ്യാപാരാന്ത്യത്തിലുള്ളത്‌ 180 പോയിന്റ് (0.28%) ഇടിഞ്ഞ് 65,252.34ല്‍. നിഫ്റ്റി 19,584.45 വരെ മുന്നേറിയെങ്കിലും പിന്നീട് 57.30 പോയിന്റ് (0.29%) താഴ്ന്ന് 19,386.70ലെത്തി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 ഉച്ചയ്ക്ക് ശേഷം നിക്ഷേപകരുടെ ശ്രദ്ധ റിസര്‍വ് ബാങ്കിന്റെ ഇക്കഴിഞ്ഞ പണനയ അവലോകന യോഗത്തിന്റെ മിനുട്ട്‌സിലേക്കും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവല്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നടത്തുന്ന ജാക്‌സണ്‍ ഹോള്‍ സിമ്പോസിയത്തിലെ പ്രഭാഷണത്തിലേക്കും മാറിയതാണ് സൂചികകളെ വലച്ചത്. റിസര്‍വ് ബാങ്കിന്റെ മിനുട്ട്‌സും ജെറോം പവലും ആശങ്ക വിതയ്ക്കുമോ എന്ന ഭീതിമൂലം ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം നിറയുകയായിരുന്നു.

നിരാശപ്പെടുത്തിയവര്‍

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ തുടര്‍ച്ചയായ നാലാം ദിവസവും 5 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍കീട്ടിലിടിച്ചു. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളില്‍ നിന്ന് ജിയോ ഫിനാന്‍ഷ്യലിനെ ഒഴിവാക്കുന്നതിന് മുമ്പ് ഓഹരി വിറ്റൊഴിയാനുള്ള പാസീവ് ഫണ്ടുകളുടെ തിരക്കാണ് ഇടിവിന് വഴിവച്ചത്.

ഇന്നും ഓഹരി ലോവര്‍-സര്‍കീട്ടില്‍ എത്തിയതിനാല്‍ സൂചികകളില്‍ നിന്ന് ഒഴിവാക്കുന്നത് ഓഗസ്റ്റ് 29ലേക്ക് നീണ്ടു. നാല് ദിവസത്തെ ഇടിവ് വഴി ഏകദേശം 31,000 കോടി രൂപയാണ് ജിയോ ഫിന്നിന്റെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത്. കഴിഞ്ഞമാസം നടത്തിയ പ്രത്യേക വ്യാപാര സെഷനില്‍ 261.8 രൂപയാണ് ജിയോ ഫിന്നിന് ഓഹരി വിലയായി നിശ്ചയിക്കപ്പെട്ടത്. ഇന്ന് ഓഹരി വിലയുള്ളത് 213.5 രൂപയില്‍. നിലവില്‍ ട്രേഡ്-ടു-ട്രേഡ് വിഭാഗത്തിലാണ് ജിയോ ഫിന്‍ ഓഹരിയുള്ളത്. അതായത്, വാങ്ങുന്ന ദിവസം തന്നെ ഓഹരി വില്‍ക്കാനാവില്ല.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

ജിയോ ഫിന്നിന്റെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എച്ച്.സി.എല്‍ ടെക്, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയ മുന്‍നിര ഓഹരികള്‍.

ബാങ്ക് ഓഫ് ഇന്ത്യ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, പോളിക്യാബ് ഇന്ത്യ, ജെ.എസ്.ഡബ്ല്യു എനര്‍ജി, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.

നിഫ്റ്റിയില്‍ പി.എസ്.യു ബാങ്ക് (0.65%), ഫാര്‍മ (0.58%), ഹെല്‍ത്ത്‌കെയര്‍ (0.78%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.56%) എന്നിവ വിറ്റൊഴിയല്‍ മേളയില്ഡ മുങ്ങി. ബാങ്ക് നിഫ്റ്റി നേരിയ നേട്ടവുമായി 44,496.20ലെത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.35 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ്ക്യാപ്പ് 0.24 ശതമാനം നേട്ടത്തിലാണ്.

നേട്ടത്തിലേറിയവര്‍

ഐ.ടി ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം തിളക്കം കണ്ടത്. നിഫ്റ്റി ഐ.ടി സൂചിക 0.61 ശതമാനം നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി (0.29%), റിയല്‍റ്റി (0.20%) എന്നിവ പിന്തുണ നല്‍കി.

ഐ.ടി കമ്പനിയായ കൊഫോര്‍ജാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം മുന്നേറിയത് (9.40%). കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ഹസ്റ്റ്-ബി.വി 1.5 കോടി ഓഹരികള്‍ വിറ്റഴിച്ചുവെന്ന വാര്‍ത്തകളാണ് ഇതിന് വഴിവച്ചത്. കൊഫോര്‍ജില്‍ ഹസ്റ്റിനുള്ള 26.6 ശതമാനം ഓഹരി പങ്കാളിത്തത്തിന്റെ 25 ശതമാനം വരുമിത്. ഏകദേശം 6,690 കോടി രൂപയുടെ ഇടപാടാണ് ഇന്ന് നടന്നതെന്ന് അറിയുന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

എംഫസിസ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പവര്‍, കൊറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, നെസ്‌ലെ, ആക്‌സിസ് ബാങ്ക് എന്നിവയും നേട്ടമുണ്ടാക്കിയ പ്രമുഖരാണ്.

ചന്ദ്രയാന്‍ ഓഹരികള്‍ എങ്ങോട്ട്?

ചന്ദ്രയാന്‍-3 പദ്ധതിയില്‍ പങ്കുവഹിച്ച ഓഹരികളില്‍ ഇന്ന് കണ്ടത് സമ്മിശ്ര പ്രകടനമാണ്.

പരസ് ഡിഫന്‍സ് 6.07 ശതമാനം, എം.ടി.എ.ആര്‍ ടെക് 3.79 ശതമാനം, സെന്റം ഇലക്ട്രോണിക്‌സ് 7.51 ശതമാനം, അവന്റെല്‍ 7.20 ശതമാനം, ഗോദ്‌റെജ് ഇന്ഡസ്ട്രീസ് 0.81 ശതമാനം, ഭാരത് ഇലക്ട്രോണിക്‌സ് 0.74 ശതമാനം എന്നിങ്ങനെ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 1.62 ശതമാനം, മിശ്ര ധാതു നിഗം 2.42 ശതമാനം, ഭെല്‍ 1.68 ശതമാനം, എല്‍ ആന്‍ഡ് ടി 1.08 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു.

ചന്ദ്രയാന്‍ ഓഹരികള്‍ ദീര്‍ഘകാലത്തില്‍ വലിയ നേട്ടം സമ്മാനിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. നിലവില്‍ ആഗോള ബഹിരാകാശ വിപണിയുടെ മൂല്യം 44,700 കോടി ഡോളറാണ് (36.65 ലക്ഷം കോടി രൂപ).

ഇതില്‍ 5 ശതമാനത്തിന് താഴെ മാത്രമാണ് നിലവില്‍ ഇന്ത്യയുടെ വിഹിതം. എന്നാല്‍, ചന്ദ്രയാന്‍-3 ദൗത്യവും ഇന്ത്യ അതിനായി സജ്ജമാക്കിയ സാങ്കേതികവിദ്യയും വന്‍ വിജയമായ പശ്ചാത്തലത്തില്‍ ആഗോള ബഹിരാകാശ വിപണിയില്‍ ഇനി ഇന്ത്യയുടെ മുന്നേറ്റമാകും ഉണ്ടാവുകയെന്ന് കരുതപ്പെടുന്നു.

ഇത്, ഈ കമ്പനികള്‍ക്ക് വലിയ ഗുണം ചെയ്യും; ഓഹരികളിലും ദീര്‍ഘകാലത്തില്‍ നേട്ടം പ്രതീക്ഷിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

കേരള ഓഹരികള്‍ സമ്മിശ്രം

കേരള ഓഹരികളില്‍ ഇന്ന് വലിയ കുതിപ്പോ കിതപ്പോ ദൃശ്യമായില്ല. ആസ്പിന്‍വാള്‍ 3.73 ശതമാനം നേട്ടവുമായി മുന്നേറിയവരില്‍ മുന്നിലെത്തി. ആസ്റ്റര്‍ ഡി.എം 2.48 ശതമാനവും യൂണിറോയല്‍ 2.42 ശതമാനവും നേട്ടത്തിലാണ്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 2.37 ശതമാനം, നിറ്റ ജലാറ്റിന്‍ 2.17 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. സെല്ല സ്‌പേസാണ് നഷ്ടത്തില്‍ മുന്നില്‍; 4.60 ശതമാനം. പ്രൈമ ഇന്‍ഡസ്ട്രീസ് 4.20 ശതമാനം, ഇന്‍ഡിട്രേഡ് 4.11 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.04 ശതമാനം, കെ.എസ്.ഇ 3.03 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്.

വിപണിയുടെ ട്രെന്‍ഡ്

സെന്‍സെക്‌സില്‍ ഇന്ന് 1,731 ഓഹരികള്‍ നേട്ടത്തിലും 1,890 ഓഹരികള്‍ നഷ്ടത്തിലുമാണ്. 159 ഓഹരികളുടെ വില മാറിയില്ല. 264 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി. 23 ഓഹരികള്‍ താഴ്ചയിലും. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളൊന്നും ഉണ്ടായില്ല. രണ്ട് കമ്പനികള്‍ ലോവര്‍-സര്‍കീട്ടിലായിരുന്നു. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം 309.01 ലക്ഷം കോടി രൂപയില്‍ നിന്ന് 308.67 ലക്ഷം കോടി രൂപയായി താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT