നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് നേരിട്ടത് ചാഞ്ചാട്ടം. ദിവസമുടനീളം നീണ്ട ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കുമൊടുവില്‍ സെന്‍സെക്‌സിന് കുറിക്കാനായത് വെറും 0.02 ശതമാനം നേട്ടം; നിഫ്റ്റിയുടെ നേട്ടമാകട്ടെ പൂജ്യം!
14.54 പോയിന്റിന്റെ നാമമാത്ര നേട്ടവുമായി 66,023.69ലാണ് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത്. നിഫ്റ്റി 0.30 പോയിന്റ് മാത്രം ഉയര്‍ന്ന് 19,674.55ലെത്തി. ഇന്നൊരുവേള സെന്‍സെക്‌സ് 66,225.63 വരെ ഉയരുകയും 65,764.03 വരെയും താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 19,734.15 വരെ ഉയരുകയും 19,601.55 വരെ താഴുകയും ചെയ്തു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
സെന്‍സെക്‌സില്‍ 1,824 ഓഹരികളുടെ വില ഇന്ന് കൂടി. 1,952 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 169 ഓഹരികളുടെ വില മാറ്റിയില്ല. 195 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 36 എണ്ണം താഴ്ചയിലുമെത്തി. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളെയൊന്നും കണ്ടില്ല; 6 കമ്പനികള്‍ ലോവര്‍-സര്‍കീട്ടിലായിരുന്നു.
അമേരിക്കന്‍ ട്രഷറി യീല്‍ഡുകളുടെ മുന്നേറ്റം ഡോളറിന് ഊര്‍ജമായി. ഇതോടെ, രൂപ ഇന്ന് തളര്‍ന്നു. 82.93ല്‍ നിന്ന് 83.14ലേക്ക് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. ഡോളര്‍ ഇന്‍ഡെക്‌സ് 6-മാസത്തെ ഉയരത്തിനടുത്താണുള്ളത്. ചൈനീസ് യുവാന്‍ അടക്കം മറ്റ് ഏഷ്യന്‍ കറന്‍സികളും ഇന്ന് നഷ്ടത്തിലായിരുന്നു.
നിരാശപ്പെടുത്തിയവര്‍
ബാങ്കിംഗ്, ധനകാര്യം, റിയല്‍റ്റി ഓഹരികളില്‍ ഇന്ന് ഉണര്‍വുണ്ടായെങ്കിലും ഐ.ടി., ഫാര്‍മ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, വാഹന ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദം സൂചികകള്‍ക്ക് തിരിച്ചടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവയാണ് പ്രധാനമായും സെന്‍സെക്‌സിന്റെ വലിയ കുതിപ്പിന് വിലങ്ങിട്ടത്.
തുടര്‍ച്ചയായ അഞ്ചാംദിവസമാണ് റിലയന്‍സിന്റെ വീഴ്ച. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, സണ്‍ഫാര്‍മ എന്നിവയും സെന്‍സെക്‌സില്‍ നഷ്ടത്തിലേക്ക് വീണ പ്രമുഖരാണ്.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ
നിഫ്റ്റി 200ല്‍ ബെര്‍ജര്‍ പെയിന്റ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ, ഡെല്‍ഹിവെറി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഏറ്റവുമധികം നഷ്ടം കുറിച്ചത്. വെള്ളിയാഴ്ച, ബോണസ് ഓഹരി വിതരണ പശ്ചാത്തലത്തില്‍ 6 ശതമാനത്തിലധികം മുന്നേറി 52-ആഴ്ചത്തെ ഉയരം തൊട്ട ബെര്‍ജര്‍ പെയിന്റ്‌സില്‍ ഇന്നുപക്ഷേ, വില്‍പന സമ്മര്‍ദ്ദം പെയ്തിറങ്ങി. എട്ടര ശതമാനമാണ് ഇന്നത്തെ വീഴ്ച. സെപ്തംബര്‍ 22ന് ബെര്‍ജറിന്റെ 75 ലക്ഷത്തിലധികം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു; ഇന്നത് 60 ശതമാനത്തോളം ഇടിഞ്ഞ് 30 ലക്ഷത്തിന് താഴെയെത്തിയിരുന്നു.
ആഗോളതലത്തില്‍ പണപ്പെരുപ്പം, പലിശനിരക്ക്, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ വീണ്ടും കനത്തതാണ് ഐ.ടി., ഫാര്‍മ ഓഹരികളെ വലയ്ക്കുന്നത്. നിക്ഷേപകര്‍, ആഗോള പരിവേഷമുള്ള ഓഹരികളെ കൈവിട്ട്, ആഭ്യന്തര തലത്തില്‍ മുന്‍തൂക്കമുള്ള ഓഹരികളിലേക്ക് ശ്രദ്ധമാറ്റിത്തുടങ്ങിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിഫ്റ്റിയില്‍ ഐ.ടി സൂചിക 0.78 ശതമാനവും മീഡിയ 0.73 ശതമാനവും ഫാര്‍മ 0.34 ശതമാനവും ഇന്ന് നഷ്ടത്തിലാണ്. 0.25 ശതമാനമാണ് എണ്ണ ഓഹരികളുടെ ഇടിവ്.
ഡെല്‍റ്റ കോര്‍പ്പിന്റെ വന്‍ വീഴ്ച
ഗെയിമിംഗ്, കാസിനോ, ഹോസ്പിറ്റാലിറ്റി രംഗത്തുള്ള ഡെല്‍റ്റ കോര്‍പ്പ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് 20 ശതമാനം കൂപ്പകുത്തി. 2017 ജൂലൈ-2022 മാര്‍ച്ച് കാലയളവിലെ ജി.എസ്.ടി ഇനത്തില്‍ 16,822 കോടി രൂപ അടയ്ക്കാത്തത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സില്‍ നിന്ന് കമ്പനിക്ക് നോട്ടീസ് കിട്ടിയ പശ്ചാത്തലത്തിലാണ് ഓഹരി വിലത്തകര്‍ച്ച; 33 മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്കാണ് വീഴ്ച. ഡെല്‍റ്റ കോര്‍പ്പിന്റെ വിപണിമൂല്യത്തേക്കാള്‍ 4 മടങ്ങോളം അധികതുക ജി.എസ്.ടി കുടിശിക ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
നേട്ടത്തിലേറിയവര്‍
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കോട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമന്റ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് തിളങ്ങിയ പ്രമുഖര്‍. 8,000 കോടി രൂപ മൂലധന സമാഹരണത്തിന് ഒരുങ്ങുന്ന ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലേറെ ഉയര്‍ന്നു.
ബാങ്ക് നിഫ്റ്റി ഇന്ന് 0.35 ശതമാനം ഉയര്‍ന്ന് 44,766ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.66 ശതമാനവും സ്‌മോള്‍ ക്യാപ്പ് 0.04 ശതമാനവും നേട്ടത്തിലാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.56 ശതമാനവും പി.എസ്.യു ബാങ്ക് 0.16 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.45 ശതമാനവും നേട്ടമുണ്ടാക്കി. റിയല്‍റ്റി സൂചിക 1.52 ശതമാനം ഉയര്‍ന്നു.
രാംകോ സിമന്റ്‌സ്, ബജാജ് ഫിനാന്‍സ്, ട്രെന്റ്, ഡാല്‍മിയ ഭാരത്, ഐ.ആര്‍.സി.ടി.സി എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് രാംകോയ്ക്ക് കിട്ടിയിരുന്നു. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവനുവദിക്കുമെന്ന് ഐ.ആര്‍.സി.ടി.സി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ ഉണര്‍വ്. അഞ്ച് ദിവസത്തെ നഷ്ടയാത്രയ്ക്ക് ശേഷമാണ് ഈ തിരിച്ചുകയറ്റം. വന്ദേഭാരത് സര്‍വീസുകളിലെ വര്‍ദ്ധനയും കമ്പനിക്ക് ഊര്‍ജമാണ്.
വണ്ടര്‍ലയുടെ മുന്നേറ്റം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികള്‍ ഇന്ന് പൊതുവേ മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, വണ്ടര്‍ല ഓഹരികള്‍ ഇതിന് അപവാദമായി എട്ട് ശതമാനത്തിലധികം കുതിച്ചു.
സെപ്റ്റംബര്‍പാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കലിന് മുന്നോടിയായി, ഇന്‍സൈഡര്‍ ട്രേഡിംഗ് വിന്‍ഡോ ക്ലോസ് ചെയ്തുവെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
ജിയോജിത്, കിംഗ്‌സ് ഇന്‍ഫ്ര, നിറ്റ ജെലാറ്റിന്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, വി-ഗാര്‍ഡ്, ഫെഡറല്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ കേരള ഓഹരികള്‍.
കല്യാണ്‍ ജുവലേഴ്‌സ് ഇന്ന് 5.27 ശതമാനം ഇടിഞ്ഞു. വെസ്‌റ്റേണ്‍ ഇന്ത്യ, വെര്‍ട്ടെക്‌സ്, സഫ സിസ്റ്റംസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പ്രൈമ അഗ്രോ, കൊച്ചിന്‍ മിനറല്‍സ് എന്നിവ 2-5 ശതമാനം നഷ്ടത്തിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine