Markets

എട്ടാംനാള്‍ എട്ടുനിലയില്‍ പൊട്ടി, 700 പോയിന്റ് തകര്‍ച്ച! വീഴ്ചയില്‍ ഒപ്പം ചേര്‍ന്ന് കേരള ഓഹരികളും

മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളിലും വീഴ്ച ശക്തം

Dhanam News Desk

കഴിഞ്ഞ ഏഴ് ദിവസമായി കാഴ്ചവച്ച നേട്ടക്കുതിപ്പ് കൈവിട്ട് സൂചികകള്‍. സകലമേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം പിടിമുറിക്കിയതോടെ സൂചികകള്‍ കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 729 പോയിന്റ് ഇടിഞ്ഞ് 77,288.50 പോയിന്റിലും നിഫ്റ്റി 180 പോയിന്റ് ഇടിഞ്ഞ് 24,486.85 പോയിന്റിലുമെത്തി.

വിവിധ സൂചികകളുട ഇന്നത്തെ പ്രകടനം

വിശാല വിപണിയിലും തകര്‍ച്ച ശക്തമായിരുന്നു. ബി.എസ്.ഇ സ്‌മോള്‍ ക്യാപ് സൂചിക 1.45 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ്ക്യാപ് സൂചികയുടെ വീഴ്ച 0.67 ശതമാനമാണ്.

ഇന്നത്തെ വില്‍പ്പന സമ്മര്‍ദ്ദം നിക്ഷേപകര്‍ക്കുണ്ടാക്കിയത് നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 415 ലക്ഷം കോടിയില്‍ നിന്ന് 411 ലക്ഷം കോടിയായി കുറഞ്ഞു.

നിഫ്റ്റി മീഡിയയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 2.40 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളും ഒരു ശതമാനത്തിനു മുകളില്‍ ഇടിവിലാണ്.

വിപണി വീഴ്ചയ്ക്ക് പിന്നില്‍

നീണ്ട കാലത്തെ തളര്‍ച്ചയ്ക്ക് ശേഷം വിപണി വീണ്ടും മാര്‍ച്ചില്‍ തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് ഇന്നത്തെ വീഴ്ച. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരനയങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് ഇന്ന് നിക്ഷേപകരെ ലാഭമെടുപ്പിലേക്ക് നയിച്ചത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നത്തെ വിലയ വീഴ്ചക്കാര്‍.

ഏപ്രില്‍ രണ്ടിനാണ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ദിവസം അടുക്കുംതോറും ആശങ്കകളും ശക്തമാകുകയാണ്. എല്ലാ നികുതികളും അന്ന് പ്രാബല്യത്തില്‍ വരില്ലെന്ന് ട്രംപ് പറഞ്ഞെങ്കിലും അനിശ്ചിതത്വം മാറുന്നില്ല.

ഇതിനിടെ ചൈനീസ് ഓഹരികളുടെ വാല്വേഷന്‍ ആകര്‍ഷകമായതും മികച്ച വരുമാനക്കണക്കുകളെകുറിച്ചുള്ള പ്രതീക്ഷകളും വീണ്ടും ഇന്ത്യയില്‍ വിറ്റ് ചൈനയില്‍ വാങ്ങാനുള്ള വികാരം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. ഇത് വിദേശനിക്ഷേപത്തില്‍ കുറവുണ്ടാക്കി. എന്നാല്‍ ചൈനീസ് വിപണിയില്‍ ഘടനാപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ നീക്കത്തില്‍ വലിയ ആശങ്ക വേണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നാലാം പാദത്തിലെ കണക്കുകള്‍ അടുത്തമാസം ആദ്യം മുതല്‍ പുറത്തു വരാനിരിക്കുന്നതും നിക്ഷേപകരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

മാര്‍ച്ചില്‍ ചില്ലറ നിക്ഷേപകര്‍ 10,500 കോടി രൂപയുടെ വില്‍പ്പന നടത്തിയിട്ടുണ്ട് 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് മാര്‍ച്ചില്‍ നടത്തിയിരിക്കുന്നത്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസം ഇതുവരെ 28,118 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന 8,224 കോടി രൂപയായി കുറഞ്ഞു.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളും നിരാശയില്‍

കേരള കമ്പനികളുടെ ഓഹരികളെല്ലാം തന്നെ ഇന്ന് വിപണിയുടെ തകര്‍ച്ചയ്‌ക്കൊപ്പം നിന്നു. ധനലക്ഷ്മി ബാങ്ക് ഉള്‍പ്പെടെ ആറ് ഓഹരികളാണ് ഇന്നത്തെ വീഴ്ചയില്‍ പിടിച്ചു നിന്നത്.

മുത്തൂറ്റ് ക്യാപിറ്റല്‍, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT