google
Markets

ഭീതി മറികടന്ന് നേട്ടത്തില്‍ സൂചികകള്‍, ഉണര്‍വില്ലാതെ കേരള ഓഹരികള്‍, ചെറിയ തിളക്കമായി സ്‌കൂബിയും ആസ്റ്ററും

മിഡ്, സ്‌മോള്‍ ക്യാപ്പ് സൂചികകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു

Resya Raveendran

ഇന്നലെ ഒരു ദിവസത്തെ നഷ്ട പ്രകടനത്തിനു ശേഷം സൂചികകള്‍ വീണ്ടും നേട്ടത്തിലേക്ക് തിരിച്ചെത്തി. അമേരിക്കന്‍ ചുങ്ക ഭീതി രാവിലെ സൂചികകളെ തളര്‍ത്തിയെങ്കിലും പിന്നീട് കരുത്ത് വീണ്ടെടുത്തു. സെന്‍സെക്‌സ് 317.93 പോയിന്റ് ഉയര്‍ന്ന് 77,606.43ലും നിഫ്റ്റി 105.10 പോയിന്റ് നേട്ടത്തോടെ 23,412.20 ലുമെത്തി.

ബജാജ് ഫിന്‍സെര്‍വ്, എന്‍.ടി.പി.സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിലെ നേട്ടക്കാര്‍.

വിശാല വിപണിയും മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചിക 1.15 ശതമാനം ഉയര്‍ന്നപ്പോള്‍ മിഡ്ക്യാപ് സൂചികയുടെ നേട്ടം 0.37 ശതമാനമാണ്.

വിവിധ സെക്ടറുകളെടുത്താല്‍ ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ എന്നിവ ഒഴികെ എല്ലാം നേട്ടത്തിലായിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് ചുങ്കം ചുമത്തിയേക്കാമെന്നുള്ള ആശങ്കയാണ് ഇന്ത്യന്‍ ഫാര്‍മ ഓഹരികളെ ഇന്നും നഷ്ടത്തിലാക്കിയത്. ഫാര്‍മ സൂചിക 1.5 ശതമാനം താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഫാര്‍മ ഓഹരി. 6 ശതമാനത്തോളമാണ് ഇടിവ്. അജന്ത ഫാര്‍മ, ഗ്രാന്യൂള്‍സ് ഇന്ത്യ, സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ ഇടിഞ്ഞു.

സൗദി ആരാംകോ ബി.പി.സി.എല്‍, ഒ.എന്‍.ജി.സി റിഫൈനറികളില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ഓഹരികളും ഇന്ന് ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്.

എന്‍.സി.ഡികള്‍ വഴി 2,000 കോടി രൂപ സമാഹരിക്കാന്‍ അനുമതി ലഭിച്ചത് ഹഡ്‌കോ ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.

പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് 152 കോടി രൂപയുടെ കരാര്‍ നേടിയത് സെന്‍ടെക് ഓഹരികളെ ഒരു ശതമാനത്തോളം നേട്ടത്തിലാക്കി.

അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി പവര്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി പുനസ്ഥാപിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരി ഇന്ന് 2 ശതമാനത്തോളം ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 5 ശതമാനത്തോളം ഇടിവിലായിരുന്നു ഓഹരി. ബംഗ്ലാദേശില്‍ നിന്ന് കിട്ടാനുണ്ടായിരുന്ന കുടിശിക ലഭിച്ചതിനെ തുടര്‍ന്നാണ് പവര്‍ വിതരണം പുന:സ്ഥാപിച്ചത്.

അദാനി ഗ്രൂപ്പ് ഓഹരികള്‍ കഴിഞ്ഞ 15 ദിവസത്തിനിടയില്‍ 40,000 കോടി രൂപയാണ് വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്ത്. അദാനി എന്റര്‍പ്രൈസസ് ഒഴികെയുള്ള എല്ലാ ഗ്രൂപ്പ് ഓഹരികളും ഇന്ന് നേട്ടത്തിലാണ്. ഹുറൂണ്‍ വേള്‍ഡ് റിച്ച് ലിസ്റ്റില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം നിലനിര്‍ത്തി.

ഉണര്‍വില്ലാതെ കേരള ഓഹരികള്‍

വിപണിയുടെ തിരിച്ചു വരവ് കേരള ഓഹരികളില്‍ വലിയ ആവേശം പകര്‍ന്നില്ല. പാതിയലധികം ഓഹരികളും നഷ്ടത്തിലായിരുന്നു. അവകാശ ഓഹരികളിറക്കുന്ന പ്രഖ്യാപനം സ്‌കൂബി ഡേ ഓഹരികളെ മൂന്ന് ശതമാനത്തിലധികം മുന്നേറ്റത്തിലാക്കി. വ്യാപാരത്തിനിടെ ഒരുവേള അഞ്ച് ശതമാനത്തിനടുത്ത് ഇടിഞ്ഞ ശേഷമാണ് ഓഹരിയുടെ തിരിച്ചുവരവ്.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികളും ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ഓഹരിയാണ് ഇന്ന് ശതമാനക്കണക്കില്‍ ഏറ്റവും മുന്നിലെത്തിയ ഓഹരി. 4.52 ശതമാനം ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, ടോളിന്‍സ് ടയേഴ്‌സ്, വണ്ടര്‍ലാ, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. 11 ശതമാനത്തിലധികമാണ് ഓഹരിയുടെ ഇടിവ്. ആറ് ശതമാനം ഇടിവുമായി ആഡ്‌ടെക് സിസ്റ്റംസും അഞ്ച് ശതമാനത്തോളം ഇടിവുമായി ഹാരിസണ്‍സ് മലയാളം, പ്രൈമ ഇന്‍ഡസ്ട്രീസ്, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നിവയും പിന്നിലുണ്ട്. കിറ്റെക്‌സ്, കല്യാണ്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിയ മുന്‍നിര ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT