കഴിഞ്ഞ ദിവസങ്ങളിലെ വിരസതകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുകയറി. ഇന്നും വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും പിന്നീട് നേട്ടത്തിലേക്ക് സൂചികകളെത്തി.
പ്രമുഖ ജാപ്പനീസ് റേറ്റിംഗ്, ബ്രോക്കറേജ് ഏജന്‍സിയായ നോമുറ ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ന്യൂട്രലില്‍ നിന്ന് ഓവര്‍വെയിറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്തതും ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി., എല്‍ ആന്‍ഡ് ടി എന്നീ വന്‍കിട ഓഹരികള്‍ക്ക് ഗുണമായതുമാണ് ഓഹരി സൂചികകളെ ഇന്ന് നേട്ടത്തിലേറാന്‍ സഹായിച്ചത്. കാലികമായ തിരിച്ചടിയുണ്ടെങ്കിലും ഇന്ത്യന്‍ ഓഹരികള്‍ പൊതുവേ നിക്ഷേപത്തിന് അനുയോജ്യമാണെന്നാണ് റേറ്റിംഗ് ഉയര്‍ത്തിയതിലൂടെ നോമുറ വ്യക്തമാക്കിയത്.
ആഗോള കമ്പനികളുടെ 'ചൈന പ്ലസ് വണ്‍' നീക്കങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവാണെന്നതും ഇന്ത്യക്ക് നേട്ടമാണെന്ന് നോമുറ ചൂണ്ടിക്കാട്ടി. ചൈനയ്ക്ക് പുറത്ത് മറ്റൊരു സുരക്ഷിത താവളം സജ്ജമാക്കുകയെന്ന കമ്പനികളുടെ താത്പര്യമാണ് ചൈന പ്ലസ് വണ്‍.
ഇന്ന് സെന്‍സെക്‌സ് 173.22 പോയിന്റ് (0.26 ശതമാനം) നേട്ടവുമായി 66,118.69ലും നിഫ്റ്റി 51.75 പോയിന്റ് (0.26 ശതമാനം) ഉയര്‍ന്ന് 19,716.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊരുവേള സെന്‍സെക്‌സ് 66,549 വരെയും നിഫ്റ്റി 19,554 വരെയും താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം
ബി.എസ്.ഇയില്‍ ഇന്ന് 2,008 ഓഹരികള്‍ നേട്ടത്തിലും 1,640 എണ്ണം നഷ്ടത്തിലുമായിരുന്നു. 151 ഓഹരികളുടെ വില മാറിയില്ല. 185 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 35 എണ്ണം താഴ്ചയും കണ്ടു. 8 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 9 എണ്ണം ലോവര്‍ സര്‍കീട്ടിലും ആയിരുന്നു.
ബി.എസ്.ഇയുടെ മൊത്തം നിക്ഷേപക മൂല്യം 1.53 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 319.68 ലക്ഷം കോടി രൂപയിലെത്തി. രൂപയുടെ മൂല്യം 83.23ല്‍ നിന്ന് 83.22ലേക്ക് മെച്ചപ്പെട്ടു. റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് നേട്ടമായത്.
അതേസമയം രാജ്യാന്തര തലത്തില്‍ നിന്നുള്ള പലിശ, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) ഇന്നലെയും ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് ശ്രമിച്ചത്. ഈമാസം ഇതിനകം 21,000 കോടിയോളം രൂപ അവര്‍ പിന്‍വലിച്ചുകഴിഞ്ഞു.
നേട്ടത്തിലേറിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി., എല്‍ ആന്‍ഡ് ടി എന്നിവയ്ക്ക് പുറമേ മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തിന് നേതൃത്വം നല്‍കിയ മുന്‍നിര ഓഹരികള്‍.
നിഫ്റ്റി 200ല്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ (REC), പോളിക്യാബ് ഇന്ത്യ, ഓയില്‍ ഇന്ത്യ, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ എന്നിവ ഏറ്റവുമധികം നേട്ടം കുറിച്ചു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
പഞ്ചാബ് നാഷണല്‍ ബാങ്കുമായി കൈകോര്‍ത്ത് ഊര്‍ജ, അടിസ്ഥാനസൗകര്യ, ലോജിസ്റ്റിക്‌സ് രംഗത്ത് 55,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നതാണ് ആര്‍.ഇ.സിക്ക് കരുത്തായത്. ഈ മേഖലകളിലെ നിക്ഷേപത്തിനുള്ള കേന്ദ്രനീക്കം പവര്‍ ഫിനാന്‍സ് ഓഹരികളുടെ നേട്ടത്തിനും വഴിതെളിച്ചു.
നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക ഇന്ന് 0.75 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.98 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റിയില്‍ എഫ്.എം.സി.ജി സൂചിക 0.80 ശതമാനവും ഫാര്‍മ 1.19 ശതമാനവും നേട്ടത്തിലേറി. ഹെല്‍ത്ത്‌കെയര്‍ സൂചികയും 1.19 ശതമാനം മുന്നേറി. പി.എസ്.യു ബാങ്ക് സൂചിക 0.83 ശതമാനവവും റിയല്‍റ്റി 0.73 ശതമാനവും ഉയര്‍ന്നു.
നഷ്ടം കുറിച്ചവര്‍
സെന്‍സെക്‌സില്‍ ടൈറ്റന്‍, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രമുഖര്‍. മൂഡിസ് റേറ്റിംഗ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വേദാന്ത ഓഹരികള്‍ 7 ശതമാനത്തോളം ഇടിഞ്ഞു. സി.എ.എ1ല്‍ നിന്ന് സി.എ.എ2ലേക്കാണ് വേദാന്തയുടെ റേറ്റിംഗ് താഴ്ത്തിയത്.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ
വേദാന്ത, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഗുജറാത്ത് ഗ്യാസ്, ജെ.എസ്.ഡബ്ല്യു എനര്‍ജി., ട്രെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത്.
നിഫ്റ്റി ബാങ്ക് (Nifty Bank) ഇന്ന് 0.08 ശതമാനം താഴ്ന്ന് 44,588ലെത്തി. നിഫ്റ്റി ധനകാര്യ സേവനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയാണ് ഇന്ന് നഷ്ടത്തിലുള്ള സൂചികകള്‍.
ഗിഫ്റ്റ് നിഫ്റ്റിക്ക് റെക്കോഡ്
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് കുറിച്ചത് എക്കാലത്തെയും മികച്ച ഏകദിന വ്യാപാര റെക്കോഡ്. ഇന്ന് 1,525 കോടി ഡോളര്‍ (1.26 ലക്ഷം കോടി രൂപ) മതിക്കുന്ന 38.63 ലക്ഷം കോണ്‍ട്രാക്റ്റുകളാണ് ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയിലുണ്ടായത്.
ഓഗസ്റ്റ് 29ന് കുറിച്ച 1,298 കോടി ഡോളറിന്റെ (1.07 ലക്ഷം കോടി രൂപ) റെക്കോഡാണ് പഴങ്കഥയായത്.
മുഖ്യമായും ഡോളറിലാണ് ഗിഫ്റ്റി നിഫ്റ്റിയിലെ ഇടപാടുകള്‍. നിഫ്റ്റി 50യില്‍ അധിഷ്ഠിതമായ ഇടപാടുകളാണ് ഗിഫ്റ്റ് നിഫ്റ്റിയില്‍ അഥവാ എന്‍.എസ്.ഇ ഐ.എക്‌സ് (NSE IX) സൂചികയില്‍ നടക്കുന്നത്. രാജ്യാന്തര മള്‍ട്ടി-അസറ്റ് എക്‌സ്‌ചേഞ്ചാണിത്. സിംഗപ്പൂരില്‍ നിന്ന് ഗുജറാത്തിലേക്ക് ഗിഫ്റ്റ് നിഫ്റ്റി മാറിയത് കഴിഞ്ഞ ജൂലൈ മൂന്നിനാണ്.
വണ്ടര്‍ലയുടെ ദിനം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ വണ്ടര്‍ല ഇന്ന് 7.52 ശതമാനം മുന്നേറി. ഉയര്‍ന്ന അളവിലെ ഓഹരി കൈമാറ്റമാണ് വണ്ടര്‍ല ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. മുത്തൂറ്റ് കാപ്പിറ്റല്‍ 6.12 ശതമാനവും ഇന്ന് നേട്ടത്തിലേറി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
പുതിയ ചെയര്‍മാനെ കിട്ടിയ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ (Click here to read more) ഇന്ന് 4.09 ശതമാനം നേട്ടത്തിലാണ്. കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, സഫ സിസ്റ്റംസ് എന്നിവയും ഇന്ന് 3-5 ശതമാനത്തോളം നേട്ടമെഴുതി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, ഫാക്ട്, നിറ്റ ജെലാറ്റിന്‍, കിംഗ്‌സ് ഇന്‍ഫ്ര എന്നിവ ഇന്ന് നഷ്ടത്തിലുള്ള പ്രമുഖ കേരള ഓഹരികളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine