Markets

സര്‍വം അദാനിമയം! കുതിച്ച് എണ്ണ ഓഹരികളും, നിഫ്റ്റി 19,900 തൊട്ടു

അദാനിക്കരുത്തില്‍ നിഫ്റ്റി 2-മാസത്തെ ഉയരത്തില്‍, നിക്ഷേപകര്‍ക്ക് നേട്ടം 2.37 ലക്ഷം കോടി, അദാനി ടോട്ടല്‍ ഗ്യാസ് 20% കുതിച്ചു; തിളങ്ങി കേരള ഓഹരികളും

Anilkumar Sharma

ഓഹരി വിപണിയിലെ ഇന്നത്തെ പോരാട്ടത്തില്‍ 'പ്ലെയര്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ഓഹരികള്‍. അദാനിക്കെതിരെ അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡെന്‍ബെര്‍ഗ് തൊടുത്തുവിട്ട ആരോപണ ബൗണ്‍സറുകള്‍ 'വിശുദ്ധസത്യം' ആയി കാണാന്‍ നിലവിലെ സാഹചര്യത്തില്‍ പറ്റില്ലെന്നാണ് കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്.

തെളിവുകളില്ലാതെ ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ അതേപടി അംഗീകരിക്കാന്‍ കോടതിക്ക് കഴിയില്ല. അതുകൊണ്ടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിയോട് (SEBI) നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് കിട്ടുംവരെ മാധ്യമങ്ങളിലും മറ്റുംവന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കോടതി പറയുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ആദാനിക്ക് അനുകൂലമാണെന്ന തോന്നല്‍ നിക്ഷേപകലോകത്ത് നിറഞ്ഞതോടെ, ഇന്ന് ഓഹരി വിപണിയിലെ പിച്ചില്‍ അദാനി ഓഹരികള്‍ നേട്ടത്തിന്റെ റണ്‍മഴ പെയ്യിക്കുകയായിരുന്നു.

അദാനിക്കരുത്തില്‍ മുന്നോട്ട്

നേട്ടത്തോടെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് നേരിയ ചാഞ്ചാട്ടമുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ പലതും വന്‍ കുതിപ്പോടെ അപ്പര്‍-സര്‍കീട്ടില്‍ എത്തുകകൂടി ചെയ്തതിന്റെ കരുത്തില്‍ ഓഹരി സൂചികകള്‍ തിരിച്ച് കയറി. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വലിയ വാങ്ങല്‍ താത്പര്യങ്ങളുണ്ടായി. ഇതോടെ ഒരുവേള ഇന്ന് നിഫ്റ്റി 19,900 പോയിന്റും തൊട്ടു. വ്യാപാരാന്ത്യത്തില്‍ നിഫ്റ്റിയുള്ളത് 95 പോയിന്റ് (0.48%) ഉയര്‍ന്ന് 19,889ലാണ്. കഴിഞ്ഞ 2-മാസത്തെ ഉയരമാണിത്. സെന്‍സെക്‌സ് 204 പോയിന്റ് (0.31%) നേട്ടവുമായി 66,174ലും.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

നിഫ്റ്റി 50ല്‍ ഇന്ന് 11 ഓഹരികളാണ് നഷ്ടം നേരിട്ടത്; ബാക്കി 39 എണ്ണവും നേട്ടത്തിലേറി. ബി.എസ്.ഇയില്‍ 1,982 ഓഹരികള്‍ നേട്ടത്തിലും 1,811 എണ്ണം താഴ്ചയിലുമായിരുന്നു. 179 ഓഹരികളുടെ വില മാറിയില്ല.

316 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 34 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ടില്‍ 14 ഓഹരികളുണ്ടായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ 13 ഓഹരികളും. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 2.37 ലക്ഷം കോടി രൂപ ഉയര്‍ന്ന് 331.05 ലക്ഷം കോടി രൂപയിലുമെത്തി.

വിശാല വിപണിയില്‍ എണ്ണയാണ് താരം

അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം വലിയ കുതിപ്പാണ് ഇന്ന് നടത്തിയത്; പ്രത്യേകിച്ച് ഗ്രൂപ്പിലെ എനര്‍ജി ഓഹരികള്‍. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും 75-80 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നതിന്റെ കരുത്തില്‍ എണ്ണക്കമ്പനി ഓഹരികളും നേട്ടത്തിലേറി. ഹിന്ദുസ്ഥാന്‍ പെട്രോളിയം 6.26 ശതമാനം, ഇന്ത്യന്‍ ഓയില്‍ 4.11 ശതമാനം, ബി.പി.സി.എല്‍ 2.97 ശതമാനം, ഒ.എന്ഡ.ജി.സി 2.73 ശതമാനം എന്നിങ്ങനെ നേട്ടം രേഖപ്പെടുത്തി. ഇതിന്റെ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 2.28 ശതമാനം നേട്ടമുണ്ടാക്കി.

നിഫ്റ്റി മെറ്റല്‍ 1.85 ശതമാനം, പി.എസ്.യു ബാങ്ക് 1.35 ശതമാനവും നിഫ്റ്റി ഓട്ടോ 0.95 ശതമാനവും നേട്ടത്തോടെ മികച്ച പിന്തുണ നല്‍കി. ഉത്സവകാലത്തെ മികച്ച വില്‍പനമികവാണ് നിഫ്റ്റി ഓട്ടോ ഓഹരികള്‍ക്ക് ഊര്‍ജമായത്.

നിഫ്റ്റി എഫ്.എം.സി.ജി., ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ എന്നിവ നഷ്ടത്തിലേക്ക് വീണു. നിഫ്റ്റി മിഡ്ക്യാപ്പ് 0.54 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.30 ശതമാനവും നേട്ടത്തിലാണുള്ളത്.

അദാനിപ്പെരുമ

നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടം കൊയ്ത ടോപ് 5 ഓഹരികള്‍ അദാനി ഗ്രൂപ്പില്‍ നിന്നുള്ളവയാണ്. അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി ഗ്രീന്‍ എര്‍ജി 13.55 ശതമാനം, അദാനി പവര്‍ 12.76 ശതമാനം, അദാനി വില്‍മര്‍ 10 ശതമാനം എന്നിങ്ങനെ കുതിച്ചു. മൊത്തം 1.25 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്ത വിപണിമൂല്യത്തില്‍ ഇന്നുണ്ടായത് (വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക).

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, എയര്‍ടെല്‍, എന്‍.ടി.പി.സി., ടൈറ്റന്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

സണ്‍ഫാര്‍മ, ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തിന്റെ വണ്ടി മിസ്സായ പ്രമുഖ ഓഹരികള്‍.  ജെ.എസ്.ഡബ്ല്യു എനര്‍ജി, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടത്; 1.95 ശതമാനം മുതല്‍ 2.63 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.

വിദേശികളുടെ തിരിച്ചുവരവ്

സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ മത്സരിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) നവംബറില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. 400 കോടിയോളം രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ ഈമാസം നടത്തിയിട്ടുള്ളത്. സെപ്റ്റംബറില്‍ 14,768 കോടി രൂപയും ഒക്ടോബറില്‍ 24,548 കോടി രൂപയും പിന്‍വലിച്ച സ്ഥാനത്താണിത്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിനെ ശുഭസൂചനയായാണ് ഓഹരി വിപണി കാണുന്നത്.

മികവോടെ കേരള ഓഹരികള്‍

കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് ഒട്ടുമിക്കവയും തന്നെ നേട്ടത്തിലേറി. കേരള ആയുര്‍വേദയും കിംഗ്‌സ് ഇന്‍ഫ്രയും 5 ശതമാനം കുതിച്ചു. പ്രിഫറൻഷ്യൽ ഓഹരികൾ വഴി മൂലധന സമാഹരണത്തിന് ഒരുങ്ങുന്നുവെന്ന പ്രഖ്യാപനമാണ് ഇരു ഓഹരികളെയും ഉയർത്തിയത്. പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ഓഹരിയോന്നിന് 142.5 രൂപ നിരക്കില്‍ 17കോടി രൂപ സമാഹരിക്കാന്‍ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ഇന്നലെ  അനുമതി നല്‍കിയിരുന്നു.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 7.60 ശതമാനം മുന്നേറി. വണ്ടര്‍ല 2.07 ശതമാനവും വി-ഗാര്‍ഡ് 4.67 ശതമാനവും നേട്ടത്തിലാണുള്ളത്. 3.55 ശതമാനമാണ് സി.എസ്.ബി ബാങ്കിന്റെ നേട്ടം. ഫാക്ട് 2.18 ശതമാനം ഉയര്‍ന്നു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

ധനലക്ഷ്മി ബാങ്ക്, ഇസാഫ് ബാങ്ക്, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, പ്രൈമ അഗ്രോ, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ടി.സി.എം., യൂണിറോയല്‍, വെര്‍ട്ടെക്‌സ് എന്നിവയും മികച്ച നേട്ടത്തിലാണുള്ളത്.

ഈസ്‌റ്റേണ്‍ 5 ശതമാനം ഇടിഞ്ഞു. ആസ്പിന്‍വോള്‍, ആസ്റ്റര്‍, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, കെ.എസ്.ഇ., സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ നഷ്ടത്തിലാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT