ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തുടര്‍ച്ചയായ ഏഴാം വ്യാപാര ദിനത്തിലും നിരാശ. ഇന്ന് സെന്‍സ്‌ക്‌സ് 61.52 പോയിന്റ് ഇടിഞ്ഞ് 80,364.94ലും നിഫ്റ്റി 19.80 പോയിന്റ് ഇടിഞ്ഞ് 24,634.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തോടെയാണ് സൂചികകള്‍ വ്യാപാരം ആരംഭിച്ചതെങ്കിലും ഇന്ത്യ-യു.എസ് വ്യാപാരചര്‍ച്ച, റിസര്‍വ് ബാങ്കിന്റെ പണനയം എന്നിവയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് വീഴ്ചയ്ക്ക് കാരണമായത്.
ഗാന്ധിജയന്തിയും ദസറയും പ്രമാണിച്ച് ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച വിപണിക്ക് അവധിയാണ്. അവധിയുടെ ആലസ്യവും ഒപ്പം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതും സൂചികകളുടെ നിരാശയ്ക്ക് ആക്കം കൂട്ടി.
ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ കുറിച്ച് വ്യക്തത ലഭിക്കാത്തതും ഐ.ടി, ഫാര്‍മ സൂചികകളില്‍ തുടരുന്ന സമ്മര്‍ദ്ദവും വിപണിയെ ദുര്‍ബലമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ്. ഇതിലേക്കാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ ശ്രദ്ധ. ഇക്കുറിയും അടിസ്ഥാന പലിശ നിരക്ക് നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് പൊതുവേ വിലയിരുത്തലുകള്‍ എങ്കിലും ദീപാവലി സര്‍പ്രൈസ് പ്രതീക്ഷിക്കുന്നവരുമുണ്ട്. രൂപയുടെ വ്യതിയാനം ഉള്‍ക്കൊള്ളാനായി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യത.
ഐ.ടി, ഫാര്‍മ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കനക്കുകയാണ്. ഇതിനിടയില്‍ ഫാര്‍മ ഓഹരിയായ വൊക്ക്ഹാര്‍ട്ട് ഇന്ന് 15 ശതമാനം ഉയര്‍ന്ന് വിപണിയെ അതിശയിപ്പിച്ചു. കമ്പനിയുടെ സേനിച്ച് എന്ന ഔഷധത്തിന് യു.എസ് താരിഫ് വലിയ മങ്ങലേല്‍പ്പിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരിയെ ഉയര്‍ത്തിയത്.
മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ കമ്പനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത്.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികള്‍ 3-5 ശതമാനം നേട്ടത്തിലായി. എണ്ണ വിലകള്‍ താഴ്ന്നാണ് നില്‍ക്കുന്നതെന്നും ഉയര്‍ന്ന വാല്വേഷന്‍ സാധ്യതകളുണ്ടെന്നും ഓയില്‍ മന്ത്രി പറഞ്ഞതാണ് ഓഹരി വിലകളില്‍ പ്രതിഫലിച്ചത്.
ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് 3,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചത് ഭാരത് ഇലക്ട്രോണിക് ഓഹരികളെ ഒരു ശതമാനം ഉയര്‍ത്തി.
മോര്‍ഗാന്‍ സ്റ്റാന്‍ലി ഓഹരി അപ്‌ഗ്രേഡ് ചെയ്തത് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളെയും ഒരു ശതമാനം ഉയര്‍ത്തി.
കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഓഹരികളും നഷ്ടചുവപ്പിലാണ്. വാഹന ഡീലര്‍ ആയ പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി എട്ട് ശതമാനം മുന്നേറ്റം കാഴ്ചവച്ചു. സ്വര്‍ണ വില പുതിയ റെക്കോഡുകള്‍ മറികടന്നത് സ്വര്‍ണ പണയ വ്യാപാര സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഓഹരികളെ നേട്ടത്തില്‍ നിലനിര്‍ത്തി. വെര്‍ട്ടെക്‌സ് ആണ് ശതമാനക്കണക്കില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ച കേരള ഓഹരി. 9.81 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. സെല്ല സ്‌പേസ്, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ എന്നിവയും മികച്ച നേട്ടം കാഴ്ചവച്ചു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. ഫാക്ട് ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിവിലാണ്. ആഡ്‌ടെക്, അപ്പോളോ ടയേഴ്‌സ്, പോപ്പീസ് കെയര്‍, ടിസിഎം, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine