Markets

ഫാര്‍മയാണ് താരം, ഓഹരികളില്‍ നേട്ടപ്പെരുമഴ; എല്‍&ടിയും വേദാന്തയും കുതിച്ചു

ക്രൂഡും അമേരിക്കന്‍ ബോണ്ടും ഇടിഞ്ഞത് നേട്ടമായി, എം.സി.എക്‌സ് 8% ഇടിഞ്ഞു, ഐ.ടി ഓഹരികള്‍ കിതച്ചു, രൂപയും മിന്നി

Anilkumar Sharma

ആശങ്കയുടെ കാര്‍മേഘം സൃഷ്ടിച്ച് ഇന്നലെവരെ നിറഞ്ഞുനിന്ന നിരവധി വെല്ലുവിളികള്‍ ഒറ്റദിവസം കൊണ്ട് മലക്കംമറിഞ്ഞതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പെയ്തത് നേട്ടത്തിന്റെ പെരുമഴ. ബാരലിന് 100 ഡോളറിലേക്ക് കുതിച്ച ക്രൂഡോയില്‍ വില ഇന്ന് 95 ഡോളറിലേക്ക് താഴ്ന്നത് ആഗോളതലത്തില്‍ ഓഹരി വിപണിക്ക് വന്‍ ഉണര്‍വായി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 ഏറെക്കാലമായി കുതിച്ചുയര്‍ന്നിരുന്ന അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ചയുടെ ട്രാക്കിലേക്ക് ഇറങ്ങിയതും മറ്റ് മുന്‍നിര കറന്‍സികള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായതും ഓഹരി നിക്ഷേപകര്‍ ആഘോഷമാക്കി. യു.കെയുടെ ജി.ഡി.പി വളര്‍ച്ച കൊവിഡിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലെത്തിയതും ഗുണം ചെയ്തു. ഏപ്രില്‍-ജൂണില്‍ 0.2 ശതമാനമാണ് യു.കെ വളര്‍ന്നത്.

ഇന്ന് തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഒരുവേള 600 പോയിന്റിലധികം മുന്നേറി 66,000വും ഭേദിച്ച് 66,151 പോയിന്റുവരെ എത്തിയ സെന്‍സെക്‌സ് പക്ഷേ, അവസാന മണിക്കൂറിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് വ്യാപാരാന്ത്യം നേട്ടം നിജപ്പെടുത്തി 65,828.41ലെത്തി. 320.09 പോയിന്റാണ് (0.49%) ഇന്നത്തെ നേട്ടം. ഇന്നൊരുവേള 19,726 വരെ ഉയര്‍ന്ന നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 114.75 പോയിന്റ് (0.59%) നേട്ടവുമായി 19,638.30ല്‍.

വാങ്ങല്‍ ട്രെന്‍ഡില്‍ തിളങ്ങി സൂചികകള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിറ്റൊഴിയലിന് കൂടുതല്‍ ഊന്നല്‍ നല്‍കിയ നിക്ഷേപകര്‍ ഇന്ന് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. സെന്‍സെക്‌സില്‍ 2,350 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,278 ഓഹരികളാണ് നഷ്ടം രുചിച്ചത്. 153 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

192 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 35 എണ്ണം താഴ്ചയും കണ്ടു. ഏഴ് വീതം ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും ലോവര്‍-സര്‍കീട്ടിലുമായിരുന്നു. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 2.57 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 319.08 ലക്ഷം കോടി രൂപയിലുമെത്തി.

നേട്ടത്തിലേറിയവര്‍

സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നേട്ടത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത്. എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്‍ഡ് ടി., എസ്.ബി.ഐ., എന്നിവയിലും മികച്ച വാങ്ങല്‍ താത്പര്യമുണ്ടായി.

ജെഫറീസ്, യു.ബി.എസ് എന്നിവയില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് ലഭിച്ചതിനെ തുടര്‍ന്ന് എല്‍ ആന്‍ഡ് ടിയുടെ ഓഹരികള്‍ ഇന്ന് 1.5 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 3,507 രൂപവരെയെത്തി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

സോണിയുമായുള്ള ലയനം ഏതാനും മാസങ്ങള്‍ക്കകം നടക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി 3 ശതമാനം ഉയര്‍ന്നു. ജെറ്റ് എയര്‍വേസിനെ സ്വന്തമാക്കുന്ന ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം (ജെ.കെ.സി) 100 കോടി രൂപ കൂടി നിക്ഷേപിച്ച പശ്ചാത്തലത്തില്‍, ജെറ്റ് ഓഹരികള്‍ ഇന്ന് 5 ശതമാനം മുന്നേറി അപ്പര്‍-സര്‍കീട്ടിലെത്തി.

വേദാന്ത, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, ഓറോബിന്ദോ ഫാര്‍മ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അനില്‍ അഗര്‍വാള്‍ നയിക്കുന്ന മൈനിംഗ് കമ്പനിയായ വേദാന്ദ 2023ലെ ഏറ്റവും മികച്ച ഏകദിന നേട്ടമാണ് ഇന്ന് കുറിച്ചത്.

7 ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷമാണ് വേദാന്ത ഓഹരികള്‍ നേട്ടത്തിലേറിയതെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം 31 മാസത്തെ താഴ്ചയില്‍ നിന്നാണ് വേദാന്ത ഓഹരിവില കരകയറുന്നത്.

ആറ് ലിസ്റ്റഡ് കമ്പനികളായി വേദാന്തയെ പുനഃസംഘടിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഓഹരി നിക്ഷേപകരെ സന്തോഷിപ്പിച്ചുവെന്നാണ് ഓഹരിക്കുതിപ്പ് വ്യക്തമാക്കുന്നത്. ഉപ കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്കും പുനഃസംഘടന ആലോചിക്കുന്നു. മാത്രമല്ല, വേദാന്തയുടെ 2,500 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഓഹരി അലോട്ട്‌മെന്റ് തീരുമാനവും ഇന്ന് ഓഹരികള്‍ക്ക് ഉന്മേഷമായിട്ടുണ്ട്.

ഐ.ടിക്ക് മാത്രം വീഴ്ച, ഫാര്‍മയ്ക്ക് കുതിപ്പ്

നേരത്തേ വിലയിരുത്തിയ വരുമാന, വളര്‍ച്ചാപ്രതീക്ഷകള്‍ നേടുക പ്രയാസമാകുമെന്ന പ്രമുഖ ഐ.ടി കമ്പനിയായ അക്‌സെഞ്ചറിന്റെ അഭിപ്രായപ്രകടനം ഇന്ന് മറ്റ് ഐ.ടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയായി.

നിഫ്റ്റിയില്‍ ഐ.ടി ഓഹരി സൂചിക മാത്രമാണ് ഇന്ന് നഷ്ടം (0.30%) കുറിച്ചത്. ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, എച്ച്.സി.എല്‍ ടെക് ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

മുഖ്യ വിപണിയും പ്രധാന വരുമാന സ്രോതസ്സുമായ അമേരിക്കയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഫാര്‍മ ഓഹരികള്‍ ഇന്ന് 9 ശതമാനത്തിലധികം മുന്നേറി.

ഇന്‍ട്രാ-ഡേയില്‍ 9.5 ശതമാനത്തിലധികം കുതിച്ച ഗ്ലെന്‍മാര്‍ക്കാണ് നേട്ടത്തിന് ഉത്തേജകം പകര്‍ന്നത്.

ഉപ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരി വില്‍പനയ്ക്ക് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ പോസിറ്റീവ് ഔട്ട്‌ലുക്ക് ലഭിച്ചതും ഊര്‍ജമായി.

ഓറോബിന്ദോ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ആബട്ട് ഇന്ത്യ, ടോറന്റ് ഫാര്‍മ, സണ്‍ഫാര്‍മ, ഡിവീസ് ലാബ്, ഗ്ലാന്‍ഡ് ഫാര്‍മ, ഗ്രാന്യൂല്‍സ്, സിപ്ല, ലോറസ് ലാബ്, ബയോകോണ്‍ തുടങ്ങിയവയും നേട്ടം കുറിച്ചു.

നിഫ്റ്റി ഫാര്‍മ സൂചിക ഇന്ന് 2.66 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.56 ശതമാനവും നേട്ടത്തിലാണ്. മീഡിയ, മെറ്റല്‍ എന്നിവ 1.9 ശതമാനം ഉയര്‍ന്നു. പി.എസ്.യു ബാങ്ക് 1.63 ശതമാനവും സ്വകാര്യബാങ്ക് 0.73 ശതമാനവും ധനകാര്യ സേവനം 0.69 ശതമാനവും നേട്ടത്തിവേറി. നിഫ്റ്റി ബാങ്ക് 0.64 ശതമാനം ഉയര്‍ന്ന് 44,584ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.08 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.99 ശതമാനവും ഉയര്‍ന്നു.

കിതച്ചവര്‍

സെന്‍സെക്‌സില്‍ ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ടി.സി.എസ് എന്നിവയാണ് നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.

നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത് ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ഡെല്‍ഹിവെറി, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയാണ്.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയുമെന്ന അബുദബി കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ (ഐ.എച്ച്.സി) പ്രഖ്യാപനമാണ് അദാനി ഗ്രൂപ്പ് ഓഹരികളെ ഇന്ന് പ്രധാനമായും വലച്ചത്.

പുതിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സെബി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എം.സി.എക്‌സ് ഓഹരി 8 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് വ്യാപാര എക്‌സ്‌ചേഞ്ചാണ് എം.സി.എക്‌സ്.

രൂപയുടെ തിളക്കം

ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പി ഇന്ന് 10 പൈസ ഉയര്‍ന്ന് 83.10ലെത്തി. യു.എസ് ട്രഷറി യീല്‍ഡിലെ ഇടിവ്, ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 0.16 ശതമാനം ഇടിഞ്ഞ് 106.05ലെത്തിയത് രൂപയ്ക്ക് നേട്ടമായി.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നത് രൂപയ്ക്കുമേല്‍ സമ്മര്‍ദ്ദമാകുന്നുണ്ടെങ്കിലും ഡോളര്‍ വിറ്റഴിച്ച് റിസര്‍വ് ബാങ്ക് രൂപയുടെ രക്ഷയ്‌ക്കെത്തിയതും തുണയായി. ഈമാസം ഇതുവരെ മാത്രം 25,000 കോടിയോളം രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിട്ടുണ്ട്.

കേരള കമ്പനികളില്‍ കേരള ആയുര്‍വേദ

കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും തിളങ്ങിയത് കേരള ആയുര്‍വേദയാണ്; നാല് ശതമാനത്തിലധികമാണ് നേട്ടം. കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും തിളങ്ങി. സ്‌കൂബിഡേ, ടി.സി.എം., പ്രൈമ ആഗ്രോ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിവയാണ് നഷ്ടം നേരിട്ടത്.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT