ഇന്നലത്തെ നേട്ടം തുടരാനാകാതെ വിപണി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങള്‍ മൂലം വിപണി കടുത്ത സമ്മർദ്ദം നേരിട്ടു. ഇത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. ദിവസം മുഴുവൻ ജാഗ്രതയോടെയുള്ള സമീപനമാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഫ്ലാറ്റായാണ് വിപണി ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളും കമ്പനികളുടെ വരാനിരിക്കുന്ന നാലാം പാദ ഫലങ്ങളും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നാളെ (മെയ് 1) അവധി ആയതിനാലും വിപണി സംയമനത്തിന്റെ പാതയാണ് തിരഞ്ഞെടുത്തത്. ദിവസം മുഴുവന്‍ വലിയ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്.
സെൻസെക്സ് 0.06 ശതമാനം ( 46.14 പോയിന്റ്) ഇടിഞ്ഞ് 80,242.24 ലും നിഫ്റ്റി 0.01 ശതമാനം (1.75 പോയിന്റ്) ഇടിഞ്ഞ് 24,334.20 ലും എത്തി. ഏകദേശം 938 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോള്‍ 2828 ഓഹരികൾ നഷ്ടത്തിലായി. 141 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
മേഖലകളിൽ റിയൽറ്റി സൂചിക ഏകദേശം 2 ശതമാനം ഉയർന്നു. മീഡിയ, പിഎസ്‌യു ബാങ്ക് സൂചികകൾ 2 ശതമാനം വീതവും ഐടി, ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ 0.5 ശതമാനം വീതവും ഇടിഞ്ഞു.
മിഡ്‌ക്യാപ് സൂചിക 0.85 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.
മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളുടെ വരാനിരിക്കുന്ന വരുമാന റിപ്പോർട്ടുകൾക്ക് മുന്നോടിയായി നിക്ഷേപകരുടെ താൽപര്യം വർദ്ധിക്കുന്നതാണ് റിയൽറ്റി സൂചികയില്‍ പ്രതിഫലിച്ചത്. ഗോദ്‌റെജ് പ്രോപ്പർട്ടീസ് മെയ് 2 നാണ് വരുമാനം പ്രഖ്യാപിക്കുന്നത്. അക്ഷയ തൃതീയ ദിനമായതും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വിന് കാരണമാണ്.
ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഓഹരികൾ ഏകദേശം 2 ശതമാനം ഉയർന്ന് 2,139 രൂപയിലെത്തി. ഡിഎൽഎഫ് ഓഹരികൾ 1.73 ശതമാനം ഉയർന്ന് 670 രൂപയിലെത്തി. ശോഭ, ഒബ്റോയ് റിയൽറ്റി എന്നിവയുടെ ഓഹരികളും നേട്ടത്തിലായിരുന്നു.
മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, പവർ ഗ്രിഡ് കോർപ്പ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
എസ്ബിഐ ഓഹരികൾ 3 ശതമാനം ഇടിഞ്ഞു. 2026 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഫോളോ-ഓൺ പബ്ലിക് ഓഫർ (FPO), റൈറ്റ്സ് ഇഷ്യു, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (QIP) എന്നിവയുൾപ്പെടെ വിവിധ ഫണ്ട്‌റൈസിംഗ് ഓപ്ഷനുകൾ ബാങ്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഓഹരിയില്‍ ഇടിവുണ്ടായത്. മൂലധന സമാഹരണം സംബന്ധിച്ച അന്തിമ തീരുമാനം മെയ് 3 ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഓഹരി 787 രൂപയില്‍ ക്ലോസ് ചെയ്തു.
വരുൺ ബിവറേജസ് ഓഹരികൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. വരുമാനത്തിലും അറ്റാദായത്തിലും കമ്പനി വർദ്ധനവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓഹരിയുടെ ഇടിവ് നിക്ഷേപകരുടെ പെരുമാറ്റത്തിന്റെയും സങ്കീർണ്ണതകൾ സൂചിപ്പിക്കുന്നതാണ്. ഓഹരി 519 രൂപയില്‍ ക്ലോസ് ചെയ്തു.
ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ട്രെന്റ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഭൂരിഭാഗം കേരളാ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരള ആയുര്‍വേദ 3.88 ശതമാനം ഉയര്‍ച്ചയോടെ നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 352 രൂപയിലാണ് ക്ലോസ്ചെയ്തത്. സ്കൂബി ഡേ (3.60%), അപ്പോളോ ടയേഴ്സ് (3.09%), ആഡ്ടെക്സ് സിസ്റ്റംസ് (2.60%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 4 ശതമാനം നഷ്ടത്തില്‍ 1585 രൂപയിലെത്തി. ഫാക്ട് നേരിയ ലാഭത്തില്‍ (0.20%) ക്ലോസ് ചെയ്തു.
കിറ്റെക്സ് ഗാര്‍മെന്റ്സ് 5 ശതമാനം നഷ്ടത്തില്‍ 242 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 4,052 കോടി രൂപയുടെ വാർഷിക അറ്റാദായം ഫെഡറൽ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും ഓഹരിക്ക് ബുധനാഴ്ച ശോഭിക്കാനായില്ല, ഓഹരി 3.57 ശതമാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ജിയോജിത്ത് (4%), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (3.53%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (3.43%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് തിളങ്ങാനായില്ല.
Stock market closing analysis 30 april 2025.
Read DhanamOnline in English
Subscribe to Dhanam Magazine