Markets

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ആശങ്കയില്‍ മുങ്ങി വിപണി, സൂചികകള്‍ക്ക് നേരിയ നേട്ടം, കേരള ആയുര്‍വേദയും ആഡ്‌ടെക്കും മുന്നേറ്റത്തില്‍

ഇന്ത്യന്‍ രൂപയും ഇന്ന് വലിയ സമ്മര്‍ദ്ദത്തിലായി

Dhanam News Desk

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ പിടിച്ചു നിന്നെങ്കിലും കാര്യമായ മുന്നേറ്റം കാഴ്ചവച്ചില്ല. സെന്‍സെക്‌സ് 144 പോയിന്റ് ഉയര്‍ന്ന് 81,481.86ലും നിഫ്റ്റി 34 പോയിന്റ് മാത്രമുയര്‍ന്ന് 24,855.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം മിഡ്ക്യാപ് സൂചികകള്‍ 0.07 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.52 ശതമാനവും ഇടിവിലാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, ഐ.ടി, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലുണ്ടായിരുന്നത്.

നിഫ്റ്റി സൂചികകളുടെ പ്രകടനം

ഇന്ത്യന്‍ രൂപയും ഇന്ന് വലിയ സമ്മര്‍ദ്ദത്തിലായി. മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 0.7 ശതമാനം ഇടിഞ്ഞു.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ ഇനിയും അന്തിമമാകാത്തതിലുള്ള ആശങ്കകളാണ് വിപണിയിലും നിഴലിച്ചത്. ട്രംപിന്റെ തീരുവ ആശ്വാസ കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കുകയാണ്. അതിനു ശേഷം എന്താകുമെന്നതാണ് ആശങ്കയ്ക്ക് കാരണം.

ഓഗസ്റ്റിലും വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ 26 ശതമാനം നികുതിയാണ് യു.എസിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതിക്ക് ഈടാക്കുക.

വ്യാപാര കരാറിനു പുറമെ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണനയം ഇന്ന് പുറത്തുവരുന്നതും വിപണിയുടെ പ്രകടനത്തെ ബാധിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.

ഓഹരികളുടെ പ്രകടനം

എല്‍ ആന്‍ഡ് ടി ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഇന്ന് സൂചികകളെ നേട്ടത്തിലാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ഇരട്ടയക്ക വളര്‍ച്ച നേടിയത് ഓഹരികളെ അഞ്ച് ശതമാനം ഉയര്‍ത്തി.

ഒന്നാം പാദഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ചില പ്രത്യേക മേഖലകളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്.

സ്‌റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അതിനനുസരിച്ച് നിക്ഷേപവും ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നും അവന്യു സൂപ്പര്‍മാര്‍ട്‌സിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കിയത് ഓഹരികളെ ഏഴ് ശതമാനം ഉയര്‍ത്തി.

രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചാ പ്രതീക്ഷ പങ്കുവച്ചത് കെ.പി.ഐ.ടി ടെക്‌നോളജി ഓഹരികളെ അഞ്ച് ശതമാനം ഉയര്‍ത്തി. ഒന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

ടാറ്റ മോട്ടോഴ്‌സ് ഇറ്റാലിയന്‍ ട്രക്ക് നിര്‍മാണ കമ്പനിയായ ഇവെക്കോയെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ഓഹരി വിലയില്‍ 3.5 ശതമാനം ഇടിവുണ്ടാക്കി.

മുന്നേറ്റത്തില്‍ ആഡ്‌ടെകും കേരള ആയുര്‍വേദയും

കേരള ഓഹരികളില്‍ ഇന്ന് ആഡ്‌ടെക് സിസ്റ്റംസ് ഏഴ് ശതമാനത്തിലധികം ഉയര്‍ന്നു. ഓഹരി വില 70 രൂപയിലെത്തി. കേരള ആയുര്‍വേദയ്ക്കും വലിയ മുന്നേറ്റമുണ്ട്. അഞ്ച് ശതമാനം ഉയര്‍ന്ന് 553 രൂപയിലെത്തി. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സും അഞ്ച് ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ടി.സി.എം, എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ് എന്നിവയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

കേരള ഓഹരികളുടെ പ്രകടനം

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ആണ് നഷ്ടത്തില്‍ മുന്നില്‍ നിന്നത്. 5.56 ശതമാനമാണ് ഓഹരിയുടെ ഇടിവ്. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഓഹരികളും 4 ശതമാനത്തിലധികം നഷ്ടത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT