Markets

നിക്ഷേപകർ സമ്പാദിച്ചത് ₹4.5 ലക്ഷം കോടിയിലധികം; ടാറ്റ സ്റ്റീൽ, മണപ്പുറം ഫിനാന്‍സ്, ഹീറോ മോട്ടോകോർപ്പ് നേട്ടത്തില്‍, നിറ്റാ ജെലാറ്റിന്‍ ഇടിവില്‍

ഓട്ടോ, മെറ്റല്‍ ഓഹരികളുടെ മികച്ച പ്രകടനം വിപണിക്ക് കരുത്തായി

Dhanam News Desk

വെളളിയാഴ്ച നഷ്ടത്തിലായിരുന്ന ഓഹരി വിപണി നേട്ടത്തോടെ പുതിയ വാരം ആരംഭിച്ചു. പോസറ്റീവ് ആയ ആഗോള സൂചികകളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ഓട്ടോ, മെറ്റല്‍ ഓഹരികളുടെ മികച്ച പ്രകടനവും വിപണിക്ക് കരുത്തായി. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്, ചൈന ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക തുടങ്ങിയ ആഗോള വിപണികള്‍ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഏഷ്യൻ വ്യാപാര സമയത്ത് യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ പോസിറ്റീവ് ആയി വ്യാപാരം നടത്തിയതും ആഭ്യന്തര വിപണിക്ക് ഊര്‍ജം പകര്‍ന്നു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 444.5 ലക്ഷം കോടി രൂപയിൽ നിന്ന് 449 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകര്‍ക്കുണ്ടായ നേട്ടം ഏകദേശം 4.5 ലക്ഷം കോടി രൂപയാണ്.

ബ്രെന്റ് ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയില്‍ 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 69.51 യുഎസ് ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് പണപ്പെരുപ്പ ആശങ്കകൾക്ക് ആശ്വാസം നൽകുന്നതാണ്. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് പോസിറ്റീവായ ഉത്തേജനം നല്‍കുന്നതാണിത്. കമ്പനികളുടെ മികച്ച ത്രൈമാസ ഫലങ്ങളെ തുടര്‍ന്ന് ഓട്ടോ സൂചിക മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 1.61 ശതമാനം ഉയർന്നു. യുഎസ് ഡോളർ മൂല്യം കുറഞ്ഞതോടെ വിദേശ വാങ്ങലുകാര്‍ക്ക് കൂടുതൽ ആകർഷകമായ ഉൽപ്പന്നമായതില്‍ മെറ്റല്‍ ഓഹരികളും മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി മെറ്റൽ സൂചിക 2.48 ശതമാനമാണ് ഉയർന്നത്.

സെൻസെക്സ് 0.52 ശതമാനം (419 പോയിന്റ്) ഉയർന്ന് 81,018.72 ലും നിഫ്റ്റി 0.64 ശതമാനം (157 പോയിന്റ്) ഉയർന്ന് 24,722.75 ലും എത്തി.

മിഡ് ക്യാപ് സൂചിക 1.40 ശതമാനം കുതിച്ചുയർന്നപ്പോൾ, സ്മോൾ ക്യാപ് സൂചിക 1.27 ശതമാനം ഉയർന്നു.

റിയൽറ്റി, ഐടി, ടെലികോം, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഓട്ടോ സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഹീറോ മോട്ടോകോർപ്പ് ഓഹരികളാണ്. 2025 ജൂലൈയിൽ 4.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മോട്ടോർസൈക്കിൾ വിൽപ്പന ഏകദേശം 18 ശതമാനം വർധിച്ച് 4 ലക്ഷം യൂണിറ്റായപ്പോൾ, സ്കൂട്ടർ വിൽപ്പന 64 ശതമാനത്തിലധികം വർധിച്ച് 49,140 യൂണിറ്റായി. ഓഹരി 5 ശതമാനത്തിലധികം ഉയർന്ന് 4,535 രൂപയിലെത്തി.

ടിവിഎസ് മോട്ടോർ കമ്പനിയുടെ ഓഹരികൾ 3 ശതമാനത്തോളം ഉയർന്ന് 2,938 രൂപയിലെത്തി. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 35 ശതമാനം വാർഷിക വർധനയോടെ 779 കോടി രൂപയായി. ജൂലൈയിൽ കമ്പനിയുടെ പ്രതിമാസ വിൽപ്പന 29 ശതമാനം വർധിച്ച് 4.56 ലക്ഷം യൂണിറ്റായി.

ടാറ്റ സ്റ്റീൽ (4.08%), ഭാരത് ഇലക്ട്രോണിക്സ്, അദാനി പോർട്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

വൈദ്യുതി ഉപകരണ നിർമ്മാതാക്കളായ എബിബി ഇന്ത്യയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 352 കോടി രൂപയായി. സാധ്യത കുറഞ്ഞ വിപണി സാഹചര്യങ്ങൾ വലിയ ഓർഡറുകളെ ബാധിച്ചതായി കമ്പനി വ്യക്തമാക്കി. വിദേശനാണ്യ വിപണിയിലെ ചാഞ്ചാട്ടവും കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചു. ഓഹരി 5,100 രൂപയിലാണ് ക്ലോസ് ചെയ്തത്.

പവർ ഗ്രിഡ് കോർപ്പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. മണപ്പുറം ഫിനാന്‍സ് 6.27 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. സ്കൂബി ഡേ ഗാര്‍മെന്റ്സ് 2.57 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 2.90 ശതമാനവും കല്യാണ്‍ ജുവലേഴ്സ് 2.09 ശതമാനവും നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.36 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാക്ട് ഓഹരി നേരിയ നേട്ടത്തില്‍ (0.39%) വ്യാപാരം അവസാനിപ്പിച്ചു.

നിറ്റാ ജെലാറ്റിന്‍ 6.42 ശതമാനം നഷ്ടത്തില്‍ 881 രൂപയിലെത്തി. കിറ്റെക്സ് ഗാര്‍മെന്റ്സ് (-3.67%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (-2.46%), പോപ്പുലര്‍ വെഹിക്കിള്‍സ് (-2.33%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.

Stock market closing analysis 4 August 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT