Markets

സങ്കടപ്പത്ത് പിന്നിട്ട് ഓഹരി വിപണി, തുടര്‍നഷ്ടം വര്‍ഷങ്ങള്‍ക്ക് ശേഷം; ഇന്ന് പോറലേല്‍ക്കാതെ ഷിപ്‌യാര്‍ഡ്, കല്യാണ്‍, കിറ്റെക്‌സ്

അന്താരാഷ്ട്ര തലത്തില്‍ വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം വിപണിയെ പ്രതിസന്ധിയിലാക്കുന്നു.

Sutheesh Hariharan

നഷ്ട പരമ്പര തുടര്‍ന്ന് നിഫ്റ്റി. തുടർച്ചയായ പത്താം ദിവസവും നിഫ്റ്റി നഷ്ടം രേഖപ്പെടുത്തി. 29 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ട പരമ്പരയാണ് നിഫ്റ്റി രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം വിപണിയെ പ്രതിസന്ധിയിലാക്കുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) വിറ്റൊഴിക്കല്‍ തുടരുന്നതും കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ യു.എസ് ഏർപ്പെടുത്തിയ താരിഫുകളും റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിലുണ്ടായിരിക്കുന്ന പുതിയ സംഭവ വികാസങ്ങളും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചതാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. ഐ.ടി, ഓട്ടോ ഓഹരികൾ വിപണിയുടെ തകര്‍‌ച്ചയ്ക്ക് ആക്കം കൂട്ടി.

ഉപഭോഗത്തിൽ വര്‍ധന ഉണ്ടായിട്ടും ഫെബ്രുവരിയിൽ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പി.എം.ഐ 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 56.3 ല്‍ എത്തി. ഉൽപ്പാദനത്തിലും പുതിയ ഓർഡറുകളിലുമുളള മന്ദഗതിയെ സൂചിപ്പിക്കുന്നതാണ് ഇത്.

സെൻസെക്സ് 0.13 ശതമാനം (96.01 പോയിന്റ്) ഇടിഞ്ഞ് 72,989.93 ലും നിഫ്റ്റി 0.17 ശതമാനം ( 36.65 പോയിന്റ്) ഇടിഞ്ഞ് 22,082.65 ലും എത്തി.

ഓട്ടോ, ഐടി, ടെലികോം, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകള്‍ 0.01 ശതമാനം മുതല്‍ 1.35 ശതമാനം വരെ ഇടിഞ്ഞു. ബാങ്ക്, കാപ്പിറ്റൽ ഗുഡ്സ്, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, പിഎസ്‌യു ബാങ്ക് എന്നിവ 0.20 ശതമാനം മുതല്‍ 2.40 ശതമാനം വരെ നേട്ടത്തിലായിരുന്നു.

നിഫ്റ്റി സ്മാള്‍ ക്യാപ് 0.69 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.05 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

കോഫി ഡേ എന്റർപ്രൈസസിന്റെ ഓഹരികൾ ഏകദേശം 20 ശതമാനം നേട്ടമുണ്ടാക്കി. ഐഡിബിഐ ട്രസ്റ്റിഷിപ്പ് 228 കോടി രൂപയുടെ വീഴ്ചയുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നല്‍കിയ പാപ്പരത്ത ഹർജി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (NCLAT) ചെന്നൈ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. ഓഹരി 30.63 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഭാരത് ഇലക്ട്രോണിക്സ്, എസ്‌ബി‌ഐ, ബി‌പി‌സി‌എൽ, ശ്രീറാം ഫിനാൻസ്, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ബജാജ് ഓട്ടോ 5 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കമ്പനിയുടെ ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കയറ്റുമതിയിൽ 23 ശതമാനം വർധന ഉണ്ടായിട്ടും ആഭ്യന്തര വിൽപ്പനയിൽ 14 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ ഉപഭോക്തൃ ആവശ്യകത ദുർബലമായത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതാണ് ഓഹരി ഇടിയാന്‍ കാരണം. ഓഹരി 7,332 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിൻ‌സെർവ്, നെസ്‌ലെ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

ഫാക്ട് നേട്ടത്തില്‍

കേരളാ കമ്പനികള്‍ ചൊവാഴ്ച സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. കിറ്റെക്സ് ഗാര്‍മെന്റ്സ് 5 ശതമാനം നേട്ടത്തില്‍ 161 രൂപയിലാണ് ക്ലോസ് ചെയ്തത്.

ആസ്പിന്‍വാള്‍ (4%), കല്യാണ്‍ ജുവലേഴ്സ് (3.53%), കൊച്ചിന്‍ മിനറല്‍സ് (2.28%), നിറ്റാ ജെലാറ്റിന്‍ (2.17%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരളാ കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 3.80 ശതമാനം നേട്ടത്തില്‍ 1,264 രൂപയില്‍ എത്തിയപ്പോള്‍ ഫാക്ട് 2.50 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.

ടോളിന്‍സ് ടയേഴ്സ് 5.31 ശതമാനം നഷ്ടത്തില്‍ 110 രൂപയിലാണ് ക്ലോസ് ചെയ്തത്. അപ്പോളോ ടയേഴ്സ് (2.14%), സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, പോപ്പീസ്, പോപ്പുലര്‍ വെഹിക്കിള്‍സ്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ് തുടങ്ങിയവ നഷ്ടത്തിലാണ് ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT