ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് ഉയിർത്തെഴുന്നേറ്റു. ഇന്നലെ 3.24 ശതമാനം ഇടിഞ്ഞ നിഫ്റ്റിയും 2.95 ശതമാനം ഇടിഞ്ഞ സെന്‍സെക്‌സും ഇന്ന് നേട്ടത്തിലായി. ശക്തമായ നിലയില്‍ വ്യാപാരം ആരംഭിച്ച ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയ്ക്കും മികച്ച നിലയിലെത്താനായി. ആര്‍.ബി.ഐ കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക് ഊര്‍ജം പകര്‍ന്നു. കമ്പനികളുടെ മികച്ച നാലാം പാദ ഫലങ്ങളും വിപണി നേട്ടത്തിലാകാനുളള കാരണങ്ങളാണ്.
മറ്റ് രാജ്യങ്ങൾ തത്തുല്യ ഇറക്കുമതി ചുങ്കം സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതും വിപണിക്ക് ആശ്വാസം പകര്‍ന്നു.
സെൻസെക്സ് 1.49 ശതമാനം (1,089.18 പോയിന്റ്) ഉയർന്ന് 74,227.08 ലും നിഫ്റ്റി 1.69 ശതമാനം (374.25 പോയിന്റ്) ഉയർന്ന് 22,535.85 ലും ക്ലോസ് ചെയ്തു.
കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പി.എസ്.യു, റിയൽറ്റി, ടെലികോം, മീഡിയ എന്നീ മേഖലകള്‍ 2 മുതല്‍ 4 ശതമാനം വരെ നേട്ടം കാഴ്ചവെച്ചു.
മിഡ്ക്യാപ് സൂചിക 2.11 ശതമാനവും സ്മോൾക്യാപ് സൂചിക 2.13 ശതമാനവും ഉയർന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ തുടങ്ങിയ എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഗാർഹിക എൽപിജി യുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനവും പെട്രോളിനും ഡീസലിനും പ്രത്യേക എക്സൈസ് തീരുവ ഏർപ്പെടുത്തിയതും ഓഹരികൾക്ക് നേട്ടമായി. ഹിന്ദുസ്ഥാൻ പെട്രോളിയം ഓഹരി 4.69 ശതമാനം ഉയര്‍ന്ന് 369 രൂപയില്‍ ക്ലോസ് ചെയ്തു.
ജിയോ ഫിനാൻഷ്യൽ, ശ്രീറാം ഫിനാൻസ്, ടൈറ്റൻ കമ്പനി, സിപ്ല, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (ഐജിഎൽ) ഓഹരികൾ ചൊവ്വാഴ്ച 3.50 ശതമാനം ഇടിഞ്ഞു. ഡൽഹിയിൽ സിഎൻജി ഓട്ടോറിക്ഷകൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ് 15 മുതൽ സിഎൻജി ഓട്ടോറിക്ഷ രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് കരട് ഇവി പോളിസി വ്യക്തമാക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഓഹരി 181 രൂപയില്‍ ക്ലോസ് ചെയ്തു.
പവർ ഗ്രിഡ്, വോഡഫോൺ ഐഡിയ, മാൻകൈൻഡ് ഫാർമ, സീമെൻസ്, ആസ്ട്രൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികളിലും ഇന്ന് ഭൂരിഭാഗം ഓഹരികളും നേട്ടത്തിലായിരുന്നു. വണ്ടര്‍ലാ ഹോളിഡേയ്സ് 6.13 ശതമാനം നേട്ടത്തില്‍ 668 രൂപയിലാണ് ക്ലോസ് ചെയ്തത്. കിംഗ്സ് ഇന്‍ഫ്രാ (6%), കിറ്റെക്സ് (4.44%), മുത്തൂറ്റ് മൈക്രോഫിന്‍ (3.69%), ആഡ്ടെക് സിസ്റ്റംസ് (9.92%) തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഫാക്ട് ഓഹരി 4.78 ശതമാനം നേട്ടത്തില്‍ 613 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ്‌യാർഡ് 2.89 ശതമാനം നേട്ടം രേഖപ്പെടുത്തി.
വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സാണ് ഇന്ന് നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നത്. ഓഹരി 6.53 ശതമാനം ഇടിഞ്ഞ് 154 രൂപയിലാണ് ക്ലോസ് ചെയ്തത്. പോപ്പീസ് കെയര്‍ (5%), ആസ്പിന്‍വാള്‍ (0.49%), കൊച്ചിന്‍ മിനറല്‍സ് (0.20%) തുടങ്ങിയ ഓഹരികള്‍ക്കും ചൊവ്വ നഷ്ട ദിനമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine