Markets

നിക്ഷേപക മൂല്യത്തില്‍ ₹13 ലക്ഷം കോടിയുടെ വര്‍ധന, സാമ്പത്തിക വര്‍ഷത്തിന് ശുഭാരംഭം; ഇന്ന് ഓഹരിവിപണിയില്‍ സംഭവിച്ചതെന്ത്?

അനുകൂല ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പി.എസ്.യു ബാങ്ക് സൂചിക 3.70 ശതമാനവും ഐടി 2.09 ശതമാനവും മെറ്റല്‍ 3.69 ശതമാനവും കരുത്തുകാട്ടി

Dhanam News Desk

ഇന്ത്യന്‍ ഓഹരിക്ക് വിപണിക്ക് പുതിയ സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ ദിനത്തില്‍ ശുഭാരംഭം. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ സെന്‍സെക്‌സ് ഇന്ന് 73,134.32 പോയിന്റിലേക്ക് ഉയര്‍ന്നപ്പോള്‍ നിക്ഷേപകരുടെ സമ്പത്തില്‍ നേട്ടമുണ്ടായത് 13 ലക്ഷം കോടിയുടേത്.

ഇന്ന് 1,186.77 പോയിന്റാണ് സെന്‍സെക്‌സ് മുന്നേറിയത്. നിഫ്റ്റി 348 പോയിന്റ് മെച്ചപ്പെടുത്തി 22,679ല്‍ ക്ലോസ് ചെയ്തു. ഇന്‍ട്രാഡേയില്‍ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 2,000 പോയിന്റിലധികം ഉയരുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 412 കോടി രൂപയില്‍ നിന്ന് 425 കോടി രൂപയായി വര്‍ധിച്ചു.

എന്തുകൊണ്ട് കുതിപ്പ്

മിഡില്‍ ഈസ്റ്റ് യുദ്ധം ഏറെക്കുറെ അവസാനത്തിലേക്ക് നീങ്ങുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് മറ്റ് ലോക വിപണികളിലെന്ന പോലെ ഇന്ത്യയിലും സ്വാധീനം ചെലുത്തിയത്. ഒരുഘട്ടത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴേക്ക് പോകുകയും ചെയ്തു.

അനുകൂല ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പി.എസ്.യു ബാങ്ക് സൂചിക 3.70 ശതമാനവും ഐടി 2.09 ശതമാനവും മെറ്റല്‍ 3.69 ശതമാനവും കരുത്തുകാട്ടി.

ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് ട്രെന്റ് ലിമിറ്റഡാണ്. ഓഹരിവിലയില്‍ 6.86 ശതമാനത്തിന്റെ കുതിപ്പ്. പുതിയ സിഎഇയുടെ പ്രഖ്യാപനം ഇന്‍ഡിഗോ ഓഹരികളെ 6.22 ശതമാനത്തോളം ഉയര്‍ത്തി. അദാനി പോര്‍ട്‌സ് (5.53), എസ്.ബി.ഐ (3.90) ഓഹരികളും മികവ് പുലര്‍ത്തി.

ഈയാഴ്ച ഇനി നാളെ (ഏപ്രില്‍ 2 വ്യാഴം) കൂടി മാത്രമാണ് വിപണിയുള്ളത്. ദു:ഖവെള്ളി പ്രമാണിച്ച് ഏപ്രില്‍ മൂന്നിന് വിപണിക്ക് അവധിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT