ഡൊണാള്‍ഡ് ട്രംപ് താരിഫില്‍ വലിയ പ്രഖ്യാപനം നടത്തിയത് വ്യാഴാഴ്ച്ച പുലര്‍ച്ചെ. ഇന്ത്യന്‍ ഓഹരിവിപണിയില്‍ അതിന്റെ പ്രത്യാഘതം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് വെള്ളിയാഴ്ച്ചയും. ലോകത്തെ മറ്റ് ഓഹരി വിപണികള്‍ക്കൊപ്പം ഇന്ത്യയും അടിയുലഞ്ഞപ്പോള്‍ നിക്ഷേപകരുടെ സമ്പത്തിലുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപയുടേത്. വിപണിയുടെ വന്‍വീഴ്ച്ചയില്‍ മെറ്റലും ഫാര്‍മയും ഐടിയും എല്ലാം അടിപതറി. ഇത്ര വലിയ തിരിച്ചടിയിലും എഫ്.എം.സി.ജി ഓഹരികള്‍ പിടിച്ചു നിന്നത് മാത്രമാണ് പോസിറ്റീവ്.
ഇന്ത്യയെ മാത്രമായി ബാധിച്ച വീഴ്ച്ചയല്ല ഇന്നത്തേത്. ഒട്ടുമിക്ക ആഗോള വിപണികളും വലിയ തിരിച്ചടി നേരിട്ടു. ഇന്ന് സെന്‍സെക്‌സ് 9,30.67 പോയിന്റ് (1.22 ശതമാനം) ഇടിഞ്ഞ് 75,364.69ലെത്തി. നിഫ്റ്റിയില്‍ ഇത് 345.65 പോയിന്റാണ് താഴ്ന്നത്. 1.49 ശതമാനം ഇടിഞ്ഞ് 22,904.45ലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ഇന്ന് 89 ഓഹരികള്‍ 52 ആഴ്ച്ചയിലെ താഴ്ച്ച കണ്ടപ്പോള്‍ 66 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.20%), എഫ്.എം.സി.ജി (0.04) സൂചികള്‍ ഒഴിച്ച് ബാക്കിയെല്ലാം വലിയ നഷ്ടമാണ് നേരിട്ടത്. മെറ്റല്‍ (6.56%), ഫാര്‍മ (4.03%) സൂചികകളാണ് കൂടുതല്‍ ഇടിവു നേരിട്ടത്. എണ്ണ വിലയിലെ കുറവ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളെ തളര്‍ത്തി.
ഇന്ന് നേട്ടം കൊയ്ത ഓഹരികള്‍ക്കു പോലും കാര്യമായി തിളങ്ങാനായില്ല. പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ മാരിക്കോയാണ് ഇന്ന് ഉയര്‍ച്ചയില്‍ മുന്നില്‍. നാലാംപാദത്തില്‍ 18 ശതമാനത്തോളം വളര്‍ച്ചയുണ്ടാകുമെന്ന സൂചനകളാണ് മാരിക്കോയ്ക്ക് തുണയായത്. ഇന്‍ഡിഗോയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. 1.91 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് (1.69), ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് (1.59) ഓഹരികളും ഇന്ന് നേട്ടം കൊയ്തു.
ടാറ്റാ സ്റ്റീലാണ് ഇന്ന് വലിയ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളില്‍ പ്രധാനി. ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഒഴിവാക്കപ്പെട്ട കോപ്പറിന് അധികനികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇടിവിലേക്ക് നയിച്ചത്. മറ്റൊരു മെറ്റല്‍ ഓഹരിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസും (8.07) വലിയ തിരിച്ചടി നേരിട്ടു. വേദാന്ത (8.42), ഭാരത് ഫോര്‍ജ് (7.89) ഓഹരികളും തിരിച്ചടി നേരിട്ടു.
കേരള കമ്പനികളില്‍ ഒട്ടുമിക്കതും ട്രംപ് ഇഫക്ടില്‍ പതറിയപ്പോള്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വേറിട്ടു നിന്നു. 5 ശതമാനം നേട്ടത്തോടെയാണ് കിറ്റെക്‌സ് താരമായത്. ബംഗ്ലാദേശ്, ചൈന, കംബോഡിയ, വിയറ്റ്‌നാം തുടങ്ങി ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കൂടിയ തത്തുല്യ ചുങ്കം ചുമത്തപ്പെട്ടതാണ് കിറ്റെക്‌സിന് ഗുണം ചെയ്തത്.
വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ യു.എസ് മാര്‍ക്കറ്റില്‍ വിപണിവിഹിതം നേടുമെന്ന നിഗമനങ്ങളും കിറ്റെക്‌സിന് നേട്ടമായി. ദ വെസ്റ്റേണ്‍ ഇന്ത്യ (5.00), പോപ്പീസ് കെയര്‍ (4.82) ഓഹരികളും മികച്ച പ്രകടനം നടത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (4.73), ഫാക്ട് (5.48), കല്യാണ്‍ ജുവലേഴ്‌സ് (3.83) ഓഹരികള്‍ക്കും ഇന്ന് തകര്‍ച്ചയായിരുന്നു ഫലം. കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ്, നോണ്‍ബാങ്കിംഗ് ഓഹരികള്‍ക്കും വെള്ളിയാഴ്ച്ച നിരാശയുടേതായി മാറി.
Read DhanamOnline in English
Subscribe to Dhanam Magazine