തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിക്ക് ലാഭക്കച്ചവടം. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകളും ഭൗമരാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുന്നതിന്റെ ആശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐ.ടി മേഖലയിലെ ഓഹരികളില്‍ വാങ്ങല്‍ ശക്തമായതും വിപണിക്ക് തുണയായി. തുടര്‍ച്ചയായി ഇത്രയും ദിവസവും വിപണി നേട്ടത്തിലാകുന്നത് രണ്ട് മാസത്തിനിടെ ഇതാദ്യമാണ്.
ചെറിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തിലേക്ക് മാറുകയായിരുന്നു. 213.45 (0.26%) പോയിന്റുകള്‍ ഉയര്‍ന്ന സെന്‍സെക്‌സ് 81,857.84 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 454 ലക്ഷം കോടി രൂപയില്‍ നിന്നും 456 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പാദ്യത്തില്‍ വര്‍ധിച്ചത് രണ്ട് ലക്ഷം കോടി രൂപ. നിഫ്റ്റിയാകട്ടെ 69.90 (0.28%) പോയിന്റുകള്‍ നഷ്ടത്തില്‍ വ്യാപാരാന്ത്യം 25,050.55 എന്ന നിലയിലുമെത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.30 ശതമാനവും നേട്ടത്തിലായി. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മീഡിയ 1.98 ശതമാനം നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മ, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകളും നഷ്ടത്തിലാണ് കലാശിച്ചത്. എന്നാല്‍ നിഫ്റ്റി ഐ.ടി 2.69 ശതമാനം നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി, റിയല്‍റ്റി എന്നീ സൂചികകളും ഒരു ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
ദീപാവലി സീസണില്‍ നടപ്പിലാക്കുന്ന ജി.എസ്.ടി പരിഷ്‌ക്കരണമാണ് വിപണിയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതും സഹായകമായി. പണപ്പെരുപ്പ-വളര്‍ച്ചാ പ്രതീക്ഷകളും റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്ന സൂചനകളും വിപണിക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഓഗസ്റ്റ് 27ന് ട്രംപിന്റെ വ്യാപാര ചുങ്കത്തിന്റെ സമയപരിധി അവസാനിക്കുന്നതില്‍ വിപണിക്ക് ഇപ്പോഴും ആശങ്കയുണ്ട്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലുള്ള യു.എസ് എതിര്‍പ്പും വിപണിയെ വലിയ നേട്ടങ്ങളില്‍ നിന്ന് തടയുന്നതായാണ് വിലയിരുത്തല്‍.
രണ്ട് ദിവസമായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒല ഇലക്ട്രിക് ഓഹരികളാണ് ഇന്നത്തെയും നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. പിടിവിട്ട് കുതിച്ച ഓഹരികള്‍ ഇന്ന് മാത്രം 18.40 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഇ.വി വിപണി തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ കമ്പനി സി.ഇ.ഒ ഭവീഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെയാണ് ഓഹരികള്‍ കുതിച്ചത്. രാജ്യത്തെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലി സെക്ടറുകള്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുതിച്ച ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ജി.എസ്.ടി പരിഷ്‌ക്കരണം സംബന്ധിച്ച വാര്‍ത്തകളാണ് എഫ്.എം.സി.ജി രംഗത്തെ കോള്‍ഗേറ്റ് പാമോലിവ് (ഇന്ത്യ), ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ക്ക് തുണയായത്.
ഐ.ടി രംഗത്തെ വളര്‍ച്ചാ സാധ്യതകള്‍ ഇന്‍ഫോസിസിന്റെയും ഓഹരികള്‍ ഉയര്‍ത്തി. ഐ.ടി മേഖലയിലെ കമ്പനികളില്‍ ശക്തമായ വാങ്ങല്‍ ഇന്ന് പ്രകടമായിരുന്നു. ഇരു സൂചികകളെയും നേട്ടത്തിലേക്ക് നയിക്കാനും ഇത് ഇടയാക്കി. യു.എസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറക്കുമെന്ന വാര്‍ത്തകള്‍ ഐ.ടി മേഖലക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. ഐ.ടി കമ്പനികളുടെ ഒന്നാം പാദ പ്രകടനം മികച്ചതായതും നിക്ഷേപകരെ സ്വാധീനിച്ചു.
ജി.എസ്.ടി വാര്‍ത്തകള്‍ക്ക് പിന്നാലെ കുതിച്ച ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായി. ഓഹരിയൊന്നിന് 21 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഓഹരികള്‍ നഷ്ടത്തിലായത്. 4 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അരബിന്ദോ ഫാര്‍മ, ഭാരത് ഫോര്‍ജ്, മുത്തൂറ്റ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.
ശതമാനക്കണക്കില്‍ കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് പോപ്പീസ് കെയര്‍ ഓഹരികള്‍ക്കാണ്. 4.97 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. മുത്തൂറ്റ് ഫിനാന്‍സ്, പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളും കനത്ത നഷ്ടം നേരിട്ടു.
നഷ്ടത്തിന്റെ കഥകള്‍ക്കിടയിലും നിരവധി കേരള കമ്പനികള്‍ അഭിമാനകരമായ നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരികള്‍ 6.90 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. എ.വി.റ്റി നാചുറല്‍ പ്രോഡക്ട്‌സ്, ബി.പി.എല്‍, സെല്ല സ്‌പേസ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, കിറ്റെക്‌സ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
On August 20, 2025, India’s stock market ended on a high, with the Sensex and Nifty gaining due to strong performances in IT and FMCG stocks. Explore the top performers and sector highlights in today’s market wrap.
Read DhanamOnline in English
Subscribe to Dhanam Magazine