Markets

തുടര്‍ച്ചയായ മൂന്നാംദിനവും അടിതെറ്റി വിപണി, സെന്‍സെക്‌സ് വീണത് 270 പോയിന്റിലേറെ; വിപണിയില്‍ എന്താണ് സംഭവിക്കുന്നത്?

Lijo MG

തുടര്‍ച്ചയായ മൂന്നാം സെഷനിലും തിരിച്ചു വരാനാകാതെ ഇന്ത്യന്‍ ഓഹരിവിപണി. സെന്‍സെക്‌സ് 271 പോയിന്റും നിഫ്റ്റി 74 പോയിന്റും താഴ്ന്നാണ് വരാന്ത്യം ക്ലോസ് ചെയ്തത്. 79,809 പോയിന്റിലാണ് സെന്‍സെക്‌സ്.

ഈ ആഴ്ച്ച മാത്രം സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തിന് മുകളില്‍ താഴ്ന്നു. ജൂലൈയ്ക്ക് ശേഷം സെന്‍സെക്‌സ് 4.5 ശതമാനമാണ് വീണത്. നിഫ്ടി 4.3 ശതമാനവും. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട താരിഫ് തന്നെയാണ് നിക്ഷേപകരുടെ മുഖംതിരിക്കലിന് കാരണം.

കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് സെന്‍സെക്‌സ് തിരിച്ചു വരവിന്റെ സൂചനകള്‍ കാണിച്ചാണ് വാരം അവസാനിപ്പിച്ചത്. പതുങ്ങിയ തുടക്കത്തിനു ശേഷം വ്യാപാരത്തിന്റെ കൂടുതല്‍ സമയവും പോസിറ്റീവായി നിന്ന മാര്‍ക്കറ്റ് അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദത്തിലാണ് നെഗറ്റീവായത്.

സൂചികകളുടെ പ്രകടനം

എഫ്.എം.സി.ജി (0.95), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.15), മീഡിയ (0.35) സൂചികകള്‍ ഇന്ന് നേട്ടം കൊയ്തു. ജി.എസ്.ടി കുറയ്ക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇത്തരം കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ജി.എസ്.ടി ഇളവ് ഉപഭോഗം കൂട്ടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

റിയാലിറ്റി (1.33), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.01), ഐ.ടി (0.87) സൂചികകള്‍ ഇന്നും കനത്ത വില്പന സമ്മര്‍ദ്ദം നേരിട്ടു.

ഇന്ന് നേട്ടംകൊയ്ത ഓഹരികള്‍

നേട്ടം കൊയ്തവരും വീണവരും

ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നിലുള്ള സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് 4.52 ശതമാനം ഉയര്‍ന്നു. ഗുജറാത്തിലെ സാനന്ദില്‍ പുതിയ സെമികണ്ടക്ടര്‍ ആസംബ്ലി ആന്‍ഡ് ടെസ്റ്റിംഗ് യൂണിറ്റ് തുടങ്ങുമെന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉയര്‍ത്തിയത്.

ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികള്‍

ജി.എസ്.ടി കുറയ്ക്കുന്നതിന്റെ ഗുണഭോക്താക്കളായി എഫ്.എം.സി.ജി കമ്പനികള്‍ മാറുമെന്ന വിലയിരുത്തല്‍ കോള്‍ഗേറ്റ്-പാമോലിവ് ഓഹരികളെ 2.91 ശതമാനം ഉയര്‍ത്തി. യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികളും ഇന്ന് 2.30 ശതമാനം കുതിച്ചു.

ഇന്ന് വലിയ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളിലൊന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ്. 3.56 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വിഗ്ഗി ലിമിറ്റഡ് (2.73), വരുണ്‍ ബീവറേജസ് (2.36) ഓഹരികളും താഴ്ന്നു.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളുടെ പ്രകടനം

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേരള ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. താരിഫ് പ്രശ്‌നത്തില്‍ തിരിച്ചടി നേരിട്ടിരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് വലിയ തിരിച്ചുവരവ് നടത്തി. അഞ്ചുശതമാനം നേട്ടത്തിലാണ് കിറ്റെക്‌സ് ഓഹരികള്‍ വാരം അവസാനിപ്പിച്ചത്. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 4.40 ശതമാനം ഉയര്‍ന്നപ്പോള്‍ ദ വെസ്‌റ്റേണ്‍ ഇന്ത്യ 3.43 ശതമാനം നേട്ടം കൊയ്തു.

കേരള ബാങ്കിംഗ് ഓഹരികളില്‍ സി.എസ്.ബി ബാങ്ക് (1.79), ധനലക്ഷ്മി ബാങ്ക് (0.15) എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേട്ടം കൊയ്തു. ധനകാര്യ സ്ഥാപനങ്ങളില്‍ മണപ്പുറം ഫിനാന്‍സും (0.48), മുത്തൂറ്റ് ഫിനാന്‍സും (0.22) നഷ്ടത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT