Markets

നിക്ഷേപക സമ്പത്തില്‍ ₹1 ലക്ഷം കോടിയുടെ വളര്‍ച്ച, റിപ്പോയില്‍ തട്ടി മുന്നേറ്റം; ഇന്ന് ഓഹരി വിപണിയില്‍ എന്തൊക്കെ സംഭവിച്ചു?

സെന്‍സെക്‌സ് 447.05 പോയിന്റ് ഉയര്‍ന്ന് 85,712.37ലെത്തി. നിഫ്റ്റി50യില്‍ 152.70 പോയിന്റാണ് ഉയര്‍ന്നത്. 26,186.45 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

Lijo MG

രൂപയുടെ വീഴ്ചയും വിപണിയുടെ തളര്‍ച്ചയും കണ്ട ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയുടെ തിരിച്ചുവരവ് തുടര്‍ച്ചയായ രണ്ടാംദിനവും. ഇന്ന് സെന്‍സെക്‌സ് 400 പോയിന്റിലേറെ ഉയര്‍ന്നപ്പോള്‍ നിക്ഷേപകരുടെ സമ്പത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. ബാങ്കുകളുടെ റീപോ നിരക്ക് കാല്‍ശതമാനം കുറയ്ക്കാനുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിച്ചത്.

സെന്‍സെക്‌സ് 447.05 പോയിന്റ് ഉയര്‍ന്ന് 85,712.37ലെത്തി. നിഫ്റ്റി50യില്‍ 152.70 പോയിന്റാണ് ഉയര്‍ന്നത്. 26,186.45 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 470 ലക്ഷം കോടി രൂപയില്‍ നിന്ന് 471 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

റെക്കോഡ് തലത്തില്‍ നില്ക്കുന്ന താഴ്ന്ന പണപ്പെരുപ്പവും ശക്തമായ സാമ്പത്തിക വളര്‍ച്ചയും കാരണം റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നായിരുന്നു പൊതുധാരണ. ഇതിനു വിപരീതമായി നിരക്ക് കുറച്ചത് വിപണിക്ക് ഊര്‍ജ്ജമായി.

വിപണിയുടെ വളര്‍ച്ച ശരിയായ പാതയിലാണെന്ന വിലയിരുത്തലുകളും മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട കോര്‍പറേറ്റ് ഫലമാകുമെന്ന സൂചനകളും വിപണിക്ക് വേഗം നല്കി.

സൂചികകളുടെ പ്രകടനം

മിഡ്ക്യാപ് സൂചിക 0.49 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് 0.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി (0.01), ഫാര്‍മ (0.05), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.07) ശതമാനം വീതം താഴ്ന്നു.

റിസര്‍വ് ബാങ്ക് പ്രഖ്യാപനം പൊതുമേഖല, സ്വകാര്യ ബാങ്കിംഗ് ഓഹരികളെ വലിയ തോതില്‍ ഉയര്‍ത്തി. പൊതുമേഖല ബാങ്ക് സൂചിക 1.51 ശതമാനം കുതിച്ചപ്പോള്‍ സ്വകാര്യ ബാങ്ക് സൂചിക 0.49 ശതമാനമാണ് നേട്ടം കൊയ്തത്.

ഐടി സെക്ടര്‍ വ്യാഴാഴ്ചത്തെ പോലെ ഇന്നും കുതിച്ചു. 0.90 ശതമാനം വര്‍ധന. മെറ്റല്‍ 0.67 ശതമാനവും റിയാലിറ്റി 0.34 ശതമാനവും ഉയരത്തിലെത്തി. റഷ്യയില്‍ നിന്നുള്ള ക്രൂഡ്ഓയില്‍ വാങ്ങല്‍ പൂര്‍ണമായി ഉപേക്ഷിക്കില്ലെന്ന സൂചനകള്‍ പുടിന്‍-മോദി കൂടിക്കാഴ്ചയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചു.

മുന്നില്‍ മഹീന്ദ്ര ഫിനാന്‍സ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 5.92 ശതമാനം കുതിച്ചു. 1.10 കോടി ഓഹരികളാണ് ഇന്ന് കൈമാറ്റപ്പെട്ടത്.

ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞ പതഞ്ജലി ഫുഡ്‌സ് ഇന്ന് തിരിച്ചുവരവ് നടത്തി. 3.64 ശതമാനം നേട്ടത്തിലാണ് പതഞ്ജലി വ്യാപാരം അവസാനിപ്പിച്ചത്. എസ്.ബി.ഐ ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് 3.56 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ് ടവര്‍ 3.48 ശതമാനവും ചോളമണ്ഡലം ഫിനാന്‍സ് 3.36 ശതമാനവും ഉയരത്തില്‍ വാരം പൂര്‍ത്തിയാക്കി.

വാരീ എനര്‍ജീസിനാണ് ഇന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 3.86 ശതമാനം താഴ്ന്നാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. പവര്‍ ഇന്ത്യയ്ക്കും ഇന്ന് കാര്യമായി തിളങ്ങാനായില്ല. 3.58 ശതമാനം ഇടിവില്‍ ക്ലോസ് ചെയ്തു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (4.92), ഹ്യുണ്ടായ് ഇന്ത്യ (2.66) ഓഹരികളും തിരിച്ചടി നേരിട്ടു.

കേരള ഓഹരികളുടെ പ്രകടനം

ഇന്നലത്തേക്കാള്‍ കൂടുതല്‍ കേരള ഓഹരികള്‍ ഇന്ന് നേട്ടത്തിലായി. എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് (2.02), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (1.35), മുത്തൂറ്റ് ഫിനാന്‍സ് (2.43) മുത്തൂറ്റ് മൈക്രോഫിന്‍ (1.13) ഓഹരികള്‍ക്ക് നേട്ടമുണ്ടായി.

സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് ജുവലറികളുടെ ലാഭത്തെ ബാധിക്കുമെന്ന നിഗമനങ്ങള്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളുടെ മുന്നേറ്റത്തെ സ്വാധീനിച്ചു, ഇന്നത്തെ നേട്ടം 0.48. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 0.24 ശതമാനം ഇന്ന് ഉയരത്തിലെത്തി. ഫെഡറല്‍ ബാങ്ക് (0.17) ഒഴികെ മറ്റെല്ലാ കേരള ബാങ്ക് ഓഹരികളും നഷ്ടത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT