Markets

വിപണി ഇന്നും ചുവപ്പില്‍, നിക്ഷേപകര്‍ക്ക് നഷ്ടമായത് ₹ 3 ലക്ഷം കോടിയിലധികം; കൊച്ചിൻ ഷിപ്പ്‌യാർഡ്, എറ്റേണൽ, കിറ്റെക്സ് ഇടിവില്‍

കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ ഒഴികെയുള്ള മറ്റെല്ലാ മേഖല സൂചികകളും നഷ്ടത്തിലായി

Sutheesh Hariharan

ഇന്നും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. എല്ലാ മേഖലകളിലും വിപണി കാര്യമായ നഷ്ടം നേരിട്ടു. രൂപയുടെ മൂല്യം താഴ്ന്ന നിലയിലേക്ക് റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതും ആഗോള സൂചനകൾ ദുർബലമായതും വിപണിയെ സമ്മർദ്ദത്തിലാക്കി. സെൻസെക്സ് 0.63 ശതമാനം (533.50 പോയിന്റ്) ഇടിഞ്ഞ് 84,679.86 ലും നിഫ്റ്റി 0.64 ശതമാനം (167.20 പോയിന്റ്) ഇടിഞ്ഞ് 25,860.10 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഇന്ന് ഏകദേശം 467.6 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സെഷനിൽ ഇത് 471 ലക്ഷം കോടി രൂപയായിരുന്നു. ഒറ്റ സെഷനിൽ നിക്ഷേപകർക്ക് നഷ്ടമായത് 3 ലക്ഷം കോടി രൂപയിലധികമാണ്.

ഇന്നത്തെ വ്യാപാരത്തിൽ രൂപ യുഎസ് ഡോളറിനെതിരെ 91 എന്ന മാർക്ക് കടന്നു. വിദേശ നിക്ഷേപകരുടെ തുടർച്ചയായ പുറത്തേക്കുളള ഒഴുക്കും വ്യാപാര അസന്തുലിതാവസ്ഥയും കാരണം ഈ വർഷം ഇതുവരെ രൂപ ഏകദേശം 6 ശതമാനം ഇടിഞ്ഞു. ഡിസംബറിൽ ഇതുവരെ ക്യാഷ് വിഭാഗത്തിൽ 21,000 കോടി രൂപയിലധികം മൂല്യമുള്ളഓഹരികളാണ് എഫ്‌.ഐ.ഐ വിറ്റഴിച്ചത്.

കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ ഒഴികെയുള്ള മറ്റെല്ലാ മേഖല സൂചികകളും നഷ്ടത്തിലായി.

റിയല്‍റ്റി, ഓയിൽ & ഗ്യാസ്, മെറ്റൽ, ഐടി, പി‌എസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെ ഇടിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ശക്തി പമ്പ്സിന്റെ ഓഹരികൾ തുടർച്ചയായ നാലാം സെഷനിലും നേട്ടം കൈവരിച്ചു. നാല് ദിവസത്തിനുള്ളിൽ ഓഹരി 45 ശതമാനം ഉയർന്നു. കമ്പനി നിരവധി പുതിയ ഓർഡറുകൾ നേടിയതായി പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിലയിൽ വൻ മുന്നേറ്റം രേഖപ്പെടുത്തിയത്. ഓഹരി 773 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ കമ്പനി, എം ആൻഡ് എം, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നവംബറിൽ സ്വിഗ്ഗിക്ക് ഭക്ഷ്യ വിതരണ വിപണി വിഹിതത്തില്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് എറ്റേണൽ ഓഹരികൾ 5 ശതമാനത്തോളം ഇടിഞ്ഞ് 284 രൂപയിലെത്തി.

ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ കമ്പനി, എം ആൻഡ് എം, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

മുന്നേറ്റവുമായി ഫാക്ട്

കേരള കമ്പനികള്‍ ഇന്ന് ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (7.05%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (3.89%), ഫാക്ട് (3.79%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കിറ്റെക്സ് (-3.38%), കേരള ആയുര്‍വേദ (-1.79%), കൊച്ചിൻ ഷിപ്പ്‌യാർഡ് (-2.05%) തുടങ്ങിയ ഓഹരികള്‍ ചൊവ്വാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis December 16, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT