അനുകൂലമായ സാമ്പത്തിക സാഹചര്യം ഉണ്ടായിട്ടും വ്യാപാര കരാറിലെ അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ താഴ്ത്തുകയാണ്. യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ അന്തരീക്ഷം ഒരുങ്ങുന്നതായ സൂചനയില്‍ സ്വര്‍ണവും ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും ഇന്നലെ താഴ്ന്നു.
കയറ്റുമതി വര്‍ധിച്ചതും വാണിജ്യകമ്മി കുറഞ്ഞതും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടാതിരിക്കാന്‍ സഹായിക്കും. മൊത്തവില ആധാരമാക്കിയുളള നവംബറിലെ വിലക്കയറ്റം -0.32 ശതമാനമാണ്. തലമാസം -1.21 ശതമാനം ആയിരുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,085.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,027 വരെ താഴ്ന്നിട്ട് അല്‍പം കയറി. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
നവംബറില്‍ ഇന്ത്യയുടെ ഉല്‍പന്നകയറ്റുമതി 19.4 ശതമാനം വര്‍ധിച്ച് 3,810 കോടി ഡോളറിലും ഇറക്കുമതി 1.9 ശതമാനം കുറഞ്ഞ് 6,266 കോടി ഡോളറിലും എത്തി. ഉല്‍പന്നവ്യാപാര കമ്മി 2,460 കോടി ഡോളറായി. സേവനങ്ങള്‍ കൂടി പെടുത്തിയാല്‍ കമ്മി 61 ശതമാനം ഇടിഞ്ഞ് 660 കോടി ഡോളര്‍ ആയി.
അമേരിക്കയിലേക്കുള്ള ഉല്‍പന്ന കയറ്റുമതി 22.6 ശതമാനം വര്‍ധിച്ച് 698 കോടി ഡോളറില്‍ എത്തി. സ്മാര്‍ട്ട് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതി 39 ശതമാനം വര്‍ധിച്ചതാണു പ്രധാനകാരണം. സ്വര്‍ണം ഇറക്കുമതി 60 ശതമാനം ഇടിഞ്ഞതാണ് ഇറക്കുമതിയിലെ ശ്രദ്ധേയ മാറ്റം. ഒക്ടോബറില്‍ കയറ്റുമതിയിലുണ്ടായ ഇടിവ് നവംബറില്‍ നികത്തി. ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം വര്‍ധിച്ച് 220 കോടി ഡോളറില്‍ എത്തി.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. എന്നാല്‍ നാറ്റാേയില്‍ ചേരാനുള്ള ഉദ്യമം അവസാനിപ്പിക്കുന്നതായി യുക്രെയ്ന്‍ പ്രഖ്യാപിച്ചതു പ്രതിരോധ ഓഹരികളെ താഴ്ത്തി. യൂറോപ്യന്‍ വളര്‍ച്ച പ്രതീക്ഷ ഉയര്‍ത്താന്‍ സാധ്യത ഉള്ളതായി യൂറോപ്യന്‍ കേന്ദ്രബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു. 1.2 ശതമാനം വളര്‍ച്ചയാണു സെപ്റ്റംബറില്‍ കണക്കാക്കിയത്. '
നിര്‍മിതബുദ്ധി നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്ക ഇന്നലെയും യുഎസ് വിപണിയെ താഴ്ത്തി. നാസ്ഡാക് സൂചിക 0.59 ശതമാനം താഴ്ന്നപ്പോള്‍ മറ്റു രണ്ടു സൂചികകളും നാമമാത്ര താഴ്ചയില്‍ ഒതുങ്ങി. ബ്രോഡ്‌കോം അഞ്ചും ഓറക്കിള്‍ രണ്ടും ശതമാനത്തിലധികം നഷ്ടത്തിലായി. എഎംഡി, മൈക്രോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവയും താഴ്ന്നു. ജെപി മോര്‍ഗന്‍, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ, വോള്‍മാര്‍ട്ട്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഡെല്‍റ്റാ എയര്‍ തുടങ്ങിയവ സര്‍വകാല ഉയരത്തിലാണ്.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 41.49 പോയിന്റ് (0.09%) താഴ്ന്ന് 48,416.56ലും എസ്ആന്‍ഡ്പി 500 സൂചിക 10.90 പോയിന്റ് (0.16%) നഷ്ടത്തോടെ 6816.51ലും എത്തി. നാസ്ഡാക് കോംപസിറ്റ് 137.76 പോയിന്റ് (0.59%) ഇടിഞ്ഞ് 23,057.41ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഡൗ 0.07 ഉം എസ്ആന്‍ഡ്പി 0.19 ഉം നാസ്ഡാക് 0.36 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. നിര്‍മിതബുദ്ധി കമ്പനികളുടെ ഇടിവ് തുടരുകയാണ്.
നവംബറിലെ കാര്‍ഷികേതര തൊഴില്‍, ഒക്ടോബറിലെ ചില്ലറ വില്‍പന കണക്കുകള്‍ ഇന്നും നവംബറിലെ ഉപഭോക്തൃ വിലസൂചിക വ്യാഴാഴ്ചയും അറിവാകും.
വോള്‍ സ്ട്രീറ്റില്‍ നിര്‍മിതബുദ്ധി കമ്പനികളുടെ ഇടിവ് തുടരുന്നത് ഏഷ്യന്‍ വിപണികളെയും താഴ്ത്തി. ജപ്പാനില്‍ നിക്കൈയും ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക ഓരോ ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ് ഒരു ശതമാനം കയറിയിട്ടു പിന്നീടു താഴ്ന്നു. ചൈനീസ്, ഹോങ് കോങ് സൂചികകള്‍ ഒരു ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചൈനയുടെ ബിസിനസ് വളര്‍ച്ച കഴിഞ്ഞ മാസം പ്രതീക്ഷയിലും കുറവായിരുന്നു.
അമേരിക്കയുമായുള്ള വ്യാപാരകരാര്‍ അടുത്തുവരുന്നു എന്നു വാണിജ്യ സെക്രട്ടറി പറഞ്ഞെങ്കിലും വിപണിക്ക് അതില്‍ വിശ്വാസം വന്നില്ല. രാവിലെ കുത്തനേ താഴ്ന്ന വിപണിയെ നാമമാത്ര നഷ്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചത് നവംബറിലെ കയറ്റുമതി വളര്‍ച്ചയാണ്. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്തപ്പോള്‍ വ്യാപാര കമ്മി ഗണ്യമായി കുറഞ്ഞു. അതു വിപണിക്ക് ആശ്വാസമായി. ഡോളര്‍ 90.79 രൂപവരെ കയറിയിട്ട് 90.73 ലേക്കു താഴ്ന്നതും ഇതു കൊണ്ടാണ്.
കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍, ഐടി, മെറ്റല്‍, മീഡിയ, എഫ്എംസിജി, പൊതുമേഖലാ ബാങ്ക് എന്നിവയാണു നേട്ടം ഉണ്ടാക്കിയത്. ഓട്ടോ, ഫാര്‍മ, ധനകാര്യ, ഹെല്‍ത്ത്, റിയല്‍റ്റി മേഖലകള്‍ താഴ്ന്നു. വിദേശികള്‍ വില്‍പന തുടരുകയാണ്. വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1468.32 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 1792.25 കോടിയുടെ അറ്റവാങ്ങലും നടത്തി.
തിങ്കളാഴ്ച നിഫ്റ്റി 25,904 ഉം സെന്‍സെക്‌സ് 84,840 ഉം വരെ താഴ്ന്ന ശേഷമാണ് ഉയര്‍ന്നത്. ഇന്നലെ സെന്‍സെക്‌സ് 54.30 പോയിന്റ് (0.06%) താഴ്ന്ന് 85,213.36ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 19.65 പോയിന്റ് (0.08%) കുറഞ്ഞ് 26,027.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 71.85 പോയിന്റ് (0.12%) നേട്ടത്തോടെ 59,461.80ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 70.50 പോയിന്റ് (0.12%) താഴ്ന്ന് 60,212.80ലും സ്‌മോള്‍ ക്യാപ് 100 സൂചിക 35.90 പോയിന്റ് (0.21%) കയറി 17,425.85ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2186 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2098 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1657 ഓഹരികള്‍ കയറി, 1461 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 79 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 115 എണ്ണം താഴ്ന്ന വിലയില്‍ എത്തി. അഞ്ച് ഓഹരി അപ്പര്‍ സര്‍കീട്ടിലും ഒരെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.
നിഫ്റ്റി 26,000 നു മുകളില്‍ തുടര്‍ന്നു എന്നതു മാത്രമാണ് ആശ്വാസഘടകം. തലേന്നത്തെ ക്ലോസിംഗ് നിലയിലേക്കു കയറാന്‍ സാധിച്ചാല്‍ ഹ്രസ്വകാല മുന്നേറ്റത്തിനു വഴിയുണ്ടാകും. മറിച്ചു താഴ്ന്നാല്‍ 25,700-25,750 മേഖലയിലെ പിന്തുണ വീണ്ടും പരീക്ഷിച്ചെന്നു വരാം. ഇന്നു നിഫ്റ്റിക്ക് 25,935 ലും 25,900 ലും പിന്തുണ പ്രതീക്ഷിക്കാം. 26,050 ലും 26,080 ലും പ്രതിരോധം നേരിടും.
സ്വര്‍ണവും വെള്ളിയും തിങ്കളാഴ്ച ചാഞ്ചാട്ടം തുടര്‍ന്നു. സ്വര്‍ണം ഔണ്‍സിന് 4345 ഡോളര്‍ വരെ കയറിയിട്ടു വില്‍പനസമ്മര്‍ദത്തില്‍ താഴ്ന്ന് 4306.30ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4319 ഡോളറിലേക്കു കയറിയിട്ട് അല്‍പം താഴ്ന്നു. അവധിവില ഇന്ന് 4335 ഡോളര്‍ ആയി.
കേരളത്തില്‍ തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് രണ്ടു തവണയായി 1080 രൂപ വര്‍ധിച്ച് 99,280 രൂപയില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു.
വെള്ളി സ്‌പോട്ട് വിപണിയില്‍ വീണ്ടും ഔണ്‍സിന് 64 ഡോളര്‍ കടന്നെങ്കിലും പിന്നീട് താഴ്ന്ന് 63.44 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.19 ഡോളറിലേക്കു കയറിയിട്ട് 63.80 ഡോളര്‍ ആയി.
പ്ലാറ്റിനം 1774 ഡോളര്‍, പല്ലാഡിയം 1540 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില.
യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ പുരോഗതി പ്രതീക്ഷിച്ചു വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ച താഴ്ന്നു. ചെമ്പ് വില ആറു മാസത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍ നിന്ന് 0.35 ശതമാനം താഴ്ന്നു ടണ്ണിന് 11,774.15 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.61 ശതമാനം കുറഞ്ഞ് ടണ്ണിന് 2871.60 ഡോളറില്‍ അവസാനിച്ചു. സിങ്കും നിക്കലും ലെഡും ടിന്നും ഇടിഞ്ഞു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.87 ശതമാനം കയറി കിലോഗ്രാമിന് 173.70 സെന്റ് ആയി. കൊക്കോ ടണ്ണിന് 5875.43 ഡോളറില്‍ എത്തി. കാപ്പി വില 2.04 ശതമാനം ഇടിഞ്ഞു. തേയില വില 0.03 ശതമാനം കുറഞ്ഞു. പാമോയില്‍ 0.15 ശതമാനം താഴ്ന്നു.
ഡോളര്‍ സൂചിക വാരാന്ത്യത്തിലെ നിലയില്‍ നിന്നു താഴ്ന്ന് 98.31ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.29 ലേക്കു താണു. ഡോളര്‍ വിനിമയനിരക്ക് വെള്ളിയാഴ്ച അല്‍പം താഴ്ന്നു. യൂറോ 1.1748 ഡോളറിലേക്കും പൗണ്ട് 1.3364 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.06 യെന്‍ എന്ന നിലയിലേക്ക് കയറി.
യുഎസ് ഡോളര്‍ 7.05 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.7962 ഡോളറിലേക്കു കയറി. യുഎസ് കടപ്പത്ര വിലകള്‍ ഉയര്‍ന്നു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.168 ശതമാനമായി താഴ്ന്നു.
രൂപ വീണ്ടും ദുര്‍ബലമായി. തിങ്കളാഴ്ച 90.79 രൂപ വരെ ഉയര്‍ന്ന ഡോളര്‍ ഒടുവില്‍ 31 പൈസ നേട്ടത്തോടെ 90.73 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുന്നുണ്ട്. നവംബറിലെ കയറ്റുമതി വളര്‍ച്ചയും വ്യാപാര കമ്മിയിലെ കുറവും രൂപയെ കൂടുതല്‍ തകരാതെ രക്ഷിച്ചു. ഇനിയും താഴും എന്നാണു സൂചന. ചൈനയുടെ കറന്‍സി യുവാന്‍ 12.88 രൂപയിലേക്കു കുതിച്ചു.
യുക്രെയ്ന്‍ സമാധാനസാധ്യത ക്രൂഡ് ഓയില്‍ വിലയെ താഴോട്ടു നയിക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഒരു ശതമാനം താഴ്ന്ന് 60.56 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 60.25 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 56.53 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 61.38 ലും എത്തി. പ്രകൃതിവാതക വില 4.030 ഡോളര്‍ ആയി ഇടിഞ്ഞു.
ക്രിപ്‌റ്റോ കറന്‍സികള്‍ ദൗര്‍ബല്യം തുടരുന്നു. ബിറ്റ് കോയിന്‍ 85,173 ഡോളര്‍ വരെ ഇടിഞ്ഞിട്ടു കയറി ഇന്നു രാവിലെ 86,000 നു മുകളിലായി. ഈഥര്‍ 2950 ഡോളറിനും സൊലാന 126 ഡോളറിനും താഴെ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine