ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച നല്ലദിവസം! രൂപയുടെ തിരിച്ചുവരവും ആഗോളതലത്തിലെ അനുകൂല സാഹചര്യങ്ങളും വിപണിക്ക് കരുത്തായി. കഴിഞ്ഞയാഴ്ച നാലുദിവസം തുടര്‍ച്ചയായി വിപണി താഴേക്കായിരുന്നെങ്കില്‍ ഈ വാരം തുടക്കംതന്നെ മിന്നി കത്താന്‍ വിപണിക്ക് സാധിച്ചു.
നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് നാലുലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയില്‍ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
സെന്‍സെക്‌സ് ഇന്ന് 638 പോയിന്റ് അല്ലെങ്കില്‍ 0.75% ഉയര്‍ന്ന് 85,567.48ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 206 പോയിന്റ് ഉയര്‍ന്ന് 26,172.40ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.86 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപില്‍ വര്‍ധന 1.12 ശതമാനമായിരുന്നു.
ബെഞ്ച്മാര്‍ക്ക് സ്റ്റോക്കുകളില്‍ ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം, എസ്.ബി.ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്റ് ടൂബ്രോ ഓഹരികളില്‍ ചുവപ്പ് പടര്‍ന്നു.
കഴിഞ്ഞയാഴ്ച ഡോളറിനെതിരേ 91 വരെയെത്തിയ രൂപ ഇന്ന് വന്‍ തിരിച്ചുവരവാണ് നടത്തിയത്. 91 രൂപ വരെ ഇടിഞ്ഞ ശേഷമാണ് രൂപ ഇന്ന് കരുത്തുകാട്ടി 89.70 ലേക്ക് എത്തിയത്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതും ഇന്ത്യ-യുഎസ് വ്യാപാര കരാറിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്ന സൂചകളുമാണ് ഓഹരിവിപണിയെ കയറ്റിയത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.16 ശതമാനമാണ് ഈ സെക്ടറിന്റെ നഷ്ടം. ഐടി ഇന്ന് 2.06 ശതമാനം നേട്ടം കൊയ്തപ്പോള്‍ മെറ്റല്‍ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയര്‍ന്നു.
പ്രതിരോധ ഓഹരികളുടെ കുതിപ്പ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളിലേക്കും വ്യാപിച്ചു. ഇന്ന് മാത്രം 8.02 ശതമാനം നേട്ടത്തോടെയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യാപാരം അവസാനിച്ചത്. യുക്രെയ്‌നിന്റെ സൈനികശേഷി വര്‍ധിപ്പിക്കാന്‍ യുകെ വായ്പ നല്കാമെന്ന് സമ്മതിച്ചതും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വീണ്ടും സജീവമാകുന്നതും പ്രതിരോധ ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് കാരണമായി.
സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് ഓഹരികളാണ് കുതിച്ച മറ്റൊരു കമ്പനി. 5.97 ശതമാനം നേട്ടത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് 4.31 ശതമാനം നേട്ടമുണ്ടാക്കി. റെയില്‍വേ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചത് റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഓഹരികളെ 4.10 ശതമാനം ഉയര്‍ത്തി.
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിന്‍കോ ലിമിറ്റഡ് ഇന്ന് 3.83 ശതമാനം താഴ്ന്നു. ഡിക്‌സണ്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ വീഴ്ച 3.38 ശതമാനമായിരുന്നു. സ്വിഗ്ഗി ലിമിറ്റഡ് (1.63), ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ (1.57), ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (1.52) ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് മികച്ച പ്രകടനം നടത്തി. സിഎസ്ബി ബാങ്ക് 4.52 ശതമാനം ഉയര്‍ന്ന് നിക്ഷേപകരെ ഞെട്ടിച്ചു. ഫാക്ട് 1.12 ശതമാനവും ഇസാഫ് ബാങ്ക് 1.52 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാത്തത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളെ 0.65 ശതമാനം താഴ്ത്തി.
Read DhanamOnline in English
Subscribe to Dhanam Magazine