സെൻസെക്സും നിഫ്റ്റിയും തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഫ്ലാറ്റായി (Flat) വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍, ഓട്ടോമൊബൈൽ ഓഹരികളിൽ ഉണ്ടായ ശക്തമായ വാങ്ങലാണ് വിപണിയെ താങ്ങിനിർത്തിയത്. നിഫ്റ്റിയിലുണ്ടായ തുടർച്ചയായ ഇടിവിനെത്തുടർന്ന് മികച്ച ഓഹരികളിൽ നടന്ന 'വാല്യൂ ബയിംഗ്' വിപണിക്ക് കരുത്തായി. ഇന്ത്യയുടെ വ്യവസായ ഉൽപ്പാദന വളർച്ച നവംബറിൽ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.7 ശതമാനത്തിലെത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.
ഏഷ്യൻ വിപണികളിലെ പോസിറ്റീവ് പ്രവണതയും അമേരിക്കൻ വിപണിയിലെ ശുഭസൂചനകളും വിപണിയെ സ്വാധീനിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം രാവിലെ 3 പൈസ വർദ്ധിച്ചതും വിപണിക്ക് ഗുണകരമായി. നിഫ്റ്റി ഡെറിവേറ്റീവ് എക്സ്പയറി ദിനമായതിനാൽ വിപണിയിൽ വലിയ തോതിലുള്ള അസ്ഥിരത പ്രകടമായിരുന്നു. എങ്കിലും മുകളില്‍ സൂചിപ്പിച്ച അനുകൂല ഘടകങ്ങൾ വിപണിയെ വൻ തകർച്ചയിൽ നിന്ന് സംരക്ഷിച്ചു.
സെൻസെക്സ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 200 പോയിന്റാണ് തിരിച്ചുപിടിച്ചത്. നിഫ്റ്റിക്ക് 25,900 ന് മുകളിൽ ക്ലോസ് ചെയ്യാനുമായി. സെൻസെക്സ് 0.02 ശതമാനം (20.46 പോയിന്റ്) ഇടിഞ്ഞ് 84,675.08 ലും നിഫ്റ്റി 0.01 ശതമാനം (3.25 പോയിന്റ്) ഇടിഞ്ഞ് 25,938.85 ലും വ്യാപാരം അവസാനിപ്പിച്ചു.
മെറ്റല്‍, പിഎസ്‌യു ബാങ്ക് സൂചികകള്‍ ഏകദേശം 2 ശതമാനം നേട്ടം കൈവരിച്ചു.
ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഐടി, റിയല്‍റ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത്കെയർ എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.
ശ്രീറാം ഫിനാൻസിന്റെ ഓഹരികൾ ഏകദേശം 2 ശതമാനം ഉയർന്നു. കമ്പനിയുടെ ഡെബ്റ്റ് റേറ്റിംഗ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കൂട്ടിയതാണ് ഓഹരിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓഹരി ഏകദേശം 38 ശതമാനം നേട്ടമാണ് നല്‍കിയത്. ഓഹരി 974 രൂപയില്‍ ക്ലോസ് ചെയ്തു.
ബജാജ് ഓട്ടോ (2.32% വർധന), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (2.12% വർധന) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
പിവിആർ ഇനോക്‌സിന്റെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജ്‌ലി വ്യക്തിഗത വായ്പയ്ക്കായി കമ്പനിയുടെ ഏകദേശം 4 ലക്ഷം ഓഹരികൾ പണയം വച്ചതിനെത്തുടർന്ന് ഓഹരി രണ്ട് ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓഹരി 9 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഓഹരി 994 രൂപയില്‍ ക്ലോസ് ചെയ്തു.
എറ്റേണൽ (2.21% ഇടിവ്), ഐഷർ മോട്ടോഴ്‌സ് (1.92% ഇടിവ്), ടാറ്റ കൺസ്യൂമർ (1.79% ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 7 ശതമാനത്തിലധികം നേട്ടത്തില്‍ 110 രൂപയിലെത്തി. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (2.33%), ഈസ്റ്റേണ്‍ ട്രെഡ്സ് (7.52%), സി.എസ്.ബി ബാങ്ക് (3.78%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡ് (-1.00%) നഷ്ടത്തിലും എഫ്.എ.സി.ടി (1.36%) നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (-5.89%), പോപ്പീസ് കെയര്‍ (-4.80%), കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ (-4.30%) തുടങ്ങിയ ഓഹരികള്‍ ഇടിവിലായിരുന്നു.
Stock market closing analysis December 30, 2025.
Read DhanamOnline in English
Subscribe to Dhanam Magazine