Markets

ഓഹരി വിപണിയില്‍ പുതുവര്‍ഷ തലേന്ന് ₹4 ലക്ഷം കോടിയുടെ ന്യൂ ഇയര്‍ ഗിഫ്റ്റ് വിതരണം! സെന്‍സെക്‌സ് ഉയര്‍ന്നത് 550 പോയന്റ്

ഐ.ടി, ടെലികോം എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു

Dhanam News Desk

2025 ലെ അവസാന വ്യാപാര സെഷനിൽ ഓഹരി വിപണി മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സെൻസെക്സ് 545.52 പോയിന്റ് (0.64%) ഉയർന്ന് 85,220.60 ലും നിഫ്റ്റി 190.75 പോയിന്റ് (0.74%) ഉയർന്ന് 26,129.60 ലും എത്തി. സ്റ്റീൽ ഓഹരികളിലെ മുന്നേറ്റം, ക്രൂഡ് ഓയിൽ വില കുറഞ്ഞത്, വാല്യൂ ബയിംഗ്, മിഡ്, സ്മോൾ ക്യാപ് സൂചികകളുടെ മുന്നേറ്റം തുടങ്ങിയവയാണ് വിപണിക്ക് കരുത്തായത്.

ആഗോള എണ്ണ വില ബാരലിന് 61.27 ഡോളറായി താഴ്ന്നത് വിപണിയിലെ പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. വിപണിയിലെ ആശങ്കയെ സൂചിപ്പിക്കുന്ന ഇന്ത്യ വി.ഐ.എക്സ് (VIX) 3 ശതമാനത്തിലധികം താഴ്ന്ന് 9.37-ലെത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. തുടർച്ചയായ ഇടിവിനുശേഷം മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിക്ഷേപകർ താല്പര്യം കാണിച്ചു. ബ്രോഡർ മാർക്കറ്റിലെ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകൾ ഒരു ശതമാനം വരെ ഉയർന്നതും വിപണിക്ക് ഗുണകരമായി.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സമ്പാദിച്ചത്.

ഐടി, ടെലികോം എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു.

മെറ്റൽ, മീഡിയ, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി, പ്രൈവറ്റ് ബാങ്ക്, പി‌എസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 1 മുതല്‍ 2 ശതമാനം വരെ വർദ്ധിച്ചു.

ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 2.5 ശതമാനത്തിലധികം ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

തിരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതിക്ക് സർക്കാർ മൂന്ന് വർഷത്തേക്ക് 12 ശതമാനം വരെ 'സേഫ്ഗാർഡ് ഡ്യൂട്ടി' ഏർപ്പെടുത്തിയത് ആഭ്യന്തര സ്റ്റീൽ കമ്പനികൾക്ക് കരുത്തായി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ 5 ശതമാനം വരെ ഉയർന്ന് വിപണിയെ നയിച്ചു.

ഒഎൻജിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

വോഡഫോൺ ഐഡിയ ഓഹരികള്‍ വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയ ശേഷം 20 ശതമാനത്തോളം ഇടിഞ്ഞു. 12.8 രൂപ വരെ ഉയര്‍ന്ന ഓഹരി ഒടുവില്‍ 10.67 രൂപയിലാണ് ക്ലോസ് ചെയ്തത്. കേന്ദ്ര മന്ത്രിസഭ എജിആർ കുടിശ്ശിക പാക്കേജ് അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഓഹരിയില്‍ ഇടിവുണ്ടായത്. ടെലികോം കമ്പനിയുടെ കുടിശ്ശികയില്‍ നല്ലൊരു പങ്ക് ഉപേക്ഷിക്കുമെന്ന പ്രതീക്ഷകള്‍ തെറ്റിയതോടെയാണ് ഓഹരി ഇടിഞ്ഞത്.

ടിസിഎസ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

മുന്നേറ്റവുമായി ആസ്പിന്‍വാള്‍

കേരള കമ്പനികള്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിന്‍ (3.61%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മികച്ച ദിനമായിരുന്നു. എന്നാല്‍ സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-3.26%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (-2%), ഹാരിസണ്‍സ് മലയാളം (-2.32%) തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് കാര്യമായി ശോഭിക്കാനായില്ല.

Stock market closing analysis December 31, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT