canva
Markets

വിപണിയില്‍ വാര്‍ എഫക്ട്! സെന്‍സെക്‌സ് വീണത് 1,100 പോയിന്റ്; നിക്ഷേപക മൂല്യത്തില്‍ ₹10 ലക്ഷം കോടിയുടെ താഴ്ച

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകല്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടിന് മാത്രം 3,295.64 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്

Lijo MG

പശ്ചിമേഷ്യയിലെ യുദ്ധത്തിന് തീവ്രതയേറിയതിനൊപ്പം എണ്ണവില കുതിച്ചുയരുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ഓഹരിവിപണിക്ക് ഇന്ന് നഷ്ടകാലം. ഹോളി കാരണം ഇന്നലെ വിപണിക്ക് അവധിയായിരുന്നു. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വ്യാപാരം ആരംഭിച്ചതു മുതല്‍ വലിയ തോതില്‍ വില്പന സമ്മര്‍ദ്ദം ദൃശ്യമായിരുന്നു.

റിസ്‌ക് നിറഞ്ഞ ഓഹരികള്‍ വിറ്റഴിക്കുന്നതില്‍ നിക്ഷേപകര്‍ വൃഗ്രത കാണിച്ചു. ആഗോള തലത്തില്‍ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും യുദ്ധം കാരണമായേക്കുമെന്ന വിലയിരുത്തലുകള്‍ നിക്ഷേപക ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ന് 1,122.66 പോയിന്റാണ് സെന്‍സെക്‌സ് താഴ്ന്നത്. വ്യാപാരം അവസാനിപ്പിച്ചത് 79,116.19 പോയിന്റില്‍. നിഫ്റ്റി 385 പോയിന്റിലേറെ താഴ്ന്ന് 24,480ല്‍ ക്ലോസ് ചെയ്തു.

നിക്ഷേപക മൂല്യത്തില്‍ 10 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഇന്ന് മാത്രം സംഭവിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 457 ലക്ഷം കോടി രൂപയില്‍ നിന്ന് 447 ലക്ഷം കോടിയായി കുറഞ്ഞു.

ഇന്ന് വിപണിയെ സ്വധീനിച്ച ഘടകങ്ങള്‍

യുദ്ധഗതി: ഇറാനും യുസ് സഖ്യവും തമ്മിലുള്ള യുദ്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചത് തന്നെയാണ് വിപണിയെ ദുര്‍ബലമാക്കിയ പ്രധാന ഘടകം. അടുത്തെങ്ങു ശമനം കാണില്ലെന്ന സൂചനകള്‍ വിപണിയില്‍ നിന്ന് ദീര്‍ഘകാല അനിശ്ചിതത്വം പ്രതീക്ഷിക്കണമെന്ന തരത്തിലേക്ക് നിക്ഷേപക മനസുകളെ എത്തിച്ചു.

രൂപയുടെ വീഴ്ച: 68 പൈസയോളം താഴ്ന്നാണ് ഇന്ത്യന്‍ രൂപ ഇന്ന് 92.15ല്‍ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് വില ഉയരുന്നത് മൂലം ഇന്ത്യയുടെ ഡോളര്‍ ശേഖരത്തില്‍ കുറവു വരുന്നത് രൂപയ്ക്ക് തിരിച്ചടിയാകും. ക്രൂഡ് വില കൂടുമ്പോള്‍ കമ്പനികളുടെ ചെലവ് ഉയരുകയും കോര്‍പറേറ്റ് ലാഭത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്നതാണ് വിപണിയെ മോശമായി ബാധിക്കുന്ന ഘടകം.

ക്രൂഡ് ഓയില്‍ വില: യുദ്ധം തുടങ്ങിയത് മുതല്‍ ക്രൂഡ് വില മുകളിലേക്കാണ്. എണ്ണയുടെ സഞ്ചാരപാത കൂടുതല്‍ കഠിനമേറിയതാകുകയാണ്. വില ഇനിയും ഉയരും. എല്ലാമേഖലകളെയും കമ്പനികളെയും ബാധിക്കും. സ്വഭാവികമായും വിപണിയെയും ഇത് സ്വാധീനിച്ചു.

വിദേശ നിക്ഷേപകരുടെ ഒഴിവാകല്‍: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകല്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടിന് മാത്രം 3,295.64 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്.

Indian stock markets fell sharply as escalating Middle East conflict, rising crude oil prices, rupee depreciation, and foreign investor selling eroded investor confidence

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT