Markets

ഒറ്റദിവസം കൊണ്ട് വിപണി ഉയര്‍ന്നു 1,200 പോയന്റ്, കരുത്തുകാട്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്; വിപണിയുടെ കുതിപ്പിന് പിന്നിലെന്ത് ?

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 435 കോടി രൂപയില്‍ നിന്ന് 440 കോടിയിലെത്തി. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് അഞ്ചുലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്

Lijo MG

പാക്കിസ്ഥാനെതിരായ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ മേല്‍ക്കൈ ലഭിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും സമ്മതിച്ചതിനു പിന്നാലെ ഓഹരി വിപണിയിലും വന്‍കുതിപ്പ്. വിലക്കയറ്റം ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും മികച്ച നാലാംപാദ ഫലങ്ങള്‍ പുറത്തുവരുന്നതും വിപണിക്ക് ഉത്തേജനമായി.

ഇന്ന് സെന്‍സെക്‌സ് 1,200 പോയന്റ് (1.48 ശതമാനം) ഉയര്‍ന്ന് 82,530.74ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെ നേട്ടം 395.20 പോയിന്റാണ്. 1.60 ശതമാനം നേട്ടത്തോടെ നിഫ്റ്റിയുടെ ക്ലോസിംഗ് 25,062.10ലാണ്.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 435 കോടി രൂപയില്‍ നിന്ന് 440 കോടിയിലെത്തി. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് അഞ്ചുലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വര്‍ധിത വീര്യത്തോടെ എത്തുന്നതും ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ (മെയ് 14) മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 931.80 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

സൂചികകളുടെ പ്രകടനം

വിപണിയെ ആവേശത്തിലാക്കിയ ഘടകങ്ങള്‍

1. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇറക്കുമതി തീരുവ പൂര്‍ണമായി പിന്‍വലിക്കാന്‍ ഇന്ത്യ തയാറായെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം വിപണിയെ സ്വാധീനിച്ചു.

2. പാദ ഫലങ്ങളിലെ പോസിറ്റീവ്: ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് കമ്പനികളുടെ മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രത്യാശ പകരുന്നതും ഉയര്‍ന്നതുമാണ്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ഇന്ത്യന്‍ സമ്പദ്‌രംഗം ഉണര്‍വിലാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു.

3. വിലക്കയറ്റത്തിനോട് വിട: രാജ്യത്ത് റീട്ടെയ്ല്‍ വിലക്കയറ്റം ആറുവര്‍ഷത്തെ കുറഞ്ഞ നിലയിലേക്ക് എത്തിയെന്നതും വിപണിക്ക് ആവേശം പകര്‍ന്നു. ഉപഭോഗം കൂടുന്നതിലേക്ക് വിലക്കയറ്റം കുറഞ്ഞത് കാരണമാകുമെന്നാണ് പ്രതീക്ഷ.

ഇന്ന് നഷ്ടം നേരിട്ടവര്‍

ഇന്ന് എല്ലാ സൂചികകളുടെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ്, എയ്ഷര്‍, ഹീറോ മോട്ടോര്‍ കോര്‍പ്‌സ് എന്നിവയുടെ അനുകൂല ഫലങ്ങള്‍ ഓട്ടോ സൂചികളെ ഉയര്‍ത്തി. ഐടി, എഫ്.എം.സി.ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളും ഇന്ന് മികവ് പുലര്‍ത്തി.

നേട്ടത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ഇന്നേറ്റവും നേട്ടം കൊയ്ത ഓഹരി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേതാണ്. 7.27 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്. ദക്ഷിണ കൊറിയയിലെ എച്ച്ഡി ഹ്യൂണ്ടായിയുമായി ചേര്‍ന്ന് 10,000 കോടി രൂപയുടെ കപ്പല്‍ നിര്‍മാണ പദ്ധതി തുടങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിയെ ഉയര്‍ത്തിയത്.

നേട്ടം കൊയ്തവര്‍

നാലാംപാദ ഫലങ്ങള്‍ ഉഷാറായത് ഹീറോ മോട്ടോര്‍ കോര്‍പിന്റെ ഓഹരികളെയും ഇന്ന് ഉയരങ്ങളിലെത്തിച്ചു. മുന്‍വര്‍ഷം സമാനപാദത്തില്‍ 943 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 1,169 കോടിയിലേക്കാണ് ഉയര്‍ന്നത്.

ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് (4.88), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.82), ടാറ്റാ മോട്ടേഴ്‌സ് (4.30) എന്നീ ഓഹരികളും ഇന്ന് കരുത്തുകാട്ടി.

കേരള കമ്പനികളുടെ പ്രകടനം

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യയാണ് ഇന്ന് ഏറെ തിരിച്ചടി നേരിട്ട ഓഹരികളിലൊന്ന്. 4.18 ശതമാനമാണ് ഇടിവ്. ബി.എസ്.ഇ (2.68), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (2.13) ഓഹരികള്‍ ഇടിവ് നേരിട്ടു.

കേരള ഓഹരികളുടെ പ്രകടനം

ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 3.86 ശതമാനം ഉയര്‍ന്നപ്പോള്‍ മികച്ച നാലാംപാദ ഫലത്തിന്റെ മികവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.93 ശതമാനം നേട്ടം കൊയ്തു. നാലാംപാദത്തില്‍ മികച്ച നേട്ടം കൊയ്തിട്ടും നിഷ്‌ക്രിയ ആസ്തി കൂടിയത് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളെ വലിയ ഇടിവിലേക്ക് നയിച്ചു. ഇന്ന് 6.72 ശതമാനമാണ് ഓഹരികള്‍ താഴ്ന്നത്. മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 1.46 ശതമാനം താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT