Markets

ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍, കേട് തീര്‍ത്ത് കുതിച്ച് വിപണി, കേരള ഓഹരികളില്‍ കെ.എസ്.ഇ, മാര്‍ക്കറ്റിലെ കുതിപ്പിന്റെ രഹസ്യമെന്ത്?

ടെക്‌നോളജി, കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്‌റ്റോക്കുകളാണ് ഇന്നത്തെ കുതിപ്പിന് വഴിമരുന്നിട്ടത്. യു.എസില്‍ ട്രഷറി നിക്ഷേപങ്ങള്‍ക്ക് കാര്യമായി മെച്ചമുണ്ടാകില്ലെന്ന സൂചനകള്‍ വിദേശ നിക്ഷേപകരെ കാര്യമായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്

Lijo MG

ഇന്നലെ 640 പോയിന്റിലേറെ ഇടിവ്. ഇന്നോ 760 പോയിന്റിലേറെ നേട്ടവും. ഇന്ത്യന്‍ ഓഹരി വിപണിയെ നിക്ഷേപകര്‍ അങ്ങനെയൊന്നും കൈവിടില്ലെന്നതിന് മറ്റൊരു തെളിവ് കൂടി. വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞതോടെ സെന്‍സെക്‌സ് ഇന്ന് 769.09 പോയിന്റാണ് കൂടിയത്. 0.95 ശതമാനം നേട്ടത്തോടെ 81,721.08ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 0.99 ശതമാനം ഉയര്‍ന്ന് 24,853.15ല്‍ ക്ലോസ് ചെയ്തു. 0.99 ശതമാനം നേട്ടം.

ടെക്‌നോളജി, കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്‌റ്റോക്കുകളാണ് ഇന്നത്തെ കുതിപ്പിന് വഴിമരുന്നിട്ടത്. യു.എസില്‍ ട്രഷറി നിക്ഷേപങ്ങള്‍ക്ക് കാര്യമായി മെച്ചമുണ്ടാകില്ലെന്ന സൂചനകള്‍ വിദേശ നിക്ഷേപകരെ കാര്യമായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ന് കണ്ടത്.

സൂചികകളുടെ പ്രകടനം

ബി.എസ്.ഇ ഓഹരികള്‍ക്ക് സംഭവിച്ചത്

ബി.എസ്.ഇ ഓഹരികള്‍ ഇന്ന് ഒന്നിന് രണ്ട് ഓഹരികള്‍ എന്ന അനുപാതത്തില്‍ ബോണസ് ഇഷ്യു നടപ്പാക്കി. തുടര്‍ന്ന് ഓഹരി വില 2,335 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 6996.50 രൂപയില്‍ വ്യാപാരം അവസാനിച്ച ഓഹരി ബോണസ് ഇഷ്യൂ അഡ്ജസ്റ്റ്മെന്റിനു ശേഷം 2,335 രൂപയാക്കി നിജപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള വ്യാപാരത്തില്‍ ഓഹരി വില 2,449 രൂപയിലേക്ക് ഉയര്‍ന്നു.

മേയ് 23ന് ബി.എസ്.ഇ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് രണ്ട് രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് രണ്ട് എന്ന നിരക്കില്‍ ബോണസ് ഓഹരികള്‍ ലഭിക്കും. അതായത് ഇന്നലെ വരെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ് ബോണസ് ഓഹരിക്ക് അവസരം. മേയ് 26 മുതലാണ് ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ വരവ് വയ്ക്കുക. 2022ലും ബി.എസ്.ഇ ബോണസ് ഇഷ്യു നടത്തിയിരുന്നു.

മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.64, 0.80 ശതമാനം വീതം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ട്രാക്കിലേക്കാണെന്ന സൂചനകള്‍ എഫ്എംസിജി സൂചികകളെ 1.63 ശതമാനം ഉയര്‍ത്തി. ഐ.ടി സെക്ടറും കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. 0.95 ശതമാനത്തിന്റെ വര്‍ധന.

ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് (4.26), മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.22), വരുണ്‍ ബീവറേജസ് (4.00) ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം നടത്തിയത്.

പ്രീമിയര്‍ എന്‍ജിനിയേഴ്‌സ് ലിമിറ്റഡ് (2.35), ജിഎംആര്‍ എയര്‍പോര്‍ട്ട്‌സ് (2.20), കോണ്‍കോര്‍ (2.16) ഓഹരികള്‍ക്ക് ഇന്ന് ഇടിവു നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഇന്ന് മികച്ച നേട്ടം സ്വന്തമാക്കിയത് കെഎസ്ഇ ലിമിറ്റഡ് ആണ്. 11.63 ശതമാനം നേട്ടത്തോടെയാണ് കാലിത്തീറ്റ നിര്‍മാണ രംഗത്തെ മുമ്പന്മാര്‍ വ്യാപാരം അവസാനിപ്പിച്ചത്. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് 2.66 ശതമാനവും വണ്ടര്‍ലാ ഹോളിഡെയ്‌സ് 2.88 ശതമാനവും നേട്ടം കൊയ്തു. സി.എസ്ബി ബാങ്കും ഇസാഫ് ബാങ്കും യഥാക്രമം 1.90, 0.83 ശതമാനം വീതം ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT