Markets

നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങി, കണ്ണ് ബിഹാറിലേക്കും, വിപണിക്ക് ആവേശമില്ല, കിതപ്പും; ഓഹരിവിപണിയില്‍ ഇന്ന് എന്തൊക്കെ സംഭവിച്ചു?

സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ അനുകൂലമായ അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ ഇന്ന് 5.59 ശതമാനമാണ് ഉയര്‍ന്നത്. വരുമാനം 9 ശതമാനം ഉയര്‍ന്നപ്പോള്‍ ലാഭത്തിലും അതിന്റെ പ്രതിഫലനമുണ്ടായി

Lijo MG

അനുകൂല ആഗോള, ആഭ്യന്തര സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് സമ്മിശ്ര ദിനം. സെന്‍സെക്‌സ് 12.16 പോയിന്റും നിഫ്റ്റി 3.35 പോയിന്റും ഉയര്‍ന്ന് ക്ലോസ് ചെയ്തു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതാണ് വിപണി വലിയ തോതില്‍ ഉയരാത്തതിന് കാരണം. നാളെ (നവംബര്‍ 14) ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതും നിക്ഷേപകരെ സ്വാധീനിച്ചു. എന്‍ഡിഎ അനുകൂല എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ രാവിലെ വിപണി കുതിക്കും.

വലിയ കുതിപ്പിലേക്ക് പോകാന്‍ വിപണിക്ക് ഇന്ന് ആവശ്യത്തിലേറെ ഘടകങ്ങളുടെ പിന്തുണയുണ്ടായിരുന്നു. യുഎസ് ഭരണസ്തംഭനം നീങ്ങിയതും രാജ്യത്ത് ചില്ലറ വിലക്കയറ്റം 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും വിപണിക്ക് പോസിറ്റീവ് ആകേണ്ടതായിരുന്നു. ഇതിനൊപ്പം കോര്‍പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നു നില്‍ക്കുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും ലാഭമെടുപ്പിലേക്ക് വിപണി നീങ്ങിയത് ഫ്‌ളാറ്റായി വ്യാപാരം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു.

മെറ്റല്‍, ഫാര്‍മ സൂചികകളാണ് ഇന്നേറ്റവും നേട്ടം കൊയ്തത്. യഥാക്രമം 0.44, 0.41 ശതമാനം വീതം ഇരു സൂചികകളും ഉയര്‍ന്നു. റിയാലിറ്റി (42) ആണ് നേട്ടം കൊയ്ത മറ്റൊരു സൂചിക. ചില്ലറ വിലക്കയറ്റം കുറഞ്ഞെങ്കിലും എഫ്എംസിജി സൂചിക 0.51 ശതമാനം താഴ്ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.08 ശതമാനമാണ് വീണത്. മിഡ്ക്യാപ് (0.35), സ്‌മോള്‍ക്യാപ് (0.37) ശതമാനം വീതം താഴ്ന്നു.

ഇന്ന് നേട്ടംകൊയ്തവര്‍

സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ അനുകൂലമായ അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ ഇന്ന് 5.59 ശതമാനമാണ് ഉയര്‍ന്നത്. വരുമാനം 9 ശതമാനം ഉയര്‍ന്നപ്പോള്‍ ലാഭത്തിലും അതിന്റെ പ്രതിഫലനമുണ്ടായി. ഇത് ഓഹരികള്‍ക്ക് നേട്ടമായി. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭം 767 കോടി രൂപയില്‍ നിന്ന് 820 കോടി രൂപയായി വര്‍ധിച്ചു.

ശതമാനക്കണക്കില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി സംവര്‍ധന മതെര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ്. ഓഹരിവില 5.36 ശതമാനമാണ് ഉയര്‍ന്നത്. രണ്ടാംപാദ ഫലങ്ങളാണ് ഈ ഓഹരിക്കും കരുത്തായത്. മുന്‍വര്‍ഷം സമാനപാദത്തിലെ 880 കോടി രൂപ ലാഭത്തേക്കാള്‍ 6 ശതമാനം കുറവിലാണ് ഇത്തവണത്തെ ലാഭം. ഇതിലും താഴെപ്പോകുമെന്ന ആശങ്ക വഴിമാറിയതാണ് ഓഹരിവില കൂടാന്‍ ഇടയാക്കിയത്.

ലാഭത്തില്‍ 43 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ ഇന്ന് 3.77 ശതമാനം ഉയരം കണ്ടു. രണ്ടാംപാദത്തില്‍ ലാഭം 1,018 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനപാദത്തിലിത് 694 കോടി രൂപ മാത്രമായിരുന്നു.

തിരിച്ചടി നേരിട്ടവര്‍ ആരൊക്കെ?

അടിവസ്ത്ര നിര്‍മാതാക്കളും ജോക്കി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ലൈസന്‍സ് ഉടമകളുമായ പേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 3.36 ശതമാനം താഴ്ന്നു. സെപ്റ്റംബര്‍ പാദത്തിലെ ലാഭം മുന്‍വര്‍ഷത്തെ 195 കോടിയില്‍ നിന്ന് ഉയരാത്തതാണ് തിരിച്ചടിക്ക് കാരണം. കമ്പനി ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചെങ്കിലും ഓഹരിവിലയില്‍ പ്രതിഫലനമുണ്ടായില്ല.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി ഓഹരികള്‍ക്കും ഇന്ന് തിരിച്ചടി നേരിട്ടു. 3.30 ശതമാനമാണ് താഴ്ന്നത്. ടാറ്റ മോട്ടോഴ്‌സ് (2.84), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (2.83) ഓഹരികളും നെഗറ്റീവില്‍ വ്യാപാരം അവസാനിപ്പിച്ചു.

കേരള കമ്പനികള്‍ക്ക് നേട്ടമോ?

കൂടുതല്‍ കേരള ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കുള്ള തീരുവ കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളൊന്നും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് ഗുണമായില്ല. 3.52 ശതമാനം താഴാന്‍ ഇതു വഴിയൊരുക്കി. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 1.92 ശതമാനമാണ് ഇടിഞ്ഞത്. മണപ്പുറം ഫിനാന്‍സ് (0.02), സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് (2.54) ഓഹരികളും താഴ്ന്നു ക്ലോസ് ചെയ്തു.

ധനലക്ഷ്മി ബാങ്ക് (2.56), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (0.19) ഓഹരികള്‍ നേട്ടം ആവര്‍ത്തിച്ചു. അതേസമയം, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്ക് മികവിലേക്ക് എത്താനായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT