image credit : canva 
Markets

പ്രതീക്ഷകള്‍ക്കപ്പുറം നേട്ടവുമായി എന്‍വിഡിയ; വിപണിയില്‍ 'കുമിളപ്പേടി' മാറി; പുതിയ കുതിപ്പിനു വിപണി; ഇന്ത്യന്‍ വിപണി റെക്കോര്‍ഡിനരികെ

T C Mathew

നിര്‍മിതബുദ്ധി (എഐ)യെ പറ്റിയുള്ള ആശങ്കകള്‍ക്കു വിരാമമിട്ട് എന്‍വിഡിയയുടെ മികച്ച റിസല്‍ട്ട്. ഇതോടെ യുഎസ് ഫ്യൂച്ചേഴ്‌സ് കുതിച്ചു കയറി. നാസ്ഡാക് 420 ഉം ഡൗ 255 ഉം പോയിന്റ് കയറി. ഏഷ്യന്‍ വിപണികള്‍ രാവിലെ വലിയ മുന്നേറ്റത്തിലാണ്. ഇന്ത്യന്‍ വിപണിയും കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നു.

എന്‍വിഡിയ മൂന്നാം പാദത്തില്‍ 5,701 കോടി ഡോളര്‍ വരുമാനത്തില്‍ 1.30 ഡോളര്‍ പ്രതിഓഹരി വരുമാനം (ഇപിഎസ്) ഉണ്ടാക്കി. 5,492 കോടിയും 1.25 ഡോളറും ആയിരുന്നു പ്രതീക്ഷ. ഡാറ്റാ സെന്റര്‍ ബിസിനസിലെ കുതിപ്പും ബ്ലാക്ക് വെല്‍ പ്രോസസറുകളുടെ ഡിമാന്‍ഡുമാണ് നേട്ടത്തിനു പിന്നില്‍ എന്നു സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. അടുത്ത പാദത്തിലെ വരുമാന പ്രതീക്ഷ 6,500 കോടി ഡോളറായി ഉയര്‍ത്തി. ഫ്യൂച്ചേഴ്‌സില്‍ എന്‍വിഡിയ അഞ്ചു ശതമാനം കുതിച്ചു. മറ്റ് ഐടി കമ്പനികളും കയറി.

എന്‍വിഡിയ പ്രതീക്ഷയിലും മികച്ച വളര്‍ച്ചയും ലാഭവും നേടിയതും ഭാവിപ്രതീക്ഷ കൂട്ടിയതും ഏഷ്യയില്‍ ടെക് ഓഹരികളെ ഉയര്‍ത്തി. ഇന്ത്യയിലും ടെക് മേഖല ആവേശത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 26,068.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,155 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് നഷ്ടം കുറച്ചു

നിര്‍മിതബുദ്ധി കുമിളയുടെ ആശങ്കയില്‍ നിന്നു പൂര്‍ണമായും മാറാതിരുന്ന യൂറോപ്പ് ഇന്നലെ നാമമാത്രമായി താഴ്ന്നു ക്ലോസ് ചെയ്തു. റഷ്യ-യുക്രെയ്ന്‍ സമാധാന കരാറിന് അമേരിക്ക രഹസ്യമായി നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ട് യൂറോപ്പിലെ പ്രധാന പ്രതിരോധ-ഏറോസ്‌പേസ് കമ്പനികളുടെ ഓഹരികളെ എട്ടു ശതമാനം വരെ താഴ്ത്തി. ഗൂച്ചി, ഈവ് സാന്‍ ലോറാന്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ കെറിംഗ് സ്റ്റോറുകള്‍ കുറയ്ക്കും എന്നു പറഞ്ഞത് ഓഹരിയെ 4.2 ശതമാനം താഴ്ത്തി.

യുഎസ് വിപണി പ്രത്യാശയോടെ

നിര്‍മിതബുദ്ധി കുമിളയാണോ എന്ന ആശങ്കയില്‍ നിന്ന് അമേരിക്കന്‍ വിപണി വിട്ടുമാറുന്നതാണ് ഇന്നലെ കണ്ടത്. മൂന്നു സൂചികകളും പച്ചയിലായി. രണ്ടാം പാദ റിസല്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് എന്‍വിഡിയ ഓഹരി 2.85 ശതമാനം ഉയര്‍ന്നു.

ഗൂഗിളിന്റെ നിര്‍മിതബുദ്ധി ആപ്പ് ആയ ജമിനിയുടെ മൂന്നാം പതിപ്പ് പുറത്തിറക്കിയതില്‍ ആവേശം പൂണ്ട വിപണി ആല്‍ഫബെറ്റ് ഓഹരിയെ നാലു ശതമാനം ഉയര്‍ത്തി റെക്കോര്‍ഡില്‍ എത്തിച്ചു. യുഎസ് പ്രതിരോധ വകുപ്പിന്റെയും സൗദി അറേബ്യന്‍ കമ്പനി മാഡന്റെയും സഹകരണത്തില്‍ അപൂര്‍വധാതു ശുദ്ധീകരണശാല തുറക്കും എന്ന പ്രഖ്യാപനം എംപി മറ്റീരിയല്‍സിനെ 10 ശതമാനം ഉയര്‍ത്തി.

ഇന്നു വ്യാപാരം തുടങ്ങും മുന്‍പു റീട്ടെയില്‍ ഭീമന്‍ വോള്‍മാര്‍ട്ടിന്റെ റിസല്‍ട്ട് വരുന്നതു സമ്പദ്ഘടനയുടെ പ്രകടനത്തിന്റെ സൂചന നല്‍കും. കഴിഞ്ഞ മാസത്തെ തൊഴില്‍ കണക്ക് നാളെ പുറത്തുവിടും.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 47.03 പോയിന്റ് (0.10%) ഉയര്‍ന്നു 46,138.77ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി സൂചിക 24.84 പോയിന്റ് (0.38%) കയറി 6642.16ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 131.38 പോയിന്റ് (0.59%) നേട്ടത്തോടെ 22,564.23ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ ഫ്യൂച്ചേഴ്‌സ് വലിയ കുതിപ്പിലായി. ഡൗ 0.56 ഉം എസ്ആന്‍ഡ്പി 1.18 ഉം നാസ്ഡാക് 1.69 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

എന്‍വിഡിയ റിസല്‍ട്ടിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ മുന്നേറ്റത്തിലാണ്. സംഘര്‍ഷഭീതി മാറ്റി വച്ച ജപ്പാനില്‍ നിക്കൈ രാവിലെ 3.7 ശതമാനം കുതിച്ചുകയറി. ജപ്പാനില്‍ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന സൂചനയും ഉണ്ട്. ദക്ഷിണ കൊറിയയില്‍ കോസ്പി 2.6 ശതമാനം ഉയര്‍ന്നു. ഹോങ് കോങ്, ചൈനീസ് സൂചികകളും കയറ്റത്തിലാണ്.

അമേരിക്കന്‍ വിപണിയുടെ പ്രത്യാശയില്‍ മുന്‍കൂര്‍ പങ്കു പറ്റിയ ഇന്ത്യന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 2024 സെപ്റ്റംബറിനു ശേഷം ആദ്യമായി 85,000നു മുകളില്‍ കയറി. നിഫ്റ്റി 26,000നു മുകളില്‍ കരുത്തോടെ എത്തി ക്ലോസ് ചെയ്തു. റെക്കോര്‍ഡില്‍ നിന്ന് ഒരു ശതമാനത്തില്‍ താഴെ മാത്രം അകലെയാണു മുഖ്യ സൂചികകള്‍.

ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് കമ്പനി (ഇപ്പോള്‍ സമ്മാന്‍ കാപ്പിറ്റല്‍)യുടെ തട്ടിപ്പു കേസില്‍ സിബിഐ കാണിക്കുന്ന മെല്ലെപ്പോക്കിനെ വിമര്‍ശിച്ച സുപ്രീം കോടതി നടപടിയെ തുടര്‍ന്ന് സമ്മാന്‍ ഓഹരി 13.3 ശതമാനം ഇടിഞ്ഞു.

ഗ്രോ (ബില്യണ്‍ബ്രെയിന്‍) ഐപിഒ കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്തപ്പോള്‍ വലിയ ഷോര്‍ട്ട് ഇടപാട് നടത്തിയവര്‍ ഓഹരിവില കുതിച്ചതിനെ തുടര്‍ന്നു കുഴപ്പത്തിലായി. ഓഹരികള്‍ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ അവരുടെ പൊസിഷനുകള്‍ ലേലത്തിലേക്കു പോയി. ഇതോടെ ഗ്രോ ഓഹരി 10 ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍കീട്ടില്‍ എത്തി.

പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ടെന്‍ഡറുകളില്‍ ഒന്‍പതു മാസത്തേക്കു വിലക്കു വന്ന കെഇസി ഇന്റര്‍നാഷണല്‍ ഓഹരി 10 ശതമാനം ഇടിഞ്ഞു. ഇന്നലെ ഓയില്‍-ഗ്യാസ്, റിയല്‍റ്റി, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി.

ഐടി ആണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്. ഐടി സൂചിക 2.97 ശതമാനം കുതിച്ചു. എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് 7.73 ശതമാനം നേട്ടം ഉണ്ടാക്കി. കോഫോര്‍ജും എച്ച്‌സിഎലും നാലു ശതമാനത്തിലധികം ഉയര്‍ന്നു. പെഴ്‌സിസ്റ്റന്റ്, ഇന്‍ഫോസിസ്, മൈന്‍ഡ് ട്രീ എന്നിവ മൂന്നു ശതമാനത്തിലധികം കയറി.

ബുധനാഴ്ച സെന്‍സെക്‌സ് 513.45 പോയിന്റ് (0.61%) കുതിച്ച് 85,186.47ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 142.60 പോയിന്റ് (0.55%) ഉയര്‍ന്ന് 26,052.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 316.80 പോയിന്റ് (0.54%) കയറി 59,216.05ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 127.05 പോയിന്റ് (0.21%) ഉയര്‍ന്ന് 60,949.05ലും സ്‌മോള്‍ ക്യാപ് 100 സൂചിക 78.80 പോയിന്റ് (0.43%) താഴ്ന്ന് 18,075.95ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1,757 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,427 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1,407 ഓഹരികള്‍ കയറി, 1,691 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 88 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 169 എണ്ണം താഴ്ന്ന വിലയില്‍ എത്തി. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ അഞ്ച് എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1580.72 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 1360.27 കോടിയുടെ അറ്റവാങ്ങലും നടത്തി.

വിപണിയിലെ ബുള്ളുകള്‍ അത്യാവേശത്തിലാണ്. നിഫ്റ്റിയുടെ പിന്തുണ നിലവാരം 25,750-25,850 മേഖലയിലേക്ക് കയറി. 26,100 നു മുകളില്‍ ഓപ്പണ്‍ ചെയ്താല്‍ 26,300 ലക്ഷ്യം വച്ച് റെക്കോര്‍ഡ് തിരുത്താന്‍ കഴിയും എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 25,900 ലും 25,860 ലും പിന്തുണ ഉറപ്പാക്കാം. 26,080 ലും 26,140 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

പാപ്പരായ ജയ പ്രകാശ് അസോസിയേറ്റ്‌സിന്റെ ആസ്തികള്‍ അദാനി എന്റര്‍പ്രൈസസിനു ലഭിക്കും. അദാനിയുടെ ഓഫര്‍ സ്വീകരിക്കാന്‍ വായ്പാദാതാക്കള്‍ തീരുമാനിച്ചു. നാഗ്പുര്‍ മെട്രോപ്പോലിറ്റന്‍ വികസന അംഫാറിറ്റിയില്‍ നിന്ന് 2966 കോടി രൂപയുടെ കോണ്‍ട്രാക്റ്റ് എന്‍ബിസിസിക്കു ലഭിച്ചു.

ഇന്‍ഫോ എഡ്ജ് ഹോള്‍ ടൈം ഡയറക്ടറും സിഎഫ്ഓയും ആയ ചിന്തന്‍ ഠാക്കറെ സ്ഥാനത്തു നിന്നു മാറ്റി. കാരണം വ്യക്തമാക്കിയിട്ടില്ല. താല്‍ക്കാലിക സിഎഫ്ഒയെ നിയമിച്ചു.

2018-19 ലെ കണക്കുകള്‍ പരിശോധിച്ച ആദായനികുതി വകുപ്പ് 365 കോടി രൂപയുടെ നികുതി നോട്ടീസ് സി ജി പവര്‍ കമ്പനിക്കു നല്‍കി.

മഹീന്ദ്ര ഹോളിഡെയ്‌സ് ലീഷര്‍ ഹോസ്പിറ്റാലിറ്റി ബിസിനസിലേക്കു കടക്കുന്നു. മഹീന്ദ്ര സിഗ്‌നേച്ചര്‍ എന്ന പേരില്‍ മഹീന്ദ്ര ഹോട്ടല്‍സ് ആന്‍ഡ് റെസിഡന്‍സസ് എന്ന ഉപകമ്പനിയാണ് ഇതു നടത്തുക. കല്യാണി ഫോര്‍ജിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലേഷ് ബന്‍ഡലെ രാജിവച്ചു. കാരണം പറഞ്ഞിട്ടില്ല.

സ്വര്‍ണം കയറിയിറങ്ങി

രണ്ടാഴ്ചയ്ക്കു ശേഷം യുഎസ് ഫെഡ് പലിശ കുറയ്ക്കുമോ ഇല്ലയാേ എന്നതാണു സ്വര്‍ണ വിപണിയെ അലട്ടുന്ന പ്രധാന വിഷയം. ഇന്നലെ പുറത്തുവന്ന ഫെഡ് മിനിറ്റ്‌സ് വിപണിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പര്യാപ്തമായില്ല. ഓഹരി വിപണികളില്‍ നിന്നു നിക്ഷേപകര്‍ പിന്മാറും എന്ന ഭീതി എന്‍വിഡിയ റിസല്‍ട്ടിനെ തുടര്‍ന്ന് ഇല്ലാതായി. ഡോളര്‍ സൂചിക 100 കടന്നതും സ്വര്‍ണത്തിനു ക്ഷീണമാണ്.

ബുധനാഴ്ച 4,055-4,134 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 4079.00 ഡോളറില്‍ ക്ലോസ് ചെയ്തു. തലേന്നത്തേക്കാള്‍ 10.60 ഡോളര്‍ കൂടുതല്‍. ഇന്നുരാവിലെ വില 4110.00 ഡോളര്‍ വരെ കയറിയിട്ടു 4,095 ലേക്കു താഴ്ന്നു. അവധിവില 4,084 ഡോളര്‍ ആയി.

വെള്ളി സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് 51.28ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 51.69 ഡോളര്‍ ആയി. പ്ലാറ്റിനം 1562 ഡോളര്‍, പല്ലാഡിയം 1387 ഡോളര്‍, റോഡിയം 7825 എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ കയറുന്നു

മൂന്നു ദിവസത്തെ ക്ഷീണത്തിനു ശേഷം വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കയറുന്നതാണു കണ്ടത്. ചെമ്പ് ടണ്ണിന് 1.27 ശതമാനം കുതിച്ച് 10,784.00 ഡോളര്‍ ആയി. അലൂമിനിയം 0.46 ശതമാനം ഉയര്‍ന്ന് ടണ്ണിന് 2801.41 ഡോളറില്‍ എത്തി. നിക്കല്‍, ടിന്‍, സിങ്ക് എന്നിവ കയറി. ലെഡ് താഴ്ന്നു.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.23 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.60 സെന്റ് ആയി. കൊക്കോ 6.15 ശതമാനം ഇടിഞ്ഞ് ടണ്ണിന് 4938.29 ഡോളറില്‍ എത്തി. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചതാണു വിലയെ 2024 ജനുവരിക്കു ശേഷം ആദ്യമായി 5,000 ഡോളറിനു താഴെ എത്തിച്ചത്. കാപ്പി വില 1.04 ശതമാനം ഉയര്‍ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 0.38 ശതമാനം ഉയര്‍ന്നു.

ഡോളര്‍ കയറി

ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 100 നു മുകളില്‍ എത്തി 100.23ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.18 ലേക്കു താഴ്ന്നു. ഡോളര്‍ വിനിമയ നിരക്കു മെച്ചപ്പെട്ടു. യൂറോ 1.1536 ഡോളറിലേക്കും പൗണ്ട് 1.3056 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഇടിഞ്ഞ് ഒരു ഡോളറിന് 157.03 യെന്‍ ആയി.

ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.11 യുവാനില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.80 ഡോളറിലായി. ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 88.59 രൂപ ആയി.ചൈനയുടെ കറന്‍സി ഡോളറിന് 7.11 യുവാന്‍ എന്ന നിലയില്‍ തുടരുന്നു. യുഎസ് കടപ്പത്ര വിലകള്‍ ഇന്നലെ ചാഞ്ചാടിയ ശേഷം വലിയ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.145 ശതമാനമായി കയറി.

ക്രൂഡ് ഓയില്‍ ചാഞ്ചാടുന്നു

റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ശനിയാഴ്ച പ്രാബല്യത്തില്‍ വരും. എങ്കിലും വിപണിയില്‍ ക്രൂഡ് മിച്ചമാണ് എന്നു പറയുന്നു. ഇന്നലെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ രാത്രിയോടെ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ രണ്ടു ശതമാനത്തോളം താഴ്ന്ന് 63.66 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 63.73 ലും ഡബ്‌ള്യുടിഐ ഇനം 59.50 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.87 ലും എത്തി. പ്രകൃതിവാതക വില അഞ്ചു ശതമാനം കുതിച്ച് 4.55 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

വലിയ നിക്ഷേപകര്‍ പിന്മാറുന്നതു ബിറ്റ് കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികളെ താഴ്ത്തുകയാണ്. ഓഹരിവിപണി തിരിച്ചു കയറിയാല്‍ ക്രിപ്‌റ്റോകളും കയറുമെന്നു ചിലര്‍ കരുതുന്നു. ബിറ്റ്‌കോയിന്‍ ഇന്നലെ 88,501 ഡോളര്‍ വരെ താഴ്ന്നിട്ട് കുറേ തിരിച്ചുകയറി. ഇന്നു രാവിലെ 92,400 നു മുകളിലാണ്. ഇന്നലെ 2869 ഡോളര്‍ വരെ ഇടിഞ്ഞ ഈഥര്‍ 3040 ഡോളറില്‍ നില്‍ക്കുന്നു. 130 ഡോളര്‍ വരെ താഴ്ന്ന സൊലാന 139.00 ലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT