Markets

നിക്ഷേപക മൂല്യത്തില്‍ നഷ്ടം ₹7 ലക്ഷം കോടി രൂപ, തുടര്‍ച്ചയായ രണ്ടാം സെഷനിലും വിപണിക്ക് ഇടിവ്, എന്താണ് സംഭവിക്കുന്നത്?

കേരള കമ്പനികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു. ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Lijo MG

ഇന്ത്യന്‍ ഓഹരിവിപണിക്ക് തിങ്കളാഴ്ച മോശംദിനം. ഇന്ന് സെന്‍സെക്‌സ് 331.21 പോയിന്റ് ഇടിഞ്ഞ് 84,900.71ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയും തതുല്യമായി ഇടിഞ്ഞു. 108.65 പോയിന്റ് നഷ്ടത്തില്‍ 25,959.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ 7 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായ രണ്ടാം സെഷനിലാണ് വിപണി താഴേക്കാകുന്നത്.

വിപണിയില്‍ ലാഭമെടുക്കല്‍ തുടര്‍ച്ചയായി നടക്കുന്നതും ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതമായി നീണ്ടുനില്‍ക്കുന്നതുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.

നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രതയോടെ നീങ്ങുകയാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ ട്രെന്റില്‍ തന്നെയാണ്. പ്രതീക്ഷിച്ചതിലും താമസിച്ചേ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വരുകയുള്ളുവെന്ന വിലയിരുത്തലും ഇടിവിന് കാരണമായിട്ടുണ്ട്. നവംബര്‍ 28ന് ജിഡിപിയുടെ രണ്ടാപാദ ഡേറ്റകള്‍ പുറത്തുവരുന്നുണ്ട്. ഇതും മാര്‍ക്കറ്റിനെ സ്വാധീനിക്കും.

വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച (നവംബര്‍ 21) വിറ്റഴിച്ചത് 1,766 കോടി രൂപയുടെ ഓഹരികളാണ്. ഇന്ത്യന്‍ വിപണി ഓവര്‍വാല്യൂ ആണെന്ന ചിന്ത നിക്ഷേപകരിലേക്ക് പകരാന്‍ വിദേശ നിക്ഷേപകരുടെ പോക്കിന് സാധിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപ റെക്കോഡ് താഴ്ചയും നിക്ഷേപക കണ്ണില്‍ നെഗറ്റീവ് ഇംപാക്ടാണ് വിപണിയെക്കുറിച്ച് നല്കുന്നത്.

സൂചികകളുടെ പ്രകടനം

ഐടി ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് ചുവപ്പായിരുന്നു. രൂപയുടെ റെക്കോഡ് ഇടിവ് ഐടി കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നതാണ് ഈ മേഖലയ്ക്ക് ഗുണം ചെയ്തത്. 0.41 ശതമാനം ഉയര്‍ന്നാണ് ഐടി സെക്ടര്‍ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന ഉപയോക്താക്കള്‍ യുഎസ് കമ്പനികളാണ്. ഡോളറിലാണ് യുഎസ് കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിഫലം നല്കുന്നത്. ഇതാണ് ഐടി മേഖലയെ രൂപയുടെ വിലയിടിവ് സന്തോഷിപ്പിക്കുന്നത്.

മിഡ്ക്യാപ്100, സ്‌മോള്‍ക്യാപ്100 സൂചികകള്‍ യഥാക്രമം 0.42, 0.32 ശതമാനം വീതം താഴ്ന്നു. എണ്ണ, ഗ്യാസ് ഇറക്കുമതിക്ക് രൂപയുടെ വിലയിടിവ് ബാധിക്കുമെന്നത് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളെ 0.84 ശതമാനത്തോളം താഴ്ത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.15 ശതമാനമാണ് ഇടിഞ്ഞത്.

ജിഎസ്ടി പരിഷ്‌കരണം ഗുണം ചെയ്‌തെങ്കിലും എഫ്എംസിജി സൂചികകളും 0.66 ശതമാനത്തോളം താഴ്ന്നു. പൊതുമേഖ ബാങ്കിംഗ് സൂചിക 0.15 ശതമാനവും റിയാലിറ്റി 2.05 ശതമാനവും വീതം താഴ്ന്നു.

വാണവരും വീണവരും

ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മുഖ്യധാര ഓഹരികളിലൊന്ന് എസിസി ലിമിറ്റഡിന്റേതാണ്. 5.46 ശതമാനം ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. സ്വിഗ്ഗി ലിമിറ്റഡ് (5.07 ശതമാനം), റെയില്‍ വികാസ് നിഗം (4.57 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.85) ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു. ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നേട്ടം കൊയ്ത അപൂര്‍വം ഓഹരികളിലൊന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ആണ്. 5.71 ശതമാനം നേട്ടത്തോടെയാണ് ഈ ഓഹരി ടോപ് സെല്ലേഴ്‌സില്‍ ഇടംപിടിച്ചത്. അതേസമയം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് 0.96 ശതമാനം നഷ്ടമാണ് നേരിട്ടത്. മണപ്പുറം ഫിനാന്‍സും 0.90 ശതമാനം താഴ്ച്ചയായിരുന്നു.

യുഎസുമായുള്ള കരാര്‍ വൈകുന്നത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ 5.52 ശതമാനം താഴെയെത്തിച്ചു. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് ഓഹരികള്‍ 0.01 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT