Markets

തുടര്‍ച്ചയായ മൂന്നാം ദിനവും വിപണി ചുവപ്പില്‍; അദാനി എന്റർപ്രൈസസ്, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ നഷ്ടത്തില്‍, മുന്നേറ്റവുമായി ഫെഡറല്‍ ബാങ്ക്

കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി, മീഡിയ, ഓയിൽ & ഗ്യാസ് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു

Sutheesh Hariharan

തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം തുടര്‍ന്ന് വിപണി. ചാഞ്ചാട്ടങ്ങൾ നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഓയിൽ & ഗ്യാസ് തുടങ്ങിയ പ്രധാന മേഖലാ ഓഹരികളിലെ ഇടിവ് സൂചികകളെ താഴേക്ക് വലിച്ചു. വിദേശ സ്ഥാപന നിക്ഷേപകരുടെ (FIIs) തുടർച്ചയായ വിൽപ്പന വിപണിയുടെ മുന്നേറ്റത്തിന് വലിയ തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം മാത്രം 4,171 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐ‌ഐകൾ വിറ്റഴിച്ചത്. വിപണി റെക്കോർഡ് നിലവാരത്തിന് സമീപം എത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിൽപ്പന സമ്മർദ്ദം വർദ്ധിപ്പിച്ചു.

കൂടാതെ, നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന ദിവസമായതിനാൽ, വലിയ അളവിലുള്ള പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത വിപണിയിൽ ചാഞ്ചാട്ടത്തിനും കാരണമായി. പുതിയ ഉത്തേജക ഘടകങ്ങളുടെ അഭാവവും വിപണിക്ക് തിരിച്ചടിയായി. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലി നിലനിൽക്കുന്ന അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ ദുർബലതയും വിപണിക്ക് ക്ഷീണമായി.

സെൻസെക്സ് 0.37 ശതമാനം (314 പോയിന്റ്) താഴ്ന്ന് 84,587 ലും നിഫ്റ്റി 0.29 ശതമാനം ( 74.7 പോയിന്റ്) ഇടിഞ്ഞ് 25,884.80 ലും ക്ലോസ് ചെയ്തു.

കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി, മീഡിയ, ഓയിൽ & ഗ്യാസ് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു.

മെറ്റൽ, ഫാർമ, പി‌എസ്‌യു ബാങ്ക്, റിയൽറ്റി സൂചികകള്‍ 0.5 ശതമാനം മുതല്‍ 1.5 ശതമാനം വരെ നേട്ടമുണ്ടാക്കി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഫാർമ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പോസറ്റീവ് കാഴ്ചപ്പാട് പങ്കുവെച്ചതാണ് ഫാർമ ഓഹരികൾക്ക് നേട്ടമായത്. ലുപിൻ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഉയർന്ന് 2,041 രൂപയിലെത്തി. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് , ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അരബിന്ദോ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികള്‍ ഒരു വര്‍ഷത്തെ (52 ആഴ്ച) ഏറ്റവും ഉയർന്ന നിലയിലെത്തി. ഓഹരി 0.27 ശതമാനം നേട്ടത്തില്‍ 1,540 രൂപയിലാണ് ക്ലോസ് ചെയ്തത്.

ആർ‌ബി‌ഐ) ഗവർണർ സഞ്ജയ് മൽഹോത്ര പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ ഉയർന്നു. ബ്രിഗേഡ് എന്റർപ്രൈസസ് ഓഹരികള്‍ 4 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ബിഇഎൽ (1.58% വർധന), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (1.44% വർധന), എസ്‌ബി‌ഐ (1.33% വർധന) തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

സ്വിഗ്ഗി ഓഹരികൾ 3 ശതമാനത്തോളം ഇടിഞ്ഞ് 393 രൂപയിലെത്തി. രാജ്യത്ത് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് പ്ലാറ്റ്‌ഫോം കമ്പനികളുടെ പ്രവർത്തനച്ചെലവ് വർദ്ധിക്കുമെന്ന ആശങ്ക ഉയർന്നതാണ് ഓഹരി നഷ്ടത്തിലാകാനുളള കാരണം.

അദാനി എന്റർപ്രൈസസ് (2.91% ഇടിവ്), ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (1.59% ഇടിവ്), ട്രെന്റ് (1.49% ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറല്‍ ബാങ്ക് 3 ശതമാനത്തിലധികം നേട്ടത്തില്‍ 256 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് (2.31%), മണപ്പുറം ഫിനാന്‍സ് (1.45%), സ്കൂബി ഡേ (3.44%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.03 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, ഫാക്ട് നേരിയ നേട്ടത്തില്‍ (0.24%) ക്ലോസ് ചെയ്തു.

കേരള ആയുര്‍വേദ 3.12 ശതമാനം നഷ്ടത്തില്‍ 338 രൂപയിലെത്തി. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (-2.57%), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (-2.20%), ഈസ്റ്റേണ്‍ ട്രെഡ്സ് (-2.82%) തുടങ്ങിയ ഓഹരികളും ചൊവ്വാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis November 25, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT