Markets

ദിവസത്തെ നഷ്ടത്തില്‍ നിന്ന് 500 പോയിന്റ് തിരിച്ചു കയറി സെന്‍സെക്സ്; ബാങ്ക്, ധനകാര്യ, മെറ്റല്‍ ഓഹരികള്‍ കരുത്തായി, കൊച്ചിൻ ഷിപ്പ്‍യാർഡ് നേട്ടത്തില്‍

ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ടെലികോം സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു

Sutheesh Hariharan

തുടർച്ചയായ രണ്ട് ദിവസങ്ങളിലെ ഇടിവിന് ശേഷം ഇന്നും കാര്യമായ നേട്ടം കണ്ടെത്താനാകാതെ വിപണി. വലിയ അസ്ഥിരത നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. സെൻസെക്സ് ഒരുവേള 631.93 പോയിന്റ് ഇടിഞ്ഞ് 82,679.08 ലെത്തി. നിഫ്റ്റിയും 184 പോയിന്റോളം ഇടിഞ്ഞു. തുടര്‍ന്ന് ശക്തമായ തിരിച്ചു കയറി ഫ്ലാറ്റായി വിപണി ക്ലോസ് ചെയ്യുകയായിരുന്നു.

സമീപകാല തിരുത്തലുകൾക്ക് ശേഷം നിക്ഷേപകർ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, മെറ്റല്‍ ഓഹരികളില്‍ മൂല്യ വാങ്ങലിലേക്ക് (Value buying) തിരിഞ്ഞത് വിപണിക്ക് തിരിച്ചുവരവിന് അവസരമൊരുക്കി. ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൂചന നൽകിയതും വിപണിക്ക് ഊര്‍ജം പകര്‍ന്നു. ഉഭയകക്ഷി വ്യാപാര ബന്ധം വർദ്ധിപ്പിക്കുന്നതിനായി അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു.

സെൻസെക്സ് 0.11 ശതമാനം (94.73 പോയിന്റ്) ഇടിഞ്ഞ് 83,216.28 ലും നിഫ്റ്റി 0.07 ശതമാനം ( 17.40 പോയിന്റ്) ഇടിഞ്ഞ് 25,492.30 ലും വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ സൂചിക 1.4 ശതമാനം നേട്ടം രേഖപ്പെടുത്തി.

ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ടെലികോം എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു.

മിഡ്ക്യാപ് സൂചിക 0.63 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക ഫ്ലാറ്റ് ആയി അവസാനിച്ചു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരി 3 ശതമാനത്തിലധികം ഉയര്‍ന്നു. രണ്ടാം പാദത്തിൽ 10,053.39 കോടി രൂപയുടെ ലാഭമാണ് സ്ഥാപനം റിപ്പോർട്ട് ചെയ്തത്. ഓഹരി 926 രൂപയിലെത്തി.

ശ്രീറാം ഫിനാൻസ്, അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, എം ആൻഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഫലങ്ങള്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആംബർ എന്റർപ്രൈസസിന്റെ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞു. രണ്ടാം പാദത്തില്‍ 32.86 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. വരുമാനം 2 ശതമാനത്തിലധികം കുറഞ്ഞ് 1,647 കോടി രൂപയായി. ഓഹരി 7,282 രൂപയില്‍ ക്ലോസ് ചെയ്തു.

ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ, അപ്പോളോ ഹോസ്പിറ്റൽസ്, ടെക് മഹീന്ദ്ര, ഇന്റർഗ്ലോബ് ഏവിയേഷൻ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

മുന്നേറ്റവുമായി മുത്തൂറ്റ് മൈക്രോഫിന്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. മുത്തൂറ്റ് മൈക്രോഫിന്‍ 3.50 ശതമാനം ഉയര്‍ന്ന് 167 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (6.74%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (2.15%), പോപ്പീസ് കെയര്‍ (4.96%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‍യാർഡ് 1.78 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, ഫാക്ട് നേരിയ നേട്ടത്തില്‍ (0.07%) ക്ലോസ് ചെയ്തു.

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2.56 ശതമാനം നഷ്ടത്തില്‍ 359 രൂപയിലെത്തി. കേരള ആയുര്‍വേദ (-1.47%), ടോളിന്‍സ് ടയേഴ്സ് (-0.73%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (-0.57%) തുടങ്ങിയ ഓഹരികള്‍ക്കും വാരാന്ത്യം മോശം ദിനമായിരുന്നു.

Stock market closing analysis November 7, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT