വാരാദ്യ ദിവസങ്ങളിലെ തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 223.86 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 57.95 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 81,207.17 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 24,894.25 പോയിന്റിലും. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 2.49 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികളുടെ പ്രകടനവും പൊതുമേഖല ബാങ്കിംഗ് സെക്ടറിന്റെ കുതിപ്പും വിണിക്കും ഇന്ധനമായി.
ഒക്ടോബറില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനയും ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുന്നതും ജിഎസ്ടിയില്‍ കുറവു വരുത്തിയത് കമ്പനികളുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്ന വാര്‍ത്തകളും ഒപ്പം മികച്ച മണ്‍സൂണ്‍ കാര്‍ഷിക മേഖലയ്ക്ക് കുതിപ്പേകുമെന്ന പ്രതീക്ഷയും വിപണിക്ക് നേട്ടമായി.
ഓട്ടോ (0.06), റിയാലിറ്റി (0.12), ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് (0.22) സൂചികകള്‍ ഒഴികെ ബാക്കിയെല്ലാ സെക്ടറുകളും മികച്ച പ്രകടനമാണ് നടത്തിയത്. മെറ്റല്‍ സെക്ടര്‍ 1.82 ശതമാനം ഉയര്‍ന്ന് കരുത്തുകാട്ടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.09 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി സെക്ടര്‍ 0.12 ശതമാനം നേട്ടം കൊയ്തു. ഉത്സവകാലത്തോട് അനുബന്ധിച്ച് കമ്പനികളുടെ വില്പന ഉയരുമെന്ന നിഗമനമാണ് വിപണിക്കുള്ളത്.
ഇന്നേറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് കേരള കമ്പനിയായ കല്യാണ്‍ ജുവലേഴ്‌സ് ആണ്. 5.43 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ ബാങ്ക് ഇന്ന് 4.12 ശതമാനമാണ് വര്‍ധിച്ചത്.
ബാങ്കിംഗ് രംഗത്ത് മികച്ച പ്രകടനത്തോടെ മുന്നേറുന്ന പൊതുമേഖ ബാങ്കായ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് 4.12 ശതമാനം ഉയര്‍ന്നു. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലാണ് ഓഹരികള്‍. ജൂണില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും മികവ് ആവര്‍ത്തിക്കാന്‍ ബാങ്കിന് സാധിച്ചിരുന്നു.
സോളാര്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 3.52 ശതമാനവും ടാറ്റ സ്റ്റീല്‍ 3.45 ശതമാനവും നേട്ടം കൊയ്തു.
മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് ഇന്ന് ഏറ്റവും ക്ഷീണം നേരിട്ടത്. 3.88 ശതമാനം ഓഹരിവില ഇടിഞ്ഞു. അദാനി പവര്‍ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ചകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ന് നേട്ടം നിലനിര്‍ത്താന്‍ സാധിച്ചില്ല. 3.30 ശതമാനം താഴ്ച്ചയിലാണ് വാരം ക്ലോസ് ചെയ്തത്. ലോധ ഡെവലപേഴ്‌സ് 2.42 ശതമാനവും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി 2.07 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഒട്ടുമിക്ക കേരള കമ്പനികളും ഇന്ന് ലാഭത്തിലാണ് ക്ലോസ് ചെയ്തത്. കാസര്‍ഗോഡ് പുതിയ ആശുപത്രി ആരംഭിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്ന് 1.93 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയ്ല്‍ 3.14 ശതമാനവും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 0.08 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്ക് (0.89), ധനലക്ഷ്മി ബാങ്ക് (0.68), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (1.04), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.19) ഓഹരികള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 0.90 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ മണപ്പുറം ഫിനാന്‍സ് 0.07 ശതമാനം ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine