Markets

വിപണിക്ക് ശുഭദിനം! നിക്ഷേപകരുടെ സമ്പത്തില്‍ ₹2.09 ലക്ഷം കോടിയുടെ വര്‍ധന, കരുത്തുകാട്ടി ഐടി, ബാങ്കിംഗ് ഓഹരികള്‍; വിപണിയുടെ ചലനം ഇന്ന് ഇങ്ങനെ

സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളില്‍ നിന്നുണ്ടായത്. കൂടുതല്‍ ഓഹരികളും താഴുന്ന പ്രവണതയാണ് കാഴ്ചവച്ചത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തുടര്‍ച്ചയായി നേട്ടത്തിലേക്ക് കുതിക്കുകയാണ്

Lijo MG

കഴിഞ്ഞയാഴ്ചകളിലെ തകര്‍ച്ചയ്‌ക്കൊടുവില്‍ കരുത്തുകാട്ടി തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ടോപ് ഗിയറില്‍. സെന്‍സെക്‌സ് 582 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി വീണ്ടും 25,000 മാര്‍ക്ക് കടക്കുന്നതിനും തിങ്കളാഴ്ച സാക്ഷ്യംവഹിച്ചു. 25,077.65 പോയിന്റില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഉയര്‍ന്നത് 183 പോയിന്റാണ്.

കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് വിപണി. മൂന്നു ദിവസം കൊണ്ട് 1,500 പോയിന്റാണ് സെന്‍സെക്‌സിലെ നേട്ടം. ഇന്ന് സെന്‍സെക്‌സ് 81,790.12 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 2.09 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.

ബാങ്കിംഗ്, ഐടി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് ഇന്ധനമായത്. എച്ച് വണ്‍ ബി വീസയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഐടി ഓഹരികള്‍ക്ക് വലിയ ഇടിവാണ് സംഭവിച്ചത്. ഈ തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ഐടി ഓഹരികളെ ഉയര്‍ത്തിയത്.

രണ്ടാംപാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനഫലം കമ്പനികള്‍ കാഴ്ചവയ്ക്കുമെന്ന നിഗമനങ്ങളും വിപണിക്ക് ഉത്തേജനമേകി. ആദ്യ പാദത്തില്‍ ഒട്ടുമിക്ക കമ്പനികളും പ്രതീക്ഷിച്ചതിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നതും ജിഎസ്ടിയിലെ പരിഷ്‌കാരം വാങ്ങല്‍ശേഷി ഉയര്‍ത്തിയെന്ന വിലയിരുത്തലുകളും വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

സൂചികകളുടെ പ്രകടനം

എഫ്എംസിജി (0.20), മീഡിയ (0.90), മെറ്റല്‍ (0.89) സൂചികകളൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി 2.28 ശതമാനം കുതിപ്പാണ് ഇന്ന് നടത്തിയത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.08), പ്രൈവറ്റ് ബാങ്ക് (1.22), ഹെല്‍ത്ത്‌കെയര്‍ (1.29) സൂചികകളും നേട്ടം കൊയ്തു.

ഇന്ന് വാണവരും വീണവരും

ഗുരുഗ്രാം ആസ്ഥാനമായുള്ള ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് (Fortis Healthcare Ltd) ഓഹരികള്‍ ഇന്ന് വലിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 7.22 ശതമാനം ഉയര്‍ച്ച. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് സ്‌കീം (സിജിഎച്ച്എസ്) നിരക്കുകള്‍ പരിഷ്‌കരിച്ചതാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഓഹരികളില്‍ പ്രതിഫലിച്ചത്. മറ്റ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളിലും മുന്നേറ്റം പ്രകടമാണ്.

ഫാഷന്‍ ഉത്പന്ന രംഗത്തെ മുന്‍നിരക്കാരായ നൈക്ക ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. 6.54 ശതമാനം ഉയര്‍ച്ചയിലാണ് ഈ ഓഹരികള്‍ ക്ലോസ് ചെയ്തത്. മാക്‌സ് ഹെല്‍ത്ത്‌കെയര്‍ (6.34), ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് (5.88) ഓഹരികളും ഇന്ന് തിളങ്ങിയതില്‍ പെടുന്നു.

സിമെന്‍സ് എനര്‍ജി ഇന്ത്യ ലിമിറ്റഡ് ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളിലൊന്ന്. 3.18 ശതമാനത്തോളം ഓഹരിവില താഴ്ന്നു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ (2.40), ഡിമാര്‍ട്ട് (2.68), ട്രെന്റ് (2.30) ഓഹരികളും താഴ്ന്നു.

കേരള ഓഹരികളുടെ പ്രകടനം

സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളില്‍ നിന്നുണ്ടായത്. കൂടുതല്‍ ഓഹരികളും താഴുന്ന പ്രവണതയാണ് കാഴ്ചവച്ചത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തുടര്‍ച്ചയായി നേട്ടത്തിലേക്ക് കുതിക്കുകയാണ്. ഇന്നും 4.39 ശതമാനം ഉയരാന്‍ ഈ ഓഹരിക്ക് സാധിച്ചു.

ശതമാനക്കണക്കില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി ധനലക്ഷ്മി ബാങ്കിന്റേതാണ്. 4.15 ശതമാനം ഉയര്‍ച്ച. ഫെഡറല്‍ ബാങ്ക് ഓഹരികളും 0.72 ശതമാനം മെച്ചമുണ്ടാക്കി. എന്നാല്‍ സിഎസ്ബി ബാങ്ക് (0.66) താഴേക്കായിരുന്നു. മണപ്പുറം ഫിനാന്‍സ് (1.50), മുത്തൂറ്റ് ഫിനാന്‍സ് (1.65) ഓഹരികളും ഇന്നത്തെ നേട്ടക്കാരില്‍ ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT