Markets

രണ്ട് സെഷനുകളിലായി നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് ₹ 7 ലക്ഷം കോടി; നേട്ടം തുടര്‍ന്ന് ഫാക്ട്, സൊമാറ്റോ ഇടിവില്‍

പൊതുമേഖലാ ബാങ്ക് ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അവസാനിച്ചു

Sutheesh Hariharan

തുടർച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകൾ, പ്രതീക്ഷയേകുന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ തുടങ്ങിയവ വിപണി നേട്ടത്തിലാകാനുളള കാരണങ്ങളാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) 68.64 കോടി രൂപയുടെ ഓഹരികളാണ് ബുധനാഴ്ച വാങ്ങിയത്. കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിഭാഗത്തിൽ ഇന്ത്യൻ ഓഹരികളിൽ ഏകദേശം 3,000 കോടി രൂപയാണ് നിക്ഷേപിച്ചത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (DII) 4,650.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപയെ ശക്തിപ്പെടുത്താനും ലിക്വിഡിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് സ്ഥിരമായ വിദേശ നിക്ഷേപം.

രണ്ട് ദിവസത്തിനുള്ളിൽ സെൻസെക്സ് ഏകദേശം 2 ശതമാനമാണ് (1,438 പോയിന്റ്) ഉയർന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. യുഎസും ചൈനയും തമ്മിലുള്ള പുതിയ താരിഫ് തർക്കം ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഒക്ടോബർ 14 ന് 460 ലക്ഷം കോടി രൂപയായിരുന്നത് വ്യാഴാഴ്ച 467 ലക്ഷം കോടി രൂപയായി ഉയർന്നു. രണ്ട് സെഷനുകളിലായി നിക്ഷേപകര്‍ ഏകദേശം 7 ലക്ഷം കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

സെൻസെക്സ് 1.04 ശതമാനം (862.23 പോയിന്റ്) ഉയർന്ന് 83,467.66 ലും നിഫ്റ്റി 1.03 ശതമാനം (261.75 പോയിന്റ്) ഉയർന്ന് 25,585.30 ലും ക്ലോസ് ചെയ്തു.

പൊതുമേഖലാ ബാങ്ക് (-0.4%) ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അവസാനിച്ചു.

ഓട്ടോ, ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി എഫ്എംസിജി, ഓയിൽ & ഗ്യാസ് എന്നിവ 0.5-2 ശതമാനം നേട്ടമുണ്ടാക്കി.

മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്മോൾക്യാപ് സൂചിക 0.2 ശതമാനവും ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ആക്സിസ് ബാങ്ക് തുടങ്ങിയ പ്രൈവറ്റ് ബാങ്ക് ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപ്പര്യം പ്രകടമായിരുന്നു. സെപ്റ്റംബർ പാദത്തിൽ വായ്പാ മേഖലയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതാണ് ആക്‌സിസ് ബാങ്കിന്റെ ഓഹരികൾക്ക് നേട്ടമായത്. ഓഹരി രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് 1,195 രൂപയിലെത്തി.

റൂബിക്കോൺ റിസർച്ചിന്റെ ഓഹരികൾ വിപണിയിൽ ശക്തമായ അരങ്ങേറ്റമാണ് കുറിച്ചത്. എൻ‌എസ്‌ഇയിൽ 620 രൂപയ്ക്ക് ഓഹരി ലിസ്റ്റ് ചെയ്തു. ഐ‌പി‌ഒ വിലയായ 485 രൂപയേക്കാൾ 27.84 ശതമാനം പ്രീമിയമാണ് ഓഹരി രേഖപ്പെടുത്തിയത്.

നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ രണ്ടാം പാദത്തില്‍ ലാഭത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തേക്കാള്‍ ലാഭത്തില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനം 13,590 കോടിയായി ഉയര്‍ന്നു. ഓഹരി 3.91 ശതമാനം താഴ്ന്ന് 340 രൂപയിലാണ് ക്ലോസ് ചെയ്തത്.

എച്ച്ഡിഎഫ്‌സി ലൈഫ്, ശ്രീറാം ഫിനാൻസ്, സൺ ഫാർമ, ജിയോ ഫിനാൻഷ്യൽ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് നേട്ടത്തില്‍

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും വ്യാഴാഴ്ച നേട്ടത്തിലായിരുന്നു. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 3.63 ശതമാനം നേട്ടത്തില്‍ 414 രൂപയിലെത്തി. പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ് (4.67%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (3.42%), കിറ്റെക്സ് ഗാര്‍മെന്റ്സ് (3.43%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഫാക്ട് 2.54 ശതമാനം ഉയര്‍ച്ചയുമായി 903 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ്‍യാർഡ് നേരിയ നഷ്ടത്തില്‍ (0.05%) ക്ലോസ് ചെയ്തു.

മൂത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 6 ശതമാനത്തിലധികം നഷ്ടത്തില്‍ 256 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (1.16%), പോപ്പീസ് (4.99%), കൊച്ചിൻ മിനറൽസ് & റൂട്ടൈൽ (1.84%) തുടങ്ങിയ ഓഹരികളും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis october 16, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT