Markets

ചുവപ്പിലേക്ക് വീണ് വിപണി; ബാറ്റ ഇന്ത്യ, സ്റ്റെല്‍ ഹോള്‍ഡിംഗ്സ്, പോപ്പീസ് നഷ്ടത്തില്‍, മുന്നേറ്റവുമായി മുത്തൂറ്റ് ക്യാപിറ്റല്‍

ഫാർമ, എഫ്‌എം‌സി‌ജി, റിയൽറ്റി സൂചികകൾ 0.2 ശതമാനം മുതല്‍ 1 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി

Sutheesh Hariharan

വലിയ അസ്ഥിരമായ വ്യാപാര സെഷനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. സെൻസെക്സ് ഒരുവേള 551.18 പോയിന്റ് (0.65 ശതമാനം) ഇടിഞ്ഞ് 84,227.66 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് നഷ്ടം മറികടന്ന് 150.69 പോയിന്റ് (0.18 ശതമാനം) ഇടിഞ്ഞ് 84,628.16 ൽ ക്ലോസ് ചെയ്തു. 140 പോയിന്റ് (0.53 ശതമാനം) ഇടിഞ്ഞ് 25,826.15 എന്ന നിലയിലേക്ക് താഴ്ന്ന നിഫ്റ്റി തിരിച്ചു കയറി 29.85 പോയിന്റ് (0.11 ശതമാനം) ഇടിഞ്ഞ് 25,936.20 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസത്തെ സ്വാധീനിച്ചതാണ് ഉച്ചയ്ക്ക് ശേഷം ഓഹരി സൂചികകൾ രാവിലത്തെ സെഷനിലെ നഷ്ടങ്ങളിൽ നിന്ന് കരകയറ്റിയത്. നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാവിലെ വിപണി അസ്ഥിരമായത്.

മെറ്റൽ, പി‌എസ്‌യു ബാങ്ക് സൂചികകൾ 1.2 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 0.17 ശതമാനം നേട്ടം കൈവരിച്ചു.

നിഫ്റ്റി ഐ.ടി 0.74 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഫാർമ, എഫ്‌എം‌സി‌ജി, റിയൽറ്റി സൂചികകൾ 0.2 ശതമാനം മുതല്‍ 1 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

രണ്ടാം പാദ ലാഭം 64 ശതമാനം വർധിച്ചതിനെ തുടർന്ന് ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ഓഹരികൾ 3 ശതമാനം ഉയർന്നു. ഓഹരി 425 രൂപയിലാണ് ക്ലോസ് ചെയ്തത്.

ടാറ്റ സ്റ്റീൽ, എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ്, എൽ ആൻഡ് ടി, എച്ച്ഡി‌എഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

രണ്ടാം പാദത്തില്‍ ലാഭം 73 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് ബാറ്റ ഇന്ത്യയുടെ ഓഹരികൾ ഏകദേശം 7 ശതമാനം ഇടിഞ്ഞു. ഓഹരി 1,090 രൂപയിലാണ് ക്ലോസ് ചെയ്തത്.

1.48 ശതമാനം ഇടിവോടെ ബജാജ് ഫിൻസെർവ് ആണ് നിഫ്റ്റി 50 ഓഹരികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ട്രെന്റ്, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎൻജിസി, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

നിറ്റാ ജെലാറ്റിന്‍ നേട്ടത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഓഹരി വിഭജനത്തെ തുടര്‍ന്ന് കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് 90 ശതമാനത്തോളം ഇടിഞ്ഞു. ഓഹരിയുടെ മുഖവില 10 രൂപയിൽ നിന്ന് 1 രൂപയായാണ് ക്രമീകരിച്ചത്. കമ്പനിയുടെ ഓഹരികളുടെ വില കുറയ്ക്കുന്നതിനും വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഓഹരി വിഭജനം നടപ്പിലാക്കിയത്. അതിനാല്‍ ഇടിവ് തികച്ചും സാങ്കേതികമാണ്.

കേരള കമ്പനികളുടെ പ്രകടനം

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-2.06%), പോപ്പീസ് കെയര്‍ (-4.98%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 6.52 ശതമാനം നേട്ടത്തില്‍ 290 രൂപയിലെത്തി. നിറ്റാ ജെലാറ്റിന്‍ (2.58%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (1.89%), ടോളിന്‍സ് ടയേഴ്സ് (2.93%), കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ (2.56%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.10%) തുടങ്ങിയ ഓഹരികളും ചൊവ്വാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis october 28, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT