ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. ബാങ്കിംഗ്, എഫ്എംസിജി, മെറ്റൽ ഓഹരികളില്‍ അവസാന മണിക്കൂറിൽ വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതാണ് വിപണിയുടെ നേട്ടം പരിമിതമാക്കിയത്. സെൻസെക്സ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 400 പോയിന്റാണ് താഴേക്ക് വീണത്. നിഫ്റ്റി 25,150 മാർക്കിന് താഴെ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം വിപണിക്ക് ഒരു പ്രധാന ആശങ്കയായി തുടരുന്നു. ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ട്രെന്റ് തുടങ്ങിയ ഓഹരികളില്‍ ലാഭമെടുക്കൽ പ്രകടമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) ആഭ്യന്തര വിപണിയില്‍ നിന്ന് വിറ്റൊഴിയല്‍ തുടരുകയാണ്. തിങ്കളാഴ്ച 313.77 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തുടർച്ചയായ എഫ്‌ഐഐ പിൻവലിക്കൽ വിപണി വികാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സെൻസെക്സ് 0.17 ശതമാനം (136.63 പോയിന്റ്) ഉയർന്ന് 81,926.75 ലും നിഫ്റ്റി 0.12 ശതമാനം ( 30.65 പോയിന്റ്) ഉയർന്ന് 25,108.30 ലും ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 0.47 ശതമാനവും സ്മോൾക്യാപ് സൂചിക 0.31 ശതമാനവും ഉയർന്നു.
ഊര്‍ജം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, ടെലികോം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകള്‍ 0.5 ശതമാനം വരെ ഉയര്‍ന്നു.
നിഫ്റ്റി എഫ്എംസിജി (0.53 ശതമാനം ഇടിവ്), മീഡിയ (0.46 ശതമാനം ഇടിവ്), പിഎസ്‌യു ബാങ്ക് (0.41 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വോഡഫോൺ ഐഡിയയുടെ ഓഹരികൾ ഏകദേശം 9 ശതമാനം ഉയർന്ന് ചൊവ്വാഴ്ച എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വെറും ഒമ്പത് ആഴ്ചകൾക്കുള്ളിൽ 50 ശതമാനത്തിലധികം റാലിയാണ് ഓഹരി രേഖപ്പെടുത്തിയത്. യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ് പിഎൽസി ടെലികോം കമ്പനിയുടെ എജിആർ കുടിശ്ശിക പരിഹരിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് നേട്ടത്തിന് കാരണം. 8,9 തീയതികളില്‍ യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഓഹരി 9.24 രൂപയില്‍ ക്ലോസ് ചെയ്തു.
ജിയോ ഫിനാൻഷ്യൽ സർവീസസ് (1.42 ശതമാനം വർധന), ഭാരതി എയർടെൽ (1.35 ശതമാനം വർധന), എച്ച്‌സിഎൽ ടെക്‌നോളജീസ് (1.26 ശതമാനം വർധന) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജറ്റ് എയര്‍ലൈന്‍ കമ്പനി ഇൻഡിഗോ നടത്തുന്ന ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾ ചൊവ്വാഴ്ച ഇടിഞ്ഞു. ബ്രോക്കറേജുകള്‍ സെപ്റ്റംബർ പാദത്തിൽ ദുർബലമായ വരുമാനം പ്രവചിച്ചതാണ് ഓഹരിക്ക് ക്ഷീണമായത്. എൻഎസ്‌ഇയിൽ ഓഹരി ഇന്‍ട്രാഡേയില്‍ 1.5 ശതമാനം ഇടിഞ്ഞ് 5,641.5 രൂപയിലെത്തി. ഓഹരി 5,665 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടാറ്റ മോട്ടോഴ്‌സ് (2.04 ശതമാനം ഇടിവ്), ആക്സിസ് ബാങ്ക് (2.04 ശതമാനം ഇടിവ്), ട്രെന്റ് (1.93 ശതമാനം ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറല്‍ ബാങ്ക് 3 ശതമാനത്തിലധികം നേട്ടത്തില്‍ 199 രൂപയിലെത്തി. കേരള ആയുര്‍വേദ (0.99%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (0.95%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.83%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് (-0.70%), ഫാക്ട് (-0.39%) ഓഹരികള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് 3 ശതമാനത്തിലധികം നഷ്ടത്തില്‍ 157 രൂപയിലെത്തി. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-1.92%), കെഎസ്ഇ (-0.94%), ഈസ്റ്റേണ്‍ ട്രെഡ്സ് (-5.97%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് കാര്യമായ പ്രകടനം നടത്താനായില്ല.
Stock market closing analysis october 7, 2025.
Read DhanamOnline in English
Subscribe to Dhanam Magazine