ജി.എസ്.ടി പരിഷ്‌കാരത്തില്‍ തുടങ്ങിയ വിപണിയുടെ തിരിച്ചുവരവിന് ഇന്നും പാളംതെറ്റിയില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ജി.എസ്.ടിയിലെ കുറവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് കൈമാറുമെന്ന സൂചനകള്‍ വിപണിക്ക് കരുത്തായി. ഒപ്പം, ഇന്ത്യ-യു.എസ് തീരുവ യുദ്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സാധ്യതകള്‍ക്ക് സാധ്യത തെളിയുന്നതും നിക്ഷേപകരുടെ ആവേശം വര്‍ധിപ്പിച്ചു. വിദേശ നിക്ഷേപകര്‍ മാറി നില്‍ക്കുമ്പോഴും വിപണിക്ക് ക്ഷീണമുണ്ടാകാത്തതിന് കാരണം ആഭ്യന്തര നിക്ഷേപകരുടെ സക്രിയ ഇടപെടലാണ്.
സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നിലവില്‍ വരിക. ഇതിനു മുന്നോടിയായി വിവിധ മേഖലകളിലെ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഉത്സവകാലം തുടങ്ങുന്നതിനൊപ്പം വിലക്കുറവും വരുന്നത് വില്‍പന കൂട്ടുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്. കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളില്‍ പ്രതിഫലിക്കത്തക്ക രീതിയിലുള്ള മാറ്റങ്ങളാണ് കോര്‍പറേറ്റ് ലോകവും പ്രതീക്ഷിക്കുന്നത്.
ഇന്ന് സെന്‍സെക്‌സ് 324 പോയിന്റ് (0.40%) ഉയര്‍ന്ന് 81,425.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 105 പോയിന്റ് നേട്ടത്തോടെ 24,973.10ലും വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 2 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 453.8 ലക്ഷം കോടി രൂപയില്‍ നിന്ന് 456 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയുമായി ചേര്‍ന്നു പോകുമെന്ന തരത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നത് ഐ.ടി സൂചികകളെ ആവേശത്തിലാഴ്ത്തി. 2.63 ശതമാനമാണ് ഐ.ടി സെക്ടര്‍ ഉയര്‍ന്നത്.
ജി.എസ്.ടി പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഓട്ടോ സെക്ടര്‍ ഇന്നുപക്ഷേ 1.28 ശതമാനം താഴ്ന്നു. പൊതുമേഖല ബാങ്കിംഗ് സൂചിക 2.09 ശതമാനവും എഫ്.എം.സി.ജി 0.64 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.30), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.28), മീഡിയ (0.64) സൂചികകള്‍ തിരിച്ചടി നേരിട്ടു.
ഇന്നേറ്റവും നേട്ടം കൊയ്ത ഓഹരികളില്‍ മുന്നിലുള്ളത് ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ് (OFSS) ആണ്. മാതൃകമ്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്റെ വരുമാനവും ഓര്‍ഡറുകളും വന്‍തോതില്‍ വര്‍ധിച്ചുവെന്ന വാര്‍ത്തയാണ് ഇന്ത്യയിലും പ്രതിഫലനമുണ്ടാക്കിയത്. ഇന്ത്യന്‍ സബ്‌സിഡിയറിയുടെ 72 ശതമാനം ഓഹരികളും ഒറാക്കിള്‍ കോര്‍പറേഷന്റെ കൈവശമാണ്. ഇന്ന് 10.54 ശതമാനമാണ് ഈ ഓഹരികള്‍ നേട്ടം കൊയ്തത്.
കഴിഞ്ഞയാഴ്ച്ചകളില്‍ കുതിപ്പ് നടത്തിയ വാരീ എനര്‍ജീസ് (Waaree Energies) ഇന്നും നേട്ടമുണ്ടാക്കി. 6.29 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം ക്ലോസ് ചെയ്തത്. പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (5.51), ഭാരത് ഡൈനാമിക്‌സ് (5.48) ഓഹരികളും നേട്ടത്തില്‍ ബുധനാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കി.
മുന്‍ വര്‍ഷം സമാനപാദത്തിലെ ലാഭവുമായി തട്ടിച്ചു നോക്കുമ്പോള്‍ എം.ആര്‍.എഫിന്റെ ലാഭത്തില്‍ ജൂണില്‍ വലിയ കുറവുണ്ടായി. ഓഹരിവില 2.69 ശതമാനം താഴാന്‍ കാരണങ്ങളിലൊന്ന് ഇതാണ്. രണ്ടാം പാദത്തിലും വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകില്ലെന്ന സൂചനകളും വരുന്നുണ്ട്.
ഡിമാര്‍ട്ടിന്റെ മാതൃകമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡ് ഓഹരികള്‍ക്കും ഇന്ന് ക്ഷീണമായി. 2.67 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിച്ചത്.
സ്വിഗ്ഗി (2.60), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.36), ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ (2.34) ഓഹരികളും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
യു.എസില്‍ നിന്ന് ഭേദപ്പെട്ട വാര്‍ത്തകള്‍ വരുന്നത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരികളിലും പ്രതിഫലിച്ചു. തീരുവ വര്‍ധനയ്ക്കുശേഷം തിരിച്ചടി നേരിട്ട കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് 4.72 ശതമാനം നേട്ടത്തിലാണ് ദിവസം പൂര്‍ത്തിയാക്കിയത്. ഫെഡറല്‍ ബാങ്ക് (2.33 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.06), സി.എസ്.ബി ബാങ്ക് (1.84) ഓഹരികളും നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ (0.31), മുത്തൂറ്റ് ഫിനാന്‍സ് (1.64), മണപ്പുറം ഫിനാന്‍സ് (1.17) ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടി നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine