Markets

ഫെഡ് നിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, നിക്ഷേപകര്‍ സമ്പാദിച്ചത് ₹ 2 ലക്ഷം കോടി; കൊച്ചിൻ ഷിപ്പ്‌യാർഡ്, കേരള ആയുര്‍വേദ നേട്ടത്തില്‍, കെ.എസ്.ഇ ഇടിവില്‍

ഓട്ടോ, ഫാർമ, മെറ്റൽ, ടെലികോം എന്നിവ 0.5-1 ശതമാനം നേട്ടമുണ്ടാക്കി

Sutheesh Hariharan

നേട്ട പരമ്പര തുടര്‍ന്ന് വിപണി. യുഎസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷകളും ശക്തമായ ആഗോള സൂചനകളും ജിഎസ്ടി ഇളവുകളും ക്രൂഡ് ഓയിൽ വിലയിൽ ഇടിവുമാണ് വിപണിക്ക് ശക്തി പകര്‍ന്നത്. യുഎസ് തൊഴിൽ മേഖലയിലെ പോസറ്റീവായ ഡാറ്റ സെപ്റ്റംബർ 17 ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തി. ഇത് ആഗോളതലത്തിൽ നിക്ഷേപകരുടെ വികാരം വർദ്ധിപ്പിച്ചു. ഉപഭോക്തൃ മേഖലയിലെ ഏകദേശം 400 വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളുടെ നികുതി ഇളവുകൾക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയത് ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളുടെയും വാഹന നിർമ്മാതാക്കളുടെയും ഓഹരികൾക്ക് ഊര്‍ജം പകരുന്നു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 457 ലക്ഷം കോടി രൂപയിൽ നിന്ന് 459 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഒറ്റ സെഷനിൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

സെൻസെക്സ് 0.44 ശതമാനം (355.97 പോയിന്റ്) ഉയർന്ന് 81,904.70 ലും നിഫ്റ്റി 0.43 ശതമാനം (50 108.50 പോയിന്റ്) ഉയർന്ന് 25,114.00 ലും ക്ലോസ് ചെയ്തു.

ഐടി സൂചിക 0.3 ശതമാനം ഉയർന്നു.

ഓട്ടോ, ഫാർമ, മെറ്റൽ, ടെലികോം എന്നിവ 0.5-1 ശതമാനം നേട്ടമുണ്ടാക്കി.

എഫ്എംസിജി, മീഡിയ, പിഎസ്‌യു ബാങ്ക് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഇൻഫോസിസ് ഡയറക്ടര്‍ ബോർഡ് 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയതിനെത്തുടർന്ന് ഓഹരി ഒരു ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയാണ് ഇത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഇൻഫോസിസ് ഓഹരികൾ 6 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 8 ശതമാനത്തിലധികം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്. ഓഹരി 1,524 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി റേറ്റിംഗ് താഴ്ത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിന്റെ (GSPL) ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. 2025 ൽ ഇതുവരെ ഓഹരി ഏകദേശം 17 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി 0.68 ശതമാനം നഷ്ടത്തില്‍ 307.90 രൂപയില്‍ ക്ലോസ് ചെയ്തു.

എച്ച്‌യു‌എൽ, വിപ്രോ, ട്രെന്റ്, എറ്റേണൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

ടോളിന്‍സ് ടയേഴ്സ് നേട്ടത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി 6.23 ശതമാനം നേട്ടത്തില്‍ 1,754 രൂപയിലെത്തി. 2025 ജൂണിൽ അവസാനിച്ച പാദത്തിൽ സ്ഥാപനം 1,068.59 കോടി രൂപയുടെ വരുമാനവും 187.83 കോടി രൂപയുടെ ലാഭവുമാണ് റിപ്പോർട്ട് ചെയ്തത്. ഓഹരിക്ക് 2.25 രൂപ (45%) അന്തിമ ലാഭവിഹിതം കൊച്ചിൻ ഷിപ്പ്‌യാർഡ് പ്രഖ്യാപിച്ചതിന്റെ പ്രാബല്യ തീയതി വെളളിയാഴ്ച (സെപ്റ്റംബർ 12) ആയിരുന്നു. കേരള ആയുര്‍വേദ (4.99%), ടോളിന്‍സ് ടയേഴ്സ് (2.28%), വണ്ടര്‍ലാ ഹോളിഡേയ്സ് (1.76%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കെ.എസ്.ഇ 5.13 ശതമാനം നഷ്ടത്തില്‍ 2,490 രൂപയിലാണ് ക്ലോസ് ചെയ്തത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (-1.20%), ഫെഡറല്‍ ബാങ്ക് (-1.11%), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ (-0.93%) തുടങ്ങിയ ഓഹരികള്‍ക്കും വാരാന്ത്യം മോശം ദിനമായിരുന്നു.

Stock market closing analysis September 12, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT