Markets

മൂന്നാം ദിനവും വിപണിക്ക് നഷ്ടക്കച്ചവടം, നിക്ഷേപകരില്‍ നിന്ന് ചോര്‍ന്നത് ₹1 ലക്ഷം കോടി; അദാനി പവര്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് നഷ്ടത്തില്‍, മുന്നേറ്റവുമായി പോപ്പുലര്‍ വെഹിക്കിള്‍സ്

നിഫ്റ്റി എഫ്എംസിജി, റിയല്‍റ്റി, ഐടി സൂചികകൾ ഒരു ശതമാനം വരെ താഴ്ന്നു

Dhanam News Desk

തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. വലിയ അസ്ഥിരത നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. എച്ച്-1ബി വീസ ഫീസ് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളെച്ചൊല്ലി നിലനിൽക്കുന്ന അനിശ്ചിതത്വം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. എച്ച് -1 ബി വീസ ഫീസ് വർദ്ധനവ് ട്രംപ് ഭരണകൂടത്തിൽ നിന്ന് കൂടുതൽ സമാനമായ ആക്രമണാത്മകമായ നീക്കങ്ങൾക്ക് കാരണമാകുമെന്ന പ്രതീതിയും സൃഷ്ടിക്കുന്നുണ്ട്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 465 ലക്ഷം കോടി രൂപയിൽ നിന്ന് 464 ലക്ഷം കോടി രൂപയായി. ഇത് മൂലം നിക്ഷേപകരുടെ പോക്കറ്റില്‍ നിന്ന് ചോര്‍ന്നത് 1 ലക്ഷം കോടിയിലധികം രൂപയാണ്. അതേസമയം ജിഎസ്ടി പരിഷ്കാരങ്ങൾ, സാധാരണ നിലയിലുളള മൺസൂൺ, പലിശ നിരക്ക് തുടങ്ങിയ അനുകൂലമായ നീക്കങ്ങളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പുലര്‍ത്തുന്നതിനാല്‍ വിപണി നഷ്ടം പരിമിതമാക്കി.

സെൻസെക്സ് 0.07 ശതമാനം ( 58 പോയിന്റ്) ഇടിഞ്ഞ് 82,102.10 ലും നിഫ്റ്റി 0.13 ശതമാനം ( 33 പോയിന്റ്) ഇടിഞ്ഞ് 25,169.50 ലും ക്ലോസ് ചെയ്തു

നിഫ്റ്റി എഫ്എംസിജി, റിയല്‍റ്റി, ഐടി സൂചികകൾ ഒരു ശതമാനം വരെ താഴ്ന്നു.

നിഫ്റ്റി പിഎസ്‌യു ബാങ്ക്, മെറ്റൽ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

നിഫ്റ്റി ബാങ്ക് സൂചിക 0.41 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷ്യൽ സർവീസസ് സൂചിക 0.12 ശതമാനം നേട്ടം രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ജിൻഡാൽ സ്റ്റെയിൻലെസ് ഓഹരികൾ 2 ശതമാനത്തോളം ഉയർന്ന് 802 രൂപയിലെത്തി. കമ്പനിയുടെ വരുമാനം കഴിഞ്ഞ പാദങ്ങളിൽ സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2025 ജൂണിൽ വരുമാനം 10,207.14 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 9,429.76 കോടി രൂപയായിരുന്നു. ലാഭം 2024 ജൂണിലെ 647.50 കോടി രൂപയിൽ നിന്ന് 2025 ജൂണിൽ 728.32 കോടി രൂപയായും വർദ്ധിച്ചു.

ഇൻഡസ്ഇൻഡ് ബാങ്ക് (2.82 ശതമാനം വർധന), ആക്സിസ് ബാങ്ക് (2.24 ശതമാനം വർധന), ബജാജ് ഫിനാൻസ് (1.93 ശതമാനം വർധന) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

അദാനി പവറിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. നിക്ഷേപകർ ഉയർന്ന തോതില്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് ഇടിവിന് കാരണം. 1:5 ഓഹരി വിഭജനത്തിനുളള റെക്കോര്‍ഡ് തീയതിയായ ഇന്നലെ ഓഹരി 20 ശതമാനം ഉയർന്നിരുന്നു. കഴിഞ്ഞ നാല് സെഷനുകളിൽ ഓഹരി 45 ശതമാനമാണ് ഉയർന്നത്. ഓഹരി 163 രൂപയിലാണ് ക്ലോസ് ചെയ്തത്.

ടെക് മഹീന്ദ്ര (2.16 ശതമാനം ഇടിവ്), ട്രെന്റ് (2.11 ശതമാനം ഇടിവ്), എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് കമ്പനി (2 ശതമാനം ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ നേട്ടത്തില്‍

കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് 7.79 ശതമാനം ഉയര്‍ന്ന് 149 രൂപയിലെത്തി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസും 7 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തി. ഓഹരി 82 രൂപയില്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡും (-1.78%) ഫാക്ടും (-1.86%) നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്കൂബി ഡേ (-4.07%), പോപ്പീസ് കെയര്‍ (-4.98%), ടോളിന്‍സ് ടയേഴ്സ് (-2.01%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Stock market closing analysis september 23, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT