Markets

അഞ്ചാം ദിനവും വിപണി ചുവപ്പില്‍, നിക്ഷേപകര്‍ക്ക് നഷ്ടമായത് ₹ 3 ലക്ഷം കോടി; ടി.സി.എസ്, കെ.എസ്.ഇ ഇടിവില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

ഹിന്ദുസ്ഥാന്‍ സിങ്കിന് വെള്ളിത്തിളക്കം, മെറ്റല്‍ ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

Dhanam News Desk

തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ഐടി, റിയൽറ്റി, ഓട്ടോ ഓഹരികളിലെ കടുത്ത വിൽപ്പന സമ്മര്‍ദമാണ് വിപണിയെ നഷ്ടത്തിലാക്കിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പുറത്തേക്കുളള തുടർച്ചയായ ഒഴുക്ക്, ദുർബലമായ രൂപ, യുഎസ് എച്ച്-1ബി വീസ ഫീസ് വർദ്ധന ഇന്ത്യൻ ഐടി വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കകൾ തുടങ്ങിയവ നിക്ഷേപകരുടെ വികാരത്തെ ബാധിച്ചത് വിപണിയെ തളര്‍ത്തി.

അതേസമയം രാജ്യത്ത് നടപ്പിലാക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങളും പലിശനിരക്ക് കുറച്ചതും സാമ്പത്തിക വളർച്ചയെയും കോർപ്പറേറ്റ് വരുമാന വളർച്ചയെയും കൂടുതൽ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നത് വിപണിക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 460.5 ലക്ഷം കോടി രൂപയിൽ നിന്ന് 457.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏകദേശം 3 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് ഒറ്റ ദിവസം നഷ്ടമായത്.

സെൻസെക്സ് 0.68 ശതമാനം (555 പോയിന്റ്) ഇടിഞ്ഞ് 81,159.68 ലും നിഫ്റ്റി 0.66 ശതമാനം (166 പോയിന്റ്) ഇടിഞ്ഞ് 24,890.85 ലും വ്യാപാരം അവസാനിപ്പിച്ചു.

മേഖലാ സൂചികകളിൽ, മെറ്റല്‍ (0.22% വർധന) ഒഴികെ മറ്റെല്ലാ സൂചികകളും ചുവപ്പിൽ അവസാനിച്ചു.

കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, പവർ, ഐടി, റിയൽറ്റി എന്നിവ 1 ശതമാനത്തോളം ഇടിഞ്ഞു.

മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനം വീതം ഇടിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

വെള്ളി വില റെക്കോർഡ് ഉയരങ്ങളിലെത്തിയതോടെ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ 3 ശതമാനം ഉയർന്നു. ഒരു മാസത്തിനുള്ളിൽ ഓഹരികൾ ഇപ്പോൾ 7.5 ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളി ഉൽപ്പാദകരാണ് ഹിന്ദുസ്ഥാൻ സിങ്ക്. 99.9 ശതമാനം പരിശുദ്ധിയുള്ള വെള്ളി ഉത്പാദിപ്പിക്കാന്‍ ശേഷിയുളള കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക്.

ഭാരത് ഇലക്ട്രോണിക്‌സ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ഐടി കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച നഷ്ടത്തിലായിരുന്നു. ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് നിഫ്റ്റി ഐടി സൂചികയെ 1.27 ശതമാനം നഷ്ടത്തില്‍ 34,548 ലെത്തിച്ചു. തുടർച്ചയായ അഞ്ച് സെഷനുകളിൽ ഇതുവരെ ഐടി സൂചിക 6 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച എച്ച്-1ബി വീസ നിയന്ത്രണങ്ങളാണ് ഓഹരികളുടെ ഇടിവിനുളള കാരണം.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ഓഹരികളാണ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, 2.5 ശതമാനത്തിലധികം ഇടിഞ്ഞ് 2,958 രൂപയിലെത്തി. പെർസിസ്റ്റന്റ് സിസ്റ്റംസ് ഏകദേശം 2 ശതമാനം ഇടിഞ്ഞു. വിപ്രോ, കോഫോർജ്, എച്ച്‌സിഎൽ ടെക് ഓഹരികൾ ഒരു ശതമാനത്തോളം ഇടിഞ്ഞു.

ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് നഷ്ടത്തില്‍

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കെഎസ്ഇ 5 ശതമാനത്തിലധികം നഷ്ടത്തില്‍ 2,462 രൂപയിലെത്തി. ടോളിന്‍സ് ടയേഴ്സ് (7.48%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (3.35%), ആഡ്ടെക് സിസ്റ്റംസ് (8.73%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.85 ശതമാനം നേട്ടത്തിലും ഫാക്ട് നേരിയ നഷ്ടത്തിലും (0.49%) ക്ലോസ് ചെയ്തു.

ആസ്റ്റര്‍ ഡിഎം ഹെല്‍‌ത്ത് കെയര്‍ 1.12 ശതമാനം നേട്ടത്തില്‍ 639 രൂപയിലെത്തി. സ്കൂബി ഡേ (0.68%), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.44%), റബ്ഫിലാ ഇന്റര്‍നാഷണല്‍ (0.55%) തുടങ്ങിയ ഓഹരികളും നേരിയ നേട്ടത്തോടെ വ്യാഴാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു.

Stock market closing analysis september 25, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT