Markets

മോദി-ട്രംപ് ചര്‍ച്ചാ പ്രതീക്ഷയോടെ വിപണിക്ക് ലാഭക്കച്ചവടം! തുടക്കത്തിലെ നഷ്ടത്തില്‍ നിന്ന് കുതിച്ചത് ഒരുലക്ഷം കോടി നേട്ടത്തിലേക്ക്

കമ്പനികളുടെ വിപണിമൂല്യം 456 ലക്ഷം കോടി രൂപയില്‍ നിന്ന് 457 കോടി രൂപയായി വര്‍ധിച്ചു. നിക്ഷേപകര്‍ ഇന്ന് സമ്പാദ്യത്തില്‍ ചേര്‍ത്തത് ഒരുലക്ഷം കോടി രൂപയെന്നും കണക്കുകള്‍ പറയുന്നു

Muhammed Aslam

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും ലാഭക്കച്ചവടം. ഒരാഴ്ചയായി നേട്ടം തുടരുന്ന വിപണി ഇന്ന് രാവിലെ ചാഞ്ചാട്ടത്തിലായിരുന്നു. ഐ.ടി, ഓട്ടോ ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ തുടക്കത്തില്‍ നയിച്ചത്. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തുമെന്ന സൂചനകള്‍ വന്നതോടെ നേട്ടത്തിലേക്ക് മാറി. ജി.എസ്.ടി നിരക്കുകളിലെ ഇളവും വിപണിയില്‍ പച്ചകത്താന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 123.58 പോയിന്റുകള്‍ ഉയര്‍ന്ന് 81,548.73 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 32.40 പോയിന്റുകള്‍ ഉയര്‍ന്ന നിഫ്റ്റി 25,005.50 എന്ന നിലയിലുമെത്തി. 1,867 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,854 എണ്ണം താഴ്ന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണിമൂല്യം 456 ലക്ഷം കോടി രൂപയില്‍ നിന്ന് 457 കോടി രൂപയായി വര്‍ധിച്ചു. നിക്ഷേപകര്‍ ഇന്ന് സമ്പാദ്യത്തില്‍ ചേര്‍ത്തത് ഒരുലക്ഷം കോടി രൂപയെന്നും കണക്കുകള്‍ പറയുന്നു.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.08 ശതമാനം നേട്ടത്തിലായപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക ഫ്‌ളാറ്റായാണ് വ്യാപാരം നിറുത്തിയത്. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐ.ടി, ഓട്ടോ എന്നിവ ഒഴിച്ചുള്ളതെല്ലാം നേട്ടത്തിലായി. ഈ സെക്ടറുകളില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് വിനയായത്. നിഫ്റ്റി മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലേറെ നേട്ടത്തിലായി.

വിപണിയെ നയിച്ചതെന്ത്?

ജി.എസ്.ടി നിരക്കിലെ മാറ്റവും ഭേദപ്പെട്ട മണ്‍സൂണും മികച്ച വളര്‍ച്ചാ പ്രവചനങ്ങളും വിപണിക്ക് അനുകൂലമായിരുന്നെങ്കിലും യു.എസ് താരിഫ്, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് എന്നിവ വിപണിയെ താഴോട്ട് വലിക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ യു.എസുമായി ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്ന വാര്‍ത്തകള്‍ വിപണിയില്‍ ആശ്വാസമേകി. അമേരിക്കന്‍ കയറ്റുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ 24,400ലേക്ക് താഴ്ന്ന നിഫ്റ്റി 25,500 ലേക്ക് തിരികെ എത്തിയത് ഇതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു.

അടുത്ത ആഴ്ച യു.എസ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായതും വിപണിയെ നേട്ടത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും പ്രധാന ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലായതും വിപണിയെ സ്വാധീനിച്ചെന്നും വിദഗ്ധര്‍ പറയുന്നു.

കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കളായ വാരീ എനര്‍ജീസിന്റെ ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. മികച്ച വളര്‍ച്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരിയെ 11 മാസത്തെ ഉയരത്തിലെത്തിച്ചത്. 7.88 ശതമാനം ഉയര്‍ന്ന വാരീ എനര്‍ജീസ് ഓഹരിയൊന്നിന് 3,752 രൂപയിലാണ് ക്ലോസ് ചെയ്തത്. ചിക്കാഗോ കേന്ദ്രമായ സ്വകാര്യ ഇക്വറ്റി സ്ഥാപനമായ ജി.ടി.സി.ആര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ഓഹരികളെ ഉയര്‍ത്തിയത്. ഭാരത് ഹെവി ഇലക്ടിക്കല്‍ ലിമിറ്റഡ്, നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (NHPC), ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഒല ഇലക്ട്രിക്കല്‍സിന്റെ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 21 ശതമാനമാണ് കമ്പനിയുടെ ഓഹരിവില ഇടിഞ്ഞത്. ചൊവ്വാഴ്ച മുതല്‍ ട്രേഡ് ടു ട്രേഡ് (Trade to trade) സെഗ്‌മെന്റിലേക്ക് കമ്പനിയുടെ ഓഹരികളെ മാറ്റിയതോടെയാണ് കൂടുതല്‍ ഇടിവുണ്ടായതെന്നാണ് വിലയിരുത്തല്‍. ഓഹരികള്‍ വാങ്ങിയ ദിവസം തന്നെ വില്‍ക്കാന്‍ കഴിയുന്ന ഇന്‍ട്രാഡേ വ്യാപാരം ഈ സെഗ്‌മെന്റില്‍ അനുവദിക്കില്ല. പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതി കയറിയതോടെ ബി.എല്‍.ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് ഓഹരികളും നഷ്ടം നേരിട്ടു. കെ.പി.ഐ.ടി ടെക്‌നോളജീസ് ലിമിറ്റഡ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി, ടാറ്റ എല്‍ക്‌സി എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ പ്രകടനം

ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രൈമ അഗ്രോയാണ്. മറ്റൊരു കേരള കമ്പനിയായ ടോളിന്‍സ് ടയേഴ്‌സ് ഓഹരികള്‍ 5.37 ശതമാനം ഉയര്‍ന്നു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നീ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.

3.24 ശതമാനം ഓഹരി ഇടിഞ്ഞ സെല്ല സ്‌പേസാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ആദ്യമെത്തിയത്. ആഡ്‌ടെക് സിസ്റ്റംസ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, കെ.എസ്.ഇ ലിമിറ്റഡ്, കേരള ആയുര്‍വേദ, ബി.പി.എല്‍, ദി വെസ്റ്റേണ്‍ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.

Check the Indian stock market closing update. Sensex and Nifty ended higher today amid global cues, sectoral movements, and investor sentiment. Get the latest on market performance and trends.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT